News

സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല്‍ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍

പ്രവാചകശബ്ദം 07-08-2025 - Thursday

റോം: ആഫ്രിക്കയ്ക്കു വിവിധ സർക്കാരുകളിൽ നിന്നും ദാതാക്കളിൽ നിന്നുമുള്ള ധനസഹായം വെട്ടികുറച്ചപ്പോഴും ഭൂഖണ്ഡത്തെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകൾ. സാമൂഹിക നീതിയിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് റോമിൽ അടുത്തിടെ നടന്ന പരിപാടിയിൽ ആഫ്രിക്കയോടുള്ള തങ്ങളുടെ കരുതല്‍ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ പ്രകടമാക്കി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസ് (CRS) സംഘടനയും ജർമ്മൻ കത്തോലിക്ക സഭയുടെ വികസന ഏജൻസിയായ മിസെറിയറും ലോകത്തെ ഏറ്റവും നിര്‍ധനരുള്ള ഭൂഖണ്ഡമായ ആഫ്രിക്കയോടുള്ള കരുതല്‍ പ്രകടിപ്പിച്ചു.

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും ആഫ്രിക്കയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ മുൻ‌ഗണനയായി തുടരുന്നുവെന്ന് ഇരു ഗ്രൂപ്പുകളും വ്യക്തമാക്കി. 2023 മുതൽ സഭ നടത്തുന്ന പദ്ധതികൾക്ക് ജർമ്മനിയിൽ നിന്നുള്ള സർക്കാർ പിന്തുണ കുറഞ്ഞുവെന്ന് മിസെറിയറിന്റെ ഡയറക്ടർ ഫാ. ആൻഡ്രിയാസ് ഫ്രിക് വെളിപ്പെടുത്തി. സമീപ വർഷങ്ങളിൽ ജർമ്മനിയിലെ ഇടവകകളിൽ നിന്നുള്ള സംഭാവനകൾ കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആഫ്രിക്കയിലെ ദേവാലയങ്ങളുമായും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ സംഘടന ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ട്. അമേരിക്കയും സമീപകാലത്ത് സഹായം വെട്ടിക്കുറച്ചിരിന്നു.

കാത്തലിക് റിലീഫ് സര്‍വീസ് സംഘടനയുടെ പ്രസിഡന്റ് ഷോൺ കല്ലഹാനും ഫണ്ടിംഗ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സമ്മതിച്ചു. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഫ്രിക്കയിലെ സമൂഹങ്ങളെ സഹായിക്കുന്നത് സിആർഎസ് നിർത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഘടനയുടെ പ്രവർത്തനം കത്തോലിക്ക സാമൂഹിക പ്രബോധനത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാൻ, ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പൽ കോൺഫറൻസുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസ് സംഘടന വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »