Social Media - 2024
"കുമ്പസാരത്തിനുള്ള പരീക്ഷ"; കൂദാശകൾ അംഗീകരിക്കുന്ന സഭകളിലെ വിശ്വാസികൾ അറിയാന്‍
ഫാ. ബിബിൻ മഠത്തിൽ 25-02-2022 - Friday
തിരുപട്ടം കിട്ടുന്നതിന് മുൻപ് കുമ്പസാരത്തിനുള്ള ഫാക്കൽറ്റി കിട്ടാനായി ഒരു പരീക്ഷ ഉണ്ട്. 'ആഡ് ഓട്സ്' (Ad Auds) എന്നാണു ആ പരീക്ഷ അറിയപ്പെടുന്നത്. മൊറാലിറ്റിയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരിക്കും കൂടുതലും. ഈ പരീക്ഷയിലെ ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു. "താങ്കൾ ഒരു പള്ളിയിലെ വികാരി ആണെന്ന് ഇരിക്കട്ടെ. അവിടുത്തെ കപ്യാർ എല്ലാ ദിവസവും താങ്കൾ സ്ഥിരമായി പണം സൂക്ഷിക്കുന്ന താങ്കളുടെ മേശയിൽ നിന്ന് പണം മോഷിടിക്കാറുണ്ട്. ഈ കാര്യം കപ്യാർ കുമ്പസാരത്തിൽ ഏറ്റു പറഞ്ഞാൽ താങ്കൾ എന്ത് ചെയ്യും?"
മൊറാലിറ്റിയും കാനോൻ നിയമങ്ങളും ഒക്കെ വച്ചാണ് ഈ പ്രശ്നത്തെ നേരിടേണ്ടത്. അതിനാൽ തന്നെ ഇത് ഒരു ചെറിയ പ്രശ്നം അല്ല. കുമ്പസാരക്കാരൻ നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ് ഈ ചോദ്യം. പക്ഷേ എത്ര വലിയ പ്രശ്നങ്ങൾ ആയാലും വെല്ലുവിളി ആയാലും കുമ്പസാരത്തിൽ ഏറ്റു പറയുന്ന കാര്യങ്ങൾക്കു മാപ്പു കൊടുക്കുക എന്നതിലുപരി യാതൊന്നും ചെയ്യാൻ പുരോഹിതന് അവകാശമില്ല. മോഷ്ടിച്ച പണം തിരികെ വയ്പ്പിക്കാനോ കുമ്പസാരത്തിൽ മാത്രം അറിഞ്ഞ ഒരു കാര്യത്തിന് അയാളെ ശിക്ഷിക്കാനോ പുരോഹിതന് സാധിക്കുകയില്ല. എന്തിനേറെ, ആ മേശ അവിടെ നിന്ന് മാറ്റിയിടാനോ കപ്യാർ മോഷ്ടിക്കുന്ന കാര്യം അറിയാവുന്നതുകൊണ്ട് സ്ഥിരമായി പണം അവിടെ സൂക്ഷിക്കുന്ന പതിവ് നിർത്താനോ പുരോഹിതന് സാധിക്കുകയില്ല.
(അയാളുടെ കുമ്പസാരത്തിനു വെളിയിൽ ഇക്കാര്യം തെളിഞ്ഞാൽ അതിന്മേൽ ആക്ഷൻ എടുക്കാം. എന്നാൽ അത് തെളിയിക്കാനായി, (കുമ്പസാരത്തിൽ മാത്രം മനസിലായ ഒരു കാര്യം ആണെങ്കിൽ,) യാതൊന്നും ചെയ്യാൻ പാടില്ല.)
ഇതാണ് കുമ്പസാരത്തിന്റെ സ്വകാര്യത. നൂറ്റാണ്ടുകളായി തിരുസഭ പിന്തുടരുന്ന കുമ്പസാരം എന്ന കൂദാശയുടെ പവിത്രതക്ക് വേണ്ടി ജീവൻ ബലി കഴിച്ച അനേകം വൈദീകരുണ്ട്. St. John Nepomucene, St. Mateo Correa Magallanes, Fr. Felipe Císcar Puig, Fr. Fernando Olmedo Reguera, എന്നിങ്ങനെ ഈ കൂദാശയുടെ സ്വകാര്യത പരസ്യമാക്കാതിരിക്കാൻ വേണ്ടി സ്വജീവൻ ബലി കഴിച്ച വിശുദ്ധരുടെ ഒരു നിര തന്നെ സഭയിൽ ഉണ്ട്. ഈ കുമ്പസാര രഹസ്യം സൂക്ഷിക്കുന്നതിനെ ആണ് ഇന്ന് നീലച്ചിത്ര-കണ്ണുകളും മനസുകളും ഉള്ള ചില വ്യക്തികൾ ആക്ഷേപിക്കുന്നത്.
പൈശാചിക ശക്തികളെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും അധികം വേദനിപ്പിക്കുന്ന/തകർക്കുന്ന ഒന്നാണ് കുമ്പസാരം. വി. ജോൺ മരിയ വിയാനിയുടെയോ പാദ്രെ പിയെയുടെയോ ജീവചരിത്രങ്ങൾ വായിച്ചാൽ നമുക്ക് ഇത് മനസിലാക്കാം. അതുകൊണ്ടു തന്നെ ഒരു സഭയെ തകർക്കാൻ കുമ്പസാരം എന്ന കൂദാശയെ അവഹേളിക്കണം എന്ന് അവർക്കു നന്നായി അറിയാം.
ആയിരക്കണക്കിന് കുമ്പസാരങ്ങൾ കേട്ടിട്ടുള്ള ഒരു വൈദീകൻ എന്ന നിലയിൽ ഈ കൂദാശയുടെ ശക്തിയെക്കുറിച്ചു എനിക്ക് തികഞ്ഞ ബോധ്യം ഉണ്ട്. ഈ കൂദാശ വഴി അനേകരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കുന്നത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉറച്ചു പറയാൻ സാധിക്കും - ദൈവീക കൃപാവരത്തിന്റെ ഏറ്റവും ഹൃദ്യവും വ്യക്തിപരവുമായ അനുഭവം ആണ് ഒരു നല്ല കുമ്പസാരം. അത് സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്ന പൈശാചിക ശക്തികളെ തിരിച്ചറിയുക. നാം ദൈവമക്കൾ എന്ന് വിളിക്കപെടുന്നെങ്കിൽ, നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞു വിശുദ്ധ ജനമായി അവിടുത്തെ സ്വീകരിക്കും എന്ന് തീരുമാനം എടുക്കാനും നമുക്ക് സാധിക്കണം.
ജീവിതത്തിന്റെ ഇത് വരെയുള്ള കാലഘട്ടത്തിൽ അനേക വൈദീകരുടെ അടുത്ത് ഞാൻ കുമ്പസാരിച്ചിട്ടുണ്ട്. സെമിനാരി ജീവിതത്തിൽ കുമ്പസാരക്കാരന്റെ അടുത്ത് പോകുന്നത്, സെമിനാരിയിൽ വേറെ ആരോടും പറയാൻ സാധിക്കാത്ത കാര്യങ്ങൾ പങ്കു വയ്ക്കാം എന്ന ഉത്തമ ബോധ്യത്തോടെ ആയിരുന്നു. അതിനു മുൻപും അതിനു ശേഷവും അങ്ങനെ തന്നെ. കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഏതെങ്കിലും ഒരു പാപത്തിന്റെ പേരിൽ ഇന്ന് വരെ എന്നെ ഒരു വൈദീകനും ബ്ളാക്ക് മെയിൽ ചെയ്തിട്ടില്ല, ഡിസ്ക്രിമിനേറ്റ് ചെയ്തിട്ടില്ല, ഞാൻ പാപിയാണെന്നു വിധിച്ചിട്ടില്ല. ഞാനും എന്റെ വൈദീക ജീവിതത്തിൽ ഇതുവരെ അങ്ങനെ തന്നെ ആണ് പെരുമാറിയിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചു നിങ്ങൾ തന്നെ ചിന്തിച്ചു നോക്കുക. ഒരു വൈദീകനും ഇങ്ങനെ പെരുമാറില്ല എന്ന് നിങ്ങള്ക്ക് ബോധ്യമാകും.
കുമ്പസാരത്തിൽ ഏറ്റു പറഞ്ഞ ഒരു പാപത്തെ പ്രതി ആരെയെങ്കിലും ഏതെങ്കിലും പുരോഹിതൻ ബ്ലാക് മെയിൽ ചെയ്യുക എന്നത് ഒരു പുരോഹിതൻ എന്ന നിലയിൽ എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, മറ്റേതൊരു ജീവിതാന്തസിനെക്കാളും വാൾനറബിൾ ആണ് പൗരോഹിത്യം. ഈ ദിവസങ്ങളിൽ നടന്ന കാര്യങ്ങളിൽ നിന്ന് തന്നെ അത് ബോധ്യപ്പെട്ടതുമാണ്. കുമ്പസാര രഹസ്യം പുറത്തു വിട്ടു എന്ന് ഏതെങ്കിലും വൈദീകന് നേരെ ആരോപണം ഉണ്ടായാൽ അത് അയാളുടെ ജീവിതത്തെ തകർക്കും. അപ്പോൾ ഇത് പോലെ ആരെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ബോധ്യം ഉള്ളവർ ബന്ധപ്പെട്ടവരുടെ അടുക്കൽ ഇക്കാര്യം അറിയിക്കാവുന്നതാണ്.
ഏറ്റുപറച്ചിലിന്റെയും അനുരഞ്ജനത്തിന്റെയും കൃപ ഒരിക്കലും നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകാതിരിക്കട്ടെ. വിശുദ്ധ ജോൺ മരിയ വിയാനി.. ഞങ്ങൾക്കായി പ്രാർത്ഥിക്കണേ.
(NB: വെസ്റ്റേൺ ആസ്‌ട്രേലിയയിൽ ഈയിടെ നടന്ന ഒരു കാര്യം കൂടി ഇതിനോടൊപ്പം പറയാൻ ആഗ്രഹിക്കുകയാണ്. ചൈൽഡ് അബ്യുസ് കേസുകൾ കുമ്പസാരത്തിൽ അറിഞ്ഞാൽ അക്കാര്യം പുരോഹിതൻ അധികാരികളെ അറിയിക്കണം എന്ന ഒരു നിയമം വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാർ കൊണ്ടുവന്നു. എന്നാൽ പാപമോചനം നൽകുക എന്നതിലുപരി ഒന്നും ചെയ്യാൻ ഒരു കുമ്പസാരക്കാരന് അവകാശല്ല എന്നുള്ളതുകൊണ്ടാണ് ഈ നിയമം അനുസരിക്കില്ല എന്ന് പുരോഹിതർ ഒന്നടങ്കം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനു വേണ്ടി വേണമെങ്കിൽ ജയിലിൽ പോകാനും അവർ തയാറാണ്.)
#Repost