India - 2025
കേരള സഭ അനുഗ്രഹങ്ങളാല്‍ സമ്പന്നം: കര്‍ദ്ദിനാള്‍ റെയ്നര്‍ വോള്‍ക്കി
സ്വന്തം ലേഖകന്‍ 21-07-2018 - Saturday
ഭരണങ്ങാനം: വിശുദ്ധരുടെ വെളിച്ചം കേരള സഭയിലുണ്ടെന്നും കേരള സഭ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണെന്നും ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കി. വിശുദ്ധ അല്‍ഫോന്‍സായുടെ കബറിടം സന്ദര്‍ശിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസവും സ്നേഹവും സഹനവുമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ ധന്യമാക്കിയതെന്നും അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ വഴിയില്‍ സഞ്ചരിച്ചവളാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയ കര്‍ദ്ദിനാളിനെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ഇന്നലെ തൃശൂർ അതിരൂപതാ സഹായമെത്രാൻ മാര്‍ ടോണി നീലങ്കാവിൽ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
