News

എൺപത്തിയേഴാം വയസ്സിലും കരുണയുടെ ദീപമായി സിസ്റ്റര്‍ ഡാനിയേല

സ്വന്തം ലേഖകന്‍ 01-10-2018 - Monday

വിജയവാഡ: ആന്ധ്രയിലെ പ്രത്യാശയറ്റ ജനത്തിന് സുവിശേഷത്തിന്റെ തണലില്‍ പുതുജീവിതമൊരുക്കുന്ന സിസ്റ്റര്‍ ഡാനിയേല കുഴിയാഡയിൽ സമര്‍പ്പിത ജീവിതം ആരംഭിച്ചിട്ട് അന്‍പതു വര്‍ഷം. മിഷ്ണറീസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സഭാംഗവും മലയാളിയുമായ സിസ്റ്റര്‍ ഡാനിയേല, കുഷ്ഠരോഗികളുടെയും പ്രതീക്ഷയറ്റ ഇതരരോഗികളുടെയും സേവനത്തിനായി സ്വജീവിതം മാറ്റി വയ്ക്കുകയായിരുന്നു. എൺപത്തിയേഴാം വയസ്സിലും പ്രായത്തെ വകവെക്കാതെ കരുണയുടെ ദീപമായി തുടരുകയാണ് സിസ്റ്റര്‍ ഡാനിയേല.

കുഷ്ഠരോഗം, എച്ച്.ഐ.വി, ക്ഷയരോഗം തുടങ്ങിയവ അനുഭവിക്കുന്നവരെ ശുശ്രൂഷിക്കുന്ന സന്യാസസഭയുടെ പ്രവർത്തനങ്ങൾ 1962-ൽ ആണ് തുടക്കം കുറിച്ചത്. വിജയവാഡ ബിഷപ്പായിരുന്ന മോൺ. അംബ്രോജിയോ ദെ ബാറ്റിസ്റ്റയുടെ നിർദ്ദേശമനുസരിച്ചാണ് വേഗവാരത്ത് പാവപ്പെട്ടവരുടെ പരിചരണത്തിന് ആദ്യത്തെ കുഷ്ഠരോഗാശുപത്രി ആരംഭിക്കുന്നത്. തുടർന്ന് നിരവധി സ്ഥാപനങ്ങളാണ് രോഗികളുടെ ആധിക്യം മൂലം ആന്ധ്രയുടെ വിവിധ മേഖലകളിൽ ആരംഭിച്ചത്. ഇവിടെയെല്ലാം ശുശ്രൂഷയുടെ സ്നേഹസ്പര്‍ശവുമായി സിസ്റ്റര്‍ ഡാനിയേല ഉണ്ടായിരിന്നു.

തിരുവനന്തപുരത്തു ജനിച്ച സി.ഡാനിയേല 1963 ൽ ആണ് സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത് മിഷ്ണറി സഭാംഗമാകുന്നത്. ഇറ്റലിയിൽ ഉപരിപഠനം പൂർത്തിയാക്കിയ സിസ്റ്റര്‍, വേഗവാരം ഡാമിയൻ കുഷ്ഠരോഗ കേന്ദ്രത്തിൽ സേവനം ആരംഭിക്കുകയായിരുന്നു. തുടർന്ന് ഫ്രാസ്കോഗണ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിലും പ്രവർത്തിച്ച സി.ഡാനിയേല പ്രായത്തിന്റെ അവശതകള്‍ക്കിടയില്‍ വിശ്രമജീവിതം തിരഞ്ഞെടുത്തില്ല.

അവരുടെ സേവനം എൺപത്തിയേഴാം വയസ്സിലും തുടർന്നു പോകുകയാണ്. പ്രായത്തിന്റെ പരിമിതികൾക്കിടയിലും ദൈവസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ സി.ഡാനിയേല തന്റെ ശുശ്രൂഷകള്‍ വഴി ലഭിച്ച ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞ് പുഞ്ചിരിയോടെ ശുശ്രൂഷ തുടരുകയാണ്. ഒക്ടോബർ 12 ന് നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ സി.ഡാനിയേല രോഗശയ്യയിൽ കഴിയുന്ന ഇരുനൂറോളം രോഗികളോടൊപ്പമാണ് പങ്കെടുക്കുക.


Related Articles »