India - 2025

വൈദികരുടെ മാതാപിതാക്കളും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍: ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍

പ്രവാചകശബ്ദം 10-09-2025 - Wednesday

താമരശ്ശേരി: വൈദികരുടെ മാതാപിതാക്കള്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അവരുടെ വിശ്വാസമാണ് സമര്‍പ്പിത ജീവിതത്തിന്റെ അടിത്തറയെന്നും ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപത റൂബി ജൂബിലിയോട് അനുബന്ധിച്ച് താമരശ്ശേരി രൂപതയ്ക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കളുടെ വിശ്വാസ ജീവിതമാണ് വൈദികരുടെ സമര്‍പ്പിത ജീവിതത്തിന് കരുത്തേകുന്നത്. പുരോഹിതരാകാന്‍ പ്രാര്‍ത്ഥിച്ചതിനെക്കാള്‍ തീക്ഷണതയോടെയാണ് പൗരോഹിത്യത്തില്‍ ശക്തിപ്പെട്ട് മുന്നോട്ടുപോകാനായി വൈദികര്‍ പ്രാര്‍ത്ഥിക്കുന്നത്. പുരോഹിതന്‍ ദൈവിക രഹസ്യങ്ങള്‍ വീണ്ടും ധ്യാനിക്കുന്നത് മാതാപിതാക്കളുടെ ജീവിതം ചേര്‍ത്തുവച്ചുകൊണ്ടാണ്. താമരശ്ശേരി രൂപതയുടെ വൈദിക കൂട്ടായ്മയില്‍ അഭിമാനമുണ്ട്. മലയോര ജനതയുടെ ആരംഭകാലത്തെ വളര്‍ച്ചയില്‍ ജനത്തെ മുഴുവന്‍ ചേര്‍ത്ത് പിടിച്ച് നാടിനെ പടുത്തുയര്‍ത്തിയതില്‍ വൈദികര്‍ക്ക് വലിയ പങ്കാണുള്ളതെന്നു ബിഷപ്പ് പറഞ്ഞു.

താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയോടെ സംഗമം ആരംഭിച്ചു. ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടികള്‍ക്ക് ബിഷപ്‌സ് ഹൗസ് ആതിഥേയത്വം വഹിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം സെമിനാരിയുടെ ഓര്‍മകള്‍ പുതുക്കി വൈദികരും മാതാപിതാക്കളും മൈനര്‍ സെമിനാരി സന്ദര്‍ശിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര, ടോം തോമസ് ഐക്കുളമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. സുബിന്‍ കവളക്കാട്ട്, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ലിന്‍സ് മുണ്ടക്കല്‍, ഫാ. കുര്യന്‍ താന്നിക്കല്‍ തുടങ്ങിവര്‍ നേതൃത്വം നല്‍കി.


Related Articles »