Social Media - 2024

കുമ്പസാരത്തിന്റെ തിരുസഭാപാരമ്പര്യവും സഭാപ്രബോധനവും

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 25-01-2023 - Wednesday

കുമ്പസാരത്തിന്റെ വിശുദ്ധഗ്രന്ഥാടിസ്ഥാനത്തെക്കുറിച്ചും തിരുസഭാപാരമ്പര്യങ്ങളെക്കുറിച്ചും സഭാ പ്രബോധനങ്ങളെക്കുറിച്ചും പ്രതിപാദിക്കുക കാലികപ്രസക്തമാണെ് കരുതുന്നു. ''സമയം പൂര്‍ത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍'' (മര്‍ക്കോ 1:15) എന്ന ആഹ്വാനത്തോടെയാണ് ഈശോ പരസ്യജീവിതം ആരംഭിച്ചത്. ദൈവജനത്തിന് രോഗസൗഖ്യത്തോടൊപ്പം ഈശോ പാപമോചനവും നല്കിയിരുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ദൈവജനത്തിന്റെ പാപങ്ങള്‍ മോചിക്കാനുള്ള അധികാരം തന്റെ ശിഷ്യന്മാരെയാണ് കര്‍ത്താവ് ഭരമേല്പിച്ചത്. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ മോചിച്ചാല്‍ അവ മോചിക്കപ്പെട്ടിരിക്കും (മത്താ 18:18) എന്ന് ഈശോനാഥന്‍ ശിഷ്യന്മാര്‍ക്ക് ഉറപ്പുനല്കുന്നു.

ശ്ലൈഹികമായി തിരുസഭയ്ക്കു കൈമാറികിട്ടിയ ഈ ആത്മീയാധികാരമാണ് കുമ്പസാരം എന്ന കൂദാശയ്ക്കടിസ്ഥാനം. ശ്ലീഹന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരിലൂടെയും അവരുടെ സഹശുശ്രൂഷകരായ വൈദികരിലൂടെയുമാണ് സഭയില്‍ ഈ അധികാരം എക്കാലവും നിലനിന്നുപോരുന്നത് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1461). ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധകുര്‍ബാനയോടും മാമ്മോദീസായോടും ചേര്‍ന്നുള്ള അനുരഞ്ജനവും പാപമോചനവുമാണ് തിരുസഭയില്‍ ഉണ്ടായിരുന്നത്.

പരസ്യമായി പാപങ്ങള്‍ ഏറ്റുപറയുന്നതിലെ നടപടിക്രമങ്ങളെക്കുറിച്ച് ആദ്യനൂറ്റാണ്ടില്‍ എഴുതപ്പെട്ട ഡിഡാക്കേയില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. ഏകദേശം അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് പരസ്യകുമ്പസാരം സഭയില്‍ സാധാരണമായിത്തീര്‍ന്നത്. ഏഴാം നൂറ്റാണ്ടുമുതലാണ് സഭയുടെ പ്രതിനിധികളായ മെത്രാന്മാരോടോ വൈദികരോടോ പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന കുമ്പസാരരീതി നിലവില്‍വന്നത്. തുടര്‍ന്നുവന്ന ഫ്‌ളോറന്‍സ് സൂനഹദോസും (1439) ത്രെന്തോസ് സൂനഹദോസും (1545-1563) രണ്ടാം വത്തിക്കാന്‍ സൂനഹദോസും (1962-1965) വൈദികന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ സ്ഥിരീകരിക്കുകയുണ്ടായി.

ക്രിസ്തീയവിശ്വാസികള്‍ തങ്ങള്‍ക്ക് ഓര്‍ക്കുവാന്‍ കഴിയുന്ന സകല പാപങ്ങളും ഏറ്റുപറയാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ അവയെല്ലാം മാപ്പിനുവേണ്ടി ദൈവകരുണയ്ക്കുമുമ്പില്‍ സമര്‍പ്പിക്കുകയാണെന്നു ത്രെന്തോസ് സൂനഹദോസ് പഠിപ്പിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ വഹിച്ച കുഞ്ഞാടായ ഈശോയുടെ പ്രതിരൂപങ്ങളായി വര്‍ത്തിച്ചുകൊണ്ടുവേണം വൈദികന്‍ പാപമോചനം നല്‌കേണ്ടത്. പാപികള്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനും പ്രായശ്ചിത്തം ചെയ്യുവാനും അദ്ദേഹം സന്നദ്ധനാകണം. എല്ലാവരുടെയും പാപങ്ങള്‍ ചുമലിലേറ്റുകയും താന്‍ ചെയ്യാത്ത പാപങ്ങള്‍ക്ക് പരിഹാരമായി പെസഹാത്തിരുനാളില്‍ ബലിവസ്തുവാകുകയും ചെയ്യുന്ന കുഞ്ഞാടിന്റെ പ്രതിരൂപമാണ് കുമ്പസാരിപ്പിക്കുന്ന വൈദികന്‍.

കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയല്ല, പ്രത്യുത പാപങ്ങള്‍ മോചിക്കാനുള്ള ഈശോയുടെ അധികാരവും അളവറ്റ കാരുണ്യവുമാണ് ഈ കൂദാശയുടെ ഫലദായകത്വത്തിന് അടിസ്ഥാനം. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ പശ്ചാത്താപവും പാപമോചനത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അവബോധവും വിശ്വാസിയില്‍ കുമ്പസാരമെന്ന കൂദാശ ദൈവസ്‌നേഹത്തിന്റെ നീര്‍ച്ചാലൊഴുക്കുന്നു. 'അനുതപിക്കുന്ന പാപികളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവിന്റെ കൃപയാല്‍ നീ പാപങ്ങളില്‍നിന്നു മോചിക്കപ്പെട്ടിരിക്കുന്നു' എന്ന ആശീര്‍വാദപ്രാര്‍ത്ഥനതന്നെ, വൈദികനല്ല, കര്‍ത്താവാണ് യഥാര്‍ത്ഥത്തില്‍ പാപം മോചിക്കുന്നത് എന്നു വ്യക്തമാക്കുന്നു.

മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യസഭാപ്രബോധകനായ അഫ്രാത്ത് വ്യക്തിഗത കുമ്പസാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി 'പ്രായശ്ചിത്തത്തെക്കുറിച്ച്'(On penance) എന്ന തന്റെ പ്രബോധനത്തില്‍ സൂചിപ്പിക്കുുണ്ട്. കുമ്പസാരരഹസ്യം വൈദികന്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സ്പഷ്ടമായി പ്രതിപാദിക്കുന്നു. കുമ്പസാരത്തിലൂടെ അറിയുന്ന കാര്യങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കാനുള്ള കടമ കുമ്പസാരിപ്പിക്കുന്ന വൈദികനുണ്ടെ വസ്തുത സഭാനിയമം ചൂണ്ടിക്കാണിക്കുന്നു (പൗരസ്ത്യസഭയുടെ കാനന്‍നിയമം, 733). തന്മൂലം കുമ്പസാരത്തില്‍ നിന്നു ലഭിച്ച അറിവ് യാതൊരു കാരണവശാലും ബാഹ്യമായ ഭരണാവശ്യങ്ങള്‍ക്കോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

തന്റെയടുക്കല്‍ കുമ്പസാരിച്ചപ്പോള്‍ ഒരു വ്യക്തി ഏറ്റുപറഞ്ഞ പാപങ്ങള്‍ സംസാരം വഴിയോ മറ്റ് ഏതെങ്കിലും വിധത്തിലോ മറ്റുള്ളവരോട് കുമ്പസാരക്കാരന്‍ വെളിപ്പെടുത്തുന്നത് കുമ്പസാരിക്കുന്നയാളെ വഞ്ചിക്കുന്നതിന് തുല്യമായ പ്രവൃത്തിയായിരിക്കും. തന്മൂലം, ഇതു ഗൗരവമേറിയ കുറ്റമാണ്. കുമ്പസാര രഹസ്യം നേരിട്ടു പുറത്താക്കുന്ന (directly violate) കുമ്പസാരക്കാരനെ വലിയ മഹറോന്‍ ശിക്ഷയില്‍ (Major Excommunication) പെടുത്തേണ്ടതാണെന്നു സഭാ നിയമം അനുശാസിക്കുന്നു (CCEO.c.1456/1). മഹറോന്‍ ശിക്ഷ ഒരാളെ സഭയില്‍ നിന്നു പുറത്താക്കുന്ന നടപടിയാണ്.

സ്വജീവന്‍ ബലികഴിച്ചുപോലും കുമ്പസാരരഹസ്യം കാത്തുസൂക്ഷിച്ച നിരവധി വൈദികര്‍ തിരുസഭയില്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. ആയതിനാല്‍, ദൈവജനത്തിന് ആന്തരികവും ബാഹ്യവുമായ സൗഖ്യവും നീതിയും പ്രദാനം ചെയ്യുന്ന ദൈവകരുണയുടെ കൂടാരമായ കുമ്പസാരക്കൂടിനെയും കുമ്പസാരരഹസ്യത്തെയും പവിത്രവും പാവനവുമായി കാത്തുസൂക്ഷിക്കുവാന്‍ ഓരോ വൈദികനും കടമയുണ്ട്. കുമ്പസാരം കേള്‍ക്കുന്നതിനു പ്രത്യേകിച്ച് സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നതിന് കര്‍ക്കശമായ നിയമങ്ങളാണ് സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

*ദേവാലയത്തില്‍വച്ച് കുമ്പസാരിപ്പിക്കണമെന്നും കുമ്പസാരക്കൂട് ഉപയോഗിച്ചിരിക്കണമെന്നുമാണ് സഭയുടെ നിലപാട്.

*കുമ്പസാരിക്കുന്ന വ്യക്തിയെ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കാന്‍ പാടില്ല എന്ന നിര്‍ദേശം സഭ നല്‍കിയിട്ടുണ്ട്.

*കുമ്പസാരിക്കുന്ന ആളിന്റെ വ്യക്തിത്വം കുമ്പസാരിപ്പിക്കുന്ന വൈദികന്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്നും കുമ്പസാരരഹസ്യം ലംഘിക്കുന്ന വൈദികന് കടുത്തശിക്ഷ നല്കണമെും സഭാനിയമം അനുശാസിക്കുന്നു.

* കുമ്പസാരക്കൂട് കര്‍ത്താവിന്റെ കാരുണ്യം കണ്ടുമുട്ടാന്‍ സാധിക്കുന്ന ഇടമായിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ കുമ്പസാരമെന്ന കൂദാശ പരികര്‍മം ചെയ്യുമ്പോള്‍ വൈദികര്‍ കരുണയുടെ വക്താക്കളും പ്രവാചകരുമായിരിക്കണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു (സുവിശേഷത്തിന്റെ ആനന്ദം, 44). നല്ല ഇടയന്റെ ദൗത്യം നിര്‍വഹിക്കുന്ന കുമ്പസാരക്കാരന്‍ പാപങ്ങളിന്മേല്‍ വ്യക്തിപരമായി വിധിതീര്‍പ്പുകല്പിക്കുകയല്ല, മറിച്ച്, മിശിഹായുടെ അനന്തമായ ക്ഷമയുടെ ശുശ്രൂഷകനാവുകയാണ് ചെയ്യുന്നത് (മതബോധനഗ്രന്ഥം, 1466).

പാപത്തിന്റെ പിടിയില്‍ നിന്നു മനുഷ്യവര്‍ഗത്തെ മുഴുവന്‍ രക്ഷിച്ച ഈശോയുടെ രക്ഷാകരകര്‍മ്മത്തിന്റെ കുളിര്‍മ്മയാണ് അനുരഞ്ജന കൂദാശയിലൂടെ ലഭിക്കുന്നത്. അനുതാപാര്‍ദ്രമായ ഹൃദയത്തോടെ പാപി പാപം ഏറ്റുപറയുമ്പോള്‍ ദൈവവും അവനും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാകുകയും അവന്റെ ഹൃദയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുമ്പസാരത്തെ കൂദാശ അഥവാ വിശുദ്ധീകരിക്കുന്ന കര്‍മ്മം എന്നു വിളിക്കുന്നത്. ധൂര്‍ത്തപുത്രനെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സ്‌നേഹപിതാവിന്റെ കരുണതെന്നയാണ് അനുതാപത്തോടെ അനുരഞ്ജനകൂദാശയ്ക്കണയുന്ന ഓരോ പാപിയും അനുഭവിക്കുന്നത്.

പാപമോചനകൂദാശയിലൂടെ ഹൃദയത്തിനും ആത്മാവിനും മനസ്സിനും ലഭിക്കുന്ന കൃപയുടെ കുളിര്‍മ പാപരഹിതമായ ഒരു വിശുദ്ധജീവിതം നയിക്കാന്‍ മനുഷ്യന് പ്രേരണയും ഉത്തേജനവും നല്കും. ദൈവത്തിന്റെ നിതാന്തമായ സ്‌നേഹം നുകര്‍ന്ന്, കുറ്റബോധത്തില്‍നിന്നു വിമുക്തരായി ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ആന്തരികസമാധാനം അനുഭവിച്ച് മിശിഹായില്‍ പുതുജീവന്‍ നയിക്കുവാന്‍ അനുരഞ്ജനകൂദാശ നമ്മെ ശക്തരാക്കട്ടെ!

#Repost


Related Articles »