News - 2024
കുഞ്ഞുങ്ങളുടെ നിലവിളിയെ മാനിക്കാതെ അയര്‍ലണ്ട്; ഗർഭഛിദ്രത്തിന് അനുകൂലമായ വിധി
സ്വന്തം ലേഖകന്‍ 27-05-2018 - Sunday
ലണ്ടൻ: സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്നാലെ ജീവന്‍റെ മഹത്വം മാനിക്കാതെ ഗർഭഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി ഐറിഷ് ജനത. ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന ഫലത്തിന്‍റെ ആദ്യഘട്ട ഔദ്യോഗികഫലമനുസരിച്ച് 68 ശതമാനവും ഗർഭഛിദ്രം വിലക്കുന്ന ഭരണാഘടനാ വ്യവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തുവെന്ന് ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ലീയോ വരാഡ്‌കർ പ്രഖ്യാപിച്ചു. ഡബ്ലിൻ നഗരത്തിൽ ഗർഭഛിദ്രത്തിന് അനുകൂലമായി 77% പേരാണ് വോട്ട് ചെയ്തത്.
ഗര്‍ഭഛിദ്രത്തിന് അനുകൂലമായി കൗണ്ടി ക്ലയറില്‍ 63 ശതമാനവും പോര്‍ട്ട് ലീഷില്‍ 61.4% വോട്ടും കില്‍ഡെയര്‍ സൗത്ത് മണ്ഡലത്തില്‍ 70.7 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ലീമെറിക്ക് കൗണ്ടിയില്‍ 42% ആളുകള്‍ ഗര്‍ഭഛിദ്രത്തിന് എതിരെ വോട്ട് ചെയ്തു. ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാവ്യവസ്ഥ റദ്ദാക്കാൻ ജനം വിധിയെഴുതിയതോടെ ഭരണഘടനാഭേദഗതിക്കായുള്ള ഐറിഷ് പാർലമെന്റില്‍ നിയമനിർമ്മാണം നടക്കും. 2015ൽ ഹിതപരിശോധനയെത്തുടർന്ന് അയർലണ്ട് സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു.