Saturday Mirror
വേശ്യാവൃത്തിയിൽ നിന്ന് സന്യാസ ജീവിതത്തിലേക്ക്; ഒടുവിൽ വിശുദ്ധ പദവിയിൽ
സ്വന്തം ലേഖകന്‍ 13-10-2018 - Saturday
പാശ്ചാത്യ ലോകത്തു വളരെ പ്രാധാന്യം നൽകുന്ന വിശുദ്ധയാണ്, നാലാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അഗസ്തീനോസിന്റെ സമകാലികയായിരുന്ന വിശുദ്ധ തേയിസ്. വേശ്യാവൃത്തി നടത്തി സമ്പത്തിന്റെ മടിതട്ടിലാണ് തേയിസ് കഴിഞ്ഞിരുന്നത്. പാപത്തിൽ കേന്ദ്രീകരിച്ചു ജീവിതം മുന്നോട്ട് നീക്കിയ അവൾ താൻ ചെയ്യുന്ന മഹാപാതകത്തിൽ നിന്ന് പിന്മാറാൻ തയാറായിരിന്നില്ല. എന്നാൽ മാനുഷികമായ ചിന്തിച്ചാൽ വളരെ ലളിതമെന്ന് തോന്നിക്കാവുന്ന ഒരു പ്രവർത്തി അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവളുടെ ചുറ്റും ജീവിച്ചിരുന്ന ക്രെെസ്തവർ തങ്ങളുടെ സമ്പത്തു മുഴുവൻ പാവങ്ങൾക്കു പങ്കുവയ്ക്കുന്ന ഒറ്റ പ്രവർത്തിയാണ് അവളുടെ ഹൃദയത്തെ മാനസാന്തരത്തിലേക്കു നയിച്ചത്.
കരുണയുടെയും ലാളിത്യത്തിന്റെയും ഉദാത്ത മാതൃക അവളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിച്ചു. പിന്നീട് ക്രിസ്തുവിനെ പറ്റി കൂടുതൽ ആഴത്തിൽ പഠിക്കാൻ അവള്‍ ആരംഭിക്കുകയായിരിന്നു. ഇത് അവളുടെ ജീവിതം മാറ്റി മറിച്ചു. വേശ്യാവൃത്തി എന്ന പെെശാചികതയെ അവള്‍ പൂര്‍ണ്ണമായും വെറുത്തു. പാപത്തിന്റെ ഗൌരവം അവള്‍ മനസ്സിലാക്കി. ഇതിനിടെ തേയിസിനെ തെറ്റ് പറഞ്ഞു തിരുത്തുവാന്‍ ഒരു സന്യാസി അവളുടെ അടുത്ത് എത്തിയതായി ചരിത്ര രേഖകൾ പറയുന്നു. അവളെ സന്ദര്‍ശിച്ച സന്യാസിയുടെ പേര് രേഖകളില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ഈജിപ്ഷ്യന്‍ ബിഷപ്പായിരിന്ന വിശുദ്ധ പാഫ്നൂട്യിസ്, വിശുദ്ധ ബെസ്സാറിയോണ്‍, വിശുദ്ധ സേറാപ്പിയോണ്‍ എന്നീ മൂന്നു പേരുകള്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്തായാലും സന്യാസി, തേയിസയെ അവളുടെ തെറ്റ് പറഞ്ഞു മനസ്സിലാക്കാനും, ക്രെെസ്തവ വിശ്വാസത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരാനും അടുത്തെത്തിയപ്പോള്‍ അവളുടെ പരിവര്‍ത്തനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. എന്താണ് ഈ മാറ്റത്തിന്റെ കാരണം? ഈ ചോദ്യം ഏറെ ആകാംക്ഷയോടെയാണ് സന്യാസി അവളോടു ചോദിച്ചത്. 'യേശുവാണ് ലോക രക്ഷകൻ' എന്ന വിശ്വാസമാണ് തന്നെ മാറ്റി മറിച്ചതെന്ന് തേയ്സ ഉത്തരം നൽകി. പിന്നീട് ആ സന്ന്യാസി അവൾക്ക് ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. തന്റെ പഴയകാലത്തെ പാപപങ്കിലമായ ജീവിതമോർത്ത് വിലപിച്ച അവൾ, തന്റെ വില കൂടിയ വസ്ത്രങ്ങൾ അഗ്നിക്കിരയാക്കി. അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ജീവിതം കൊണ്ട് അവള്‍ മുന്നോട്ടുള്ള ജീവിതം ധന്യമാക്കി.
മൂന്നു വർഷക്കാലം സന്യാസിയുടെ നിർദ്ദേശ പ്രകാരം അവൾ മരുഭൂമി ജീവിതം നയിച്ചു. ത്യാഗത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്റെയും നാളുകളായിരിന്നു അത്. മരുഭൂമിയിലെ വാസത്തിന് ശേഷം അടുത്തുള്ള ഒരു സന്ന്യാസ ആശ്രമത്തിൽ ചേർന്ന തേയിസ്, പതിനഞ്ചു ദിവസത്തിനു ശേഷം മരണമടഞ്ഞു. തേയിസിന്റെ ശരീരം മരിച്ചെങ്കിലും അവളുടെ പരിവര്‍ത്തനം അനേകായിരങ്ങളെ സ്പര്‍ശിച്ചു. വേശ്യ ആയിരുന്ന ഒരാള്‍, പെട്ടെന്ന് ക്രിസ്തീയതയില്‍ ആകൃഷ്ടയാകുക, പാപ പരിഹാരത്തിനായി ത്യാഗങ്ങള്‍ ഏറ്റെടുക്കുക, സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുക ഇതൊക്കെ അനേകം ജീവിതങ്ങളെ മാനസാന്തരത്തിലേക്ക് നയിച്ചു.
അതെ, അന്ധകാരത്തിലാണ്ട ലോകത്തിന് പ്രതീക്ഷയുടെ തീനാളമാണ് വിശുദ്ധ തേയിസിന്റെ ജീവിതം. കത്തോലിക്ക സഭയിലും ഗ്രീക്കു ഓര്‍ത്തഡോക്സ് സഭയിലും ആദരിക്കപ്പെടുന്ന വിശുദ്ധ തേയിസിന്റെ തിരുനാള്‍ ഒക്ടോബര്‍ 8നാണ് സഭ കൊണ്ടാടുന്നത്.