News
അയര്‍ലണ്ടില്‍ എല്‍ജിബിടി പരേഡ് നടന്ന തെരുവില്‍ ജപമാല ചൊല്ലിയ വയോധികന് മര്‍ദ്ദനം
പ്രവാചകശബ്ദം 25-09-2021 - Saturday
കുക്ക്സ്ടൌണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എല്‍.ജി.ബി.ടി സമൂഹത്തിന്റെ പ്രൈഡ് പരേഡ് നടന്ന തെരുവില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന വയോധികന് മര്‍ദ്ദനം. വടക്കന്‍ അയര്‍ലന്‍ഡിലെ ടൈറോണ്‍ കൗണ്ടിയിലെ കുക്ക്സ്ടൌണില്‍ നടന്ന പ്രൈഡ് പരേഡില്‍ പങ്കെടുത്ത യുവതിയാണ് നിരവധിപേര്‍ നോക്കിനില്‍ക്കേ പ്രാര്‍ത്ഥിച്ചുക്കൊണ്ടിരിന്ന ജപമാല റാലി സംഘാടകൻ ജെറി മക്ഗീഫ്ന്റെ മുഖത്തിനിട്ടു അടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സ്ത്രീയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
‘ഐറിഷ് സൊസൈറ്റി ഫോര്‍ ക്രിസ്റ്റ്യന്‍ സിവിലൈസേഷന്‍’ സംഘടിപ്പിച്ച ജപമാല റാലിയില്‍ പങ്കെടുത്തുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ രൂപവുമായി ജപമാല ചൊല്ലിക്കൊണ്ടിരുന്ന മക്ഗിയോഫിനെ സമീപിച്ച യുവതി അദ്ദേഹത്തോട് കയര്‍ത്തു സംസാരിക്കുന്നതും, യാതൊരു കാരണവും കൂടാതെ മുഖത്തടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. മുഖത്ത് അടിയേറ്റിട്ടും യാതൊരു പ്രതികരണവും കൂടാതെ മക്ഗീഫ് ജപമാല തുടര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.
പ്രൈഡ് പരേഡില്‍ പങ്കെടുത്തവരുടെ മാനസാന്തരത്തിനു വേണ്ടി സമാധാനപരമായി ജപമാല ചൊല്ലുവാനാണ് തങ്ങള്‍ അവിടെ എത്തിയതെന്ന്‍ മക്ഗീഫ് പറഞ്ഞിരിന്നു. “നിങ്ങള്‍ കണ്ടതാണല്ലോ, പ്രൈഡ് പരേഡില്‍ പങ്കെടുത്തവര്‍ ഞങ്ങളോട് വളരെ ശത്രുതാപരമായാണ് പെരുമാറിയത്. എങ്കിലും ഞങ്ങള്‍ ഞങ്ങളുടെ മാന്യത പാലിച്ചു. ഞങ്ങള്‍ ഞങ്ങളുടെ ജപമാല തുടര്‍ന്നു. വളരെ താഴ്ന്ന ശബ്ദത്തിലായിരുന്നു ഞങ്ങള്‍ ജപമാല ചൊല്ലിയത്. എങ്കിലും വെറുപ്പോടെയും വിദ്വേഷത്തോടെയും ഒരു യുവതി തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ്ഗലൈംഗീകത, അബോര്‍ഷന്‍, ഗര്‍ഭനിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അജണ്ട ആളുകളെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവയെല്ലാം കത്തോലിക്കാ വിരുദ്ധമാണ്. ഭയം കൂടാതെ ഇതിനെതിരെ നിലകൊള്ളേണ്ട സമയമായിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്ത് വിശ്വാസം നിലനിര്‍ത്തുവാന്‍ തടവറയും, അഗ്നിയും, വാളും വരെ അതിജീവിച്ചിട്ടുണ്ട്. ജപമാല ചൊല്ലുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പക്ഷേ മുഖത്ത് അടിയേറ്റെന്നിരിക്കാം, പക്ഷേ അഗ്നിയില്‍ എറിയപ്പെടുന്നതിനേക്കാളും നല്ലത് അതല്ലേയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. അതേസമയം യാതൊരു പ്രകോപനവും കൂടാതെ അറുപത്തിമൂന്നുകാരനായ ജെറി മക്ഗീഫ്ന്റെ മുഖത്തടിച്ച സ്ത്രീക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.