India - 2024
കുമ്പസാരത്തിനെതിരെ സര്‍ക്കാര്‍ പ്രസിദ്ധീകരണം: പ്രതിഷേധം വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍ 28-10-2018 - Sunday
കൊച്ചി: പാവന കൂദാശയായ കുമ്പസാരത്തെ തരംതാഴ്ത്തുന്ന പരമാര്‍ശങ്ങളുമായുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന വിജ്ഞാനകൈരളി മാസികയുടെ രണ്ടു ലക്കങ്ങളിലാണു കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇനി മുതല്‍ ഒരു സ്ത്രീയും കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടിയായാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുതെന്നും മരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു പാട്ടു പാടിയാല്‍ മാത്രം പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. 'ലജ്ജിക്കണം' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.
സംസ്ഥാനത്തെ 1200 ഓളം സ്കൂളുകളില്‍ ഒരു ലക്ഷത്തോളം എന്‍എസ്എസ് വോളന്റിയര്‍മാര്‍ വഴി വിജ്ഞാന കൈരളി വിദ്യാര്‍ത്ഥികളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വിജ്ഞാനകൈരളി മാസിക അടിയന്തരമായി പിന്‍വലിച്ച് അധികൃതര്‍ മാപ്പു പറയണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. രണ്ടു സഹസ്രാബ്ദമായി ആഗോള ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയുടെ വിശുദ്ധിയും മഹത്വവും കണക്കിലെടുക്കാതെ ക്രൈസ്തവസഭയെയും വിശുദ്ധ കൂദാശകളെയും അപഹസിക്കുന്ന ലേഖനം കൗമാരപ്രായക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതു സര്‍ക്കാരിന്റെ നയമാണോ എന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പൗരോഹിത്യവും സ്ത്രീസ്വാതന്ത്ര്യവും എന്ന തലക്കെട്ടിലുള്ള ഒക്ടോബര്‍ ലക്കത്തിലെ മുഖപ്രസംഗത്തിലും വിശ്വാസത്തിനും സമര്‍പ്പിതജീവിതത്തിനും ഇതര വിശ്വാസപാരമ്പര്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എതിരെയും വിജ്ഞാനകൈരളി മാസികയില്‍ പ്രസ്താവനയുണ്ട്.