News - 2024

ജലന്ധർ വിഷയത്തിൽ ഉയര്‍ന്ന ചോദ്യങ്ങളും ഉത്തരങ്ങളും; വൈദികന്റെ പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

കൊച്ചി: ജലന്ധർ വിഷയത്തിൽ വിശ്വാസ സമൂഹത്തിനിടയില്‍ ഉയര്‍ന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമായി വൈദികന്‍ നല്‍കിയ പോസ്റ്റ് വൈറലാകുന്നു. ഫാ. ബിബിന്‍ മഠത്തില്‍ എന്ന വൈദികന്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനമാണ് നവമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. “ജലന്ധർ വിഷയത്തിൽ എന്താണു അഭിപ്രായം?”, “സി. അനുപമയെ പള്ളിയിൽ നിന്നു ഇറക്കിവിട്ടത് ശരിയായോ?”, “കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ?”, “ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് സന്യാസിനിമാർ നടത്തിയ സമരത്തെ അംഗീകരിക്കുന്നുണ്ടോ?” തുടങ്ങീ പതിനാറോളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമാണ് പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്നത്. വൈദികന്റെ ടൈംലൈനില്‍ നിന്നും വിവിധ പേജുകളില്‍ നിന്നുമായി നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫാ. ബിബിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

“ജലന്ധർ വിഷയത്തിൽ എന്താണു അഭിപ്രായം?” “സി. അനുപമയെ പള്ളിയിൽ നിന്നു ഇറക്കിവിട്ടത് ശരിയായോ?” “കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ?” ഇങ്ങനെ പലവിധ ചോദ്യങ്ങളാണു ഇൻബോക്സിൽ വരുന്നത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെക്കുറിച്ച് കോടതിവിധിയെ സ്വാധീനിക്കുന്ന രീതിയിൽ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന അഭിപ്രായം ഉള്ളതുകൊണ്ട് പലതിനും മറുപടി കൊടുക്കാറില്ല. എന്നാൽ വ്യക്തിപരമായി അടുപ്പമുള്ള പലരും തെറ്റിദ്ദരിക്കപ്പെട്ട് പലതും ഷെയർ ചെയ്യുന്നതു കാണുമ്പോൾ ചില ചോദ്യങ്ങൾക്ക് മറുപടി എഴുതാം എന്നു കരുതുന്നു.

(യുക്തിഭദ്രമായി പ്രശ്നത്തെ നേരിടാൻ മടിയുള്ളവർ താഴോട്ടുള്ള ഭാഗം വായിക്കണമെന്നില്ല.)

---------

***ചോദ്യം: കുര്യാക്കോസച്ചന്റെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാൻ സി. അനുപമയെ അനുവദിക്കാതിരുന്നത് ശരിയാണോ?

ഉത്തരം: കുര്യാക്കോസച്ചന്റെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് സിസ്റ്ററിനെ ആരും വിലക്കിയില്ല. കുര്യാക്കോസച്ചനു അന്തിമോപചാരം അർപ്പിച്ചശേഷം വൈദികരും സന്യാസിനിമാരും പള്ളിമേടയിലേക്ക് പോയി. അക്കൂട്ടത്തിൽ സിസ്റ്ററും കൂട്ടരും ഉണ്ടായിരുന്നു. പള്ളിമേടയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ ഒരുങ്ങിയപ്പോഴാണ് അതു ഇവിടെ വച്ചു പറ്റില്ല എന്നും നിങ്ങൾക്ക് വേണമെങ്കിൽ പുറത്തുപോയി സംസാരിക്കാം എന്നും പറഞ്ഞത്. പറഞ്ഞതിന്റെ ട്യൂൺ ഇത്തിരി കടുത്തതാണ്. പക്ഷെ പറഞ്ഞകാര്യം അംഗീകരിക്കാവുന്നതാണ്. അതായത് സംസ്കാരശുശ്രൂഷയിൽ നിന്ന് ഇറക്കിവിട്ടതല്ല, മറിച്ച് പള്ളിമേടയിലൊ പള്ളിപ്പറമ്പിലോ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നു വിലക്കിയതാണ്. എന്നാൽ പള്ളിപ്പരിസരത്തിനു പുറത്ത് മാദ്യമങ്ങളെ കാണുന്നതിൽ നിന്നു ആരും തടഞ്ഞുമില്ല.

-------------

***ചോദ്യം: കുര്യാക്കോസച്ചന്റെ മരണം സംശയിക്കപ്പെടേണ്ടതല്ലേ?

ഉത്തരം: ഒരു സുപ്രധാന കേസിലെ ഒരു സാക്ഷി ആയിരുന്ന കുര്യാക്കോസച്ചന്റെ മരണത്തിൽ സംശയം തോന്നുക സ്വാഭാവികമാണ്. പക്ഷെ അതു സംശയം മാത്രമായിരിക്കണം. ആ സംശയം നിരൂപിക്കാനാണ് പോലിസും അന്വേഷണവും പോസ്റ്റുമോർട്ടവുമൊക്കെ ഉള്ളത്. എന്നാൽ സംശയത്തിനു പകരം ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന ലൈനിൽ സാക്ഷി മരിച്ചെങ്കിൽ അതു കൊലപാതകമാണെന്നും അതു ചെയ്തത് പ്രതി തന്നെ ആണെന്നും പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇനി സംശയിക്കപ്പെടേണ്ടതാണെങ്കിൽ പ്രതി മാത്രമല്ല, വാദിയും സംശയിക്കപ്പെടാം. കാരണം, ഈ കേസ് ഉണ്ടായ കാലം മുതൽ മാധ്യമങ്ങളിൽ ഇതു വാർത്തയാക്കാൻ വാദിവിഭാഗം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, കേസിന്റെ ഈ പ്രത്യേക സാഹചര്യത്തിൽ സാക്ഷി മരിക്കുന്നത് പ്രതിയുടെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും ആ മരണത്തിൽ അദ്ദേഹത്തിന്റെ പങ്കു തെളിഞ്ഞാൽ അദ്ദേഹത്തിന്റെ ജാമ്യം റദ്ദ് ചെയ്യപ്പെടുമെന്നും അതു അദ്ദേഹത്തിനു എതിരാകുമെന്നും സാമാന്യബോധം പറയുന്നു. അപ്പോൾ ആ മരണം കൊണ്ട് കൂടുതൽ ഗുണമുണ്ടാവുക വാദിക്ക് ആയിരിക്കുമല്ലോ? ഇവിടെ കുര്യാക്കോസച്ചന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബക്കാർ ആവശ്യപ്പെട്ട രീതിയിൽ പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്. അതിൽ അവർ സംതൃപ്തരായിരുന്നു. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് അതു സ്വാഭാവിക മരണമായിരുന്നുവെന്നാണു മനസിലാക്കുന്നത്.

-------------

***ചോദ്യം: ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ തിരിച്ചെത്തിയശേഷം കുര്യാക്കോസച്ചന്റെ ശമ്പളം 5000 രൂപയിൽ നിന്നു 500 രൂപ ആക്കി എന്നും അദ്ദേഹം വലിയ മാനസികവിഷമത്തിലായിരുന്നുവെന്നും വാർത്തയുണ്ടല്ലോ. അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

ഉത്തരം: ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ തിരിച്ചെത്തിയെങ്കിലും ജലന്ധർ രൂപതയുടെ ഭരണം ഇപ്പോൾ അദ്ദേഹത്തിന്റെ കീഴിലല്ല. അതിനാൽ തന്നെ കുര്യാക്കോസച്ചന്റെ ശമ്പളം കുറക്കുന്നതുൾപ്പെടെയുള്ള നടപടികൾ എടുക്കാൻ അദ്ദേഹത്തിനു അധികാരമില്ല. ജലന്ധർ രൂപതയുടെ ഇപ്പോഴത്തെ അധികാരിയായ ബിഷപ്പ് ആഗ്നലോ അറിയിച്ചതുപ്രകാരം കുര്യാക്കോസച്ചന്റെ ശമ്പളം കുറച്ചിരുന്നില്ല.... എന്നാൽ കുര്യാക്കോസച്ചനു മാനസിക സമ്മർദ്ദം ഉണ്ടായിരുന്നിരിക്കാം എന്ന കാര്യം ഒരു പക്ഷെ ശരിയാകും. താൻ ആർക്കെതിരെ സാക്ഷി പറഞ്ഞുവോ അയാളുടെ സാന്നിധ്യം ഒരാളെ സമ്മർദ്ദത്തിലാക്കാം എന്നുള്ളത് സ്വാഭാവികമാണ്. പക്ഷെ ആ സമ്മർദ്ദത്തിനു കുറ്റം ചുമത്തപ്പെട്ടയാൾ എങ്ങനെ നേരിട്ട് കാരണക്കാരനാകും? അങ്ങനെ സമ്മർദ്ദം ഉണ്ടാകും എന്നു കരുതി ഒരാളെ എന്നെന്നേക്കുമായി ജയിലിൽ ഇടാൻ കഴിയുമോ?

-------------

***ചോദ്യം: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട ആൾക്ക് ജലന്ധറിൽ ലഭിച്ച സ്വീകരണം മോശമല്ലേ?

ഉത്തരം: നിഷ്പക്ഷനായ ഒരു വ്യക്തിക്ക് അങ്ങനെ തോന്നാം. എന്നാൽ ഞാനുൾപ്പെടെയുള്ള മലയാളി സമൂഹത്തിനു ബിഷപ്പ് ഫ്രാങ്കോ എന്ന വ്യക്തിയെ പരിചയമായിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. അതും ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലൂടെ മാത്രം. അതിനാൽ തന്നെ നമ്മുടെ ബോധമനസിൽ അദ്ദേഹം ഏതോ നികൃഷ്ടജീവിയാണെന്ന വിചാരം തോന്നുക സ്വാഭാവികമാണ്. എന്നാൽ ജലന്ധറിലുള്ള ആളുകൾ ബിഷപ്പ് ഫ്രാങ്കോയെ വർഷങ്ങളായി അറിയുന്നവരാണ്. ഒരു കേസിൽ പ്രതിചേർക്കപ്പെട്ട ആളാണെങ്കിൽ കൂടി അദ്ദേഹത്തിന്റെ നന്മകൾ കണ്ടിട്ടുള്ളവർ ആണെങ്കിൽ അദ്ദേഹത്തിനു ജാമ്യം ലഭിക്കുമ്പോൾ സന്തോഷിക്കുന്നതും സ്വാഭാവികമാണ്. അതു മനസിലാക്കുവാൻ നാം അവരുടെ ഷൂവിൽ കയറി നിന്നു ചിന്തിക്കണമെന്നു മാത്രം.

-------------

***ചോദ്യം: ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചപ്പോൾ ജയിലിനു പുറത്ത് ലഭിച്ച സ്വീകരണത്തെക്കുറിച്ച് എന്താണു അഭിപ്രായം?

ഉത്തരം: ആ സ്വീകരണം അനാവശ്യമായിരുന്നു. അതു മാത്രമല്ല, ജയിലിനു പുറത്ത് മൈക്കും കൊണ്ട് നിന്നു അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയവരുടെ എല്ലാം ഇന്റർവ്യൂ എടുത്തതും ശരിയായിരുന്നില്ല എന്ന അഭിപ്രായം ആണു എനിക്കുള്ളത്. എങ്കിലും ജയിലിനു പുറത്ത് എത്തുന്ന ബിഷപ്പ് ഫ്രാങ്കോയെ കൂവി വരവേൽക്കാൻ ഒരുങ്ങിയിരുന്ന മാധ്യമങ്ങൾ ഏർപ്പാടാക്കിയവർ ഉൾപ്പെടെയുള്ള കുറെപ്പേരെയെങ്കിലും ജയിലിനു മുമ്പിലുള്ള ജനക്കൂട്ടം തോൽപ്പിച്ചു കളഞ്ഞു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ അദ്ദേഹത്തെ ആരെങ്കിലും കൂവിയിരുന്നെങ്കിൽ അതിനെ സപ്പോർട്ട് ചെയ്യാനും ഇവിടെ ആളുകൾ ഉണ്ടാകുമായിരുന്നു. നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാനും ആളുകളുടെ പ്രൈവസിയെ ബഹുമാനിക്കാനും നാം ഇനിയും പഠിക്കണം.

-------------

***ചോദ്യം: ബിഷപ്പ് ഫ്രാങ്കോയെ മറ്റു ബിഷപ്പുമാർ ജയിലിൽ സന്ദർശിച്ചത് എന്തിനാണ്?

ഉത്തരം: ഒരാൾ വീണുപോയാൽ അയാളെ ഉപേക്ഷിക്കുന്നത് ക്രിസ്തീയ ചിന്താഗതി അല്ല. ജയിലിൽ അടക്കപ്പെട്ടവരെ സന്ദർശിച്ചൊ ബൈബിൾ അനുസരിച്ച് അന്ത്യവിധിയിൽ കർത്താവു ചോദിക്കുന്ന ഒരു ചോദ്യവുമാണ്. അതിനാൽ തന്നെ ഒരു ബിഷപ്പ് എന്തു കാരണത്താ‍ലായാലും ജയിലിലായി എന്നതുകൊണ്ട് മറ്റാരും അയാളെ സന്ദർശിക്കരുത് എന്നു പറയാൻ പറ്റില്ല. മാത്രമല്ല, ഇവിടെ പ്രസ്തുത ബിഷപ്പ് കുറ്റം ആരോപിക്കപ്പെട്ട് വിചാരണതടങ്കലിൽ ആയതാണ്. കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടതല്ല. അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം നാളെ തെറ്റാണെന്നു വരാം. അപ്പോൾ അദ്ദേഹത്തെ അദ്ദേഹത്തിനെ സഹപ്രവർത്തകർ സന്ദർശിക്കരുതെന്ന് പറയാൻ ആർക്കും അധികാരം ഇല്ല.

-------------

***ചോദ്യം: എങ്കിൽ എന്തുകൊണ്ട് അവർ സന്യാസിനിയെ സന്ദർശിക്കുന്നില്ല?

ഉത്തരം: വിവേകം. ഈ കേസിന്റെ തുടക്കത്തിൽ തന്നെ സഭാതലവൻ കൂടിയായ കർദ്ദിനാളിനെ ഫോൺ വിളിച്ച് അതു റെക്കോർഡ് ചെയ്ത് മീഡിയായ്ക്കു നൽകി വലിയ വാർത്ത സൃഷ്ടിച്ചയാളാണു പ്രസ്തുത സന്യാസിനി. തെളിവിനു വേണ്ടിയായിരുന്നെങ്കിൽ അതു പോലിസിനു കൈമാറാമായിരുന്നു. അതല്ലാതെ അതു മീഡിയായ്ക്ക് നൽകിയത് വഴി അവർ എന്താണു ഉദ്ദേശിച്ചത്? കർദ്ദിനാളിന്റെ ഫോൺ പോലും റെക്കോർഡ് ചെയ്ത് മീഡിയായ്ക്കു നൽകാനും അപകീർത്തിപ്പെടുത്താനും മടിക്കാതിരുന്ന ഒരു വ്യക്തിയോട് എന്തുറപ്പിച്ചാണു മറ്റുള്ളവർ ഇടപെടുന്നത്? ആ മഠം ആരെങ്കിലും സന്ദർശിച്ചാൽ തന്നെ അതു വാദിയേയും സാക്ഷികളെയും സ്വാധീനിക്കാൻ ആണു എന്ന രീതിയിൽ വ്യാഖ്യാനിക്കില്ല എന്നു എന്താണുറപ്പ്? ആ സാഹചര്യത്തിൽ അതിൽ നിന്നു ഒഴിവായി നിൽക്കുക ആണു വിവേകപൂർണ്ണമായ നടപടി.

-------------

***ചോദ്യം: നിക്കോളാസച്ചൻ കൊലപാതകക്കേസിൽ പ്രതിയായ ഒരാളുമായി സന്യാസിനിയെ കാണാൻ പോയത് ശരിയാണോ?

ഉത്തരം: അല്ല. കേസിന്റെ തുടക്കത്തിൽ സന്യാസിനിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ച വ്യക്തിയാണു ഫാ. നിക്കോളാസ്. താൻ തെളിവുകൾ കണ്ടിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞ അദ്ദേഹം പിന്നീട് നിലപാടു മാറ്റി. തന്നെ ധരിപ്പിച്ച തെളിവുകൾ (വീഡിയോ ഉൾപ്പെടെയുള്ളത്) എന്തുകൊണ്ട് പോലിസിനു കൊടുക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. നിലപാട് മാറ്റിയ ശേഷമാണു അദ്ദേഹം സന്യാസിനിയെയും അന്നു തന്നെ ജയിലിലെത്തി പിതാവിനെയും അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശം എന്തു തന്നെ ആയാലും അപ്രകാരം ചെയ്തത് വിവേകമില്ലായ്മയാണ് എന്നാണു എന്റെ അഭിപ്രായം. കൊലക്കേസിൽ പ്രതിയായ ഒരാളുമായി ആ സന്യാസിനിയെ കാണാൻ പോയതിനെ എങ്ങനെയാണു ന്യായീകരിക്കാനാവുക? ബിഷപ്പിനു ആദ്യം ജാമ്യം നിഷേധിക്കാൻ അതും ഒരു കാരണമായിരുന്നു എന്നു ഞാൻ കരുതുന്നു. ഒരുപക്ഷെ അതിനുവേണ്ടിയുള്ള നാടകമായിരുന്നോ അതെന്നു പോലും സംശയം ഉണ്ടായി.

-------------

***ചോദ്യം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് സന്യാസിനിമാർ നടത്തിയ സമരത്തെ അംഗീകരിക്കുന്നുണ്ടോ?

ഉത്തരം: ഇല്ല. നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭമോ സമരമോ നടത്തുന്നതുപോലെ അല്ല ഒരു ആരോപണം ഉന്നയിച്ച് കേസു കൊടുത്ത ശേഷം ആരോപിക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യണം എന്നു പറഞ്ഞു സമരം ചെയ്യുന്നത്. അന്വേഷണവിധേയമായി അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് പോലിസാണ്. അന്വേഷണവിധേയമായി അറസ്റ്റ് ചെയ്യുന്നതല്ലല്ലൊ ഒരു ക്രൈമിന്റെ ശിക്ഷ. അത് കോടതി വിധി പറഞ്ഞശേഷം കിട്ടുന്നതാണ്. അതിനാൽ തന്നെ ആ സമരം അനാവശ്യമായിരുന്നു. ഇനി സമരം ചെയ്തതുകൊണ്ടാണു അറസ്റ്റ് ചെയ്തത് എന്നു വാദിച്ചാൽ, അത്യാവശ്യമായ തെളിവുണ്ടായതുകൊണ്ടല്ല... മറിച്ച് സമ്മർദ്ദം മൂലമാണു അറസ്റ്റ് നടന്നത് എന്നു വരും. അതു അത്രക്ക് നല്ല ഒരു സമ്പ്രദായം അല്ല. ഇനി, തെളിവുള്ളതുകൊണ്ടാണു അറസ്റ്റ് നടന്നത് എന്നു പറഞ്ഞാൽ പിന്നെ എന്തിനായിരുന്നു സമരം?

മാത്രമല്ല, സമരം ഓർഗനൈസ് ചെയ്തതും സമരത്തിനു കൂട്ടു നിന്നതും തികച്ചും ക്രൈസ്തവവിരുദ്ധമായ സംഘടനകൾ ആണ്. അവർ എന്തുകൊണ്ട് ആ സമരത്തിനു ഇത്രക്ക് ആവേശം കാട്ടി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അവരുടെ ആവേശത്തിൽ ക്രൈസ്തവസന്യാസിനി-സന്യാസിമാർ സന്യാസത്തിന്റെ അന്തസത്ത കളഞ്ഞു കുളിച്ചതും ക്രൈസ്തവ/കത്തോലിക്കാവിരുദ്ധമായ പ്രസ്താവനകളുടെയും പ്ലക്കാർഡുകളുടെയും മുദ്രാവാക്യങ്ങളുടെയും ഇടയിൽ യാതൊരു ഭാവഭേദങ്ങളുമില്ലാതെ സമരം ചെയ്തതും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല. വിവിധ സഭാവിരുദ്ധപ്രസ്ഥാനങ്ങളെയും വ്യക്തികളെയും കൂട്ടുപിടിച്ച് കത്തോലിക്കാസഭയ്ക്കെതിരെയും സന്യാസത്തിനെതിരെയും ജനവികാരം ഇളക്കിവിട്ടുകൊണ്ട് ആയിരക്കണക്കിനു സന്യാസിനിമാരെ ഉൾപ്പെടെ പൊതു ഇടങ്ങളിൽ സുരക്ഷിതരല്ലാതാക്കിത്തീർത്തതിൽ ഈ സമരത്തിന്റെ പങ്കു വലുതാണെന്ന കാര്യം വിസ്മരിക്കുവാൻ സാധ്യമല്ല. അതിനാൽ തന്നെ ഈ സമരത്തെ യാതൊരു തരത്തിലും ഞാൻ അംഗീകരിക്കുന്നില്ല.

-------------

***ചോദ്യം: മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹവും ജലന്ധർ രൂപതയും പ്രസ്തുത സന്യാസിനിയെ തള്ളിപ്പറയുകയും അവരെ തേജോവധം ചെയ്യുന്നരീതിയിൽ അപമാനിക്കുകയും ചെയ്തത് ശരിയാണോ?

ഉത്തരം: പബ്ലിക് സ്കാൻഡൽ ആയ ഒരു കേസിന്റെ മറ്റൊരു പുറമായാണു ഞാൻ ഈ പ്രവൃത്തിയെ കാണുന്നത്. ഈ കേസ് കെട്ടിച്ചമച്ചതാണെങ്കിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉണ്ടായ മാനനഷ്ടം എത്ര വലുതാണോ അത്രയും വലുതാണു ആ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെങ്കിൽ പ്രസ്തുത സന്യാസിനിക്കും ഉണ്ടായിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ആ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും മാനനഷ്ടത്തിനു കേസെടുക്കണം. മറിച്ച് ആരോപണം ശരിയാണെങ്കിൽ, ഈ കേസിൽ പൊതുജനമറിയേണ്ട മറ്റൊരു വശം സാഹചര്യത്തിന്റെ നിർബന്ധം മൂലം പുറത്തുവിടേണ്ടി വന്നു എന്ന് അനുമാനിക്കാം.

-------------

***ചോദ്യം: എർത്തയിൽ അച്ചൻ പത്തേക്കർ സ്ഥലവും മഠവും വാഗ്ദാനം ചെയ്തത് കേസിലെ കക്ഷികളെ സ്വാധീനിക്കാൻ വേണ്ടിയല്ലേ?

ഉത്തരം: വ്യക്തമായ ഉത്തരം അറിയില്ല. എങ്കിലും കേസ് നാണക്കേടാണെന്നും എങ്ങനെയെങ്കിലും ഒതുക്കിത്തീർത്താൽ കൊള്ളാമെന്നുമുള്ള ധ്വനി ആണു എനിക്ക് ആ സംഭാഷണത്തിൽ നിന്നു മനസിലായത്. കർദ്ദിനാളുമായുള്ള സംഭാഷണത്തിൽ അപ്രകാരം പുതിയൊരു സമൂഹം തുടങ്ങുന്നതിനെക്കുറിച്ച് പ്രസ്തുത സന്യാസിനി തന്നെ സംസാരിച്ചിരുന്നല്ലൊ. പ്രസ്തുത വാഗ്ദാനത്തിനു പുറകിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യം ആയിരുന്നു എന്നാണു അദ്ദേഹം അംഗമായിരിക്കുന്ന സി.എം.ഐ സഭയും ജലന്ധർ രൂപതയും അറിയിച്ചിരിക്കുന്നത്. എന്നു വച്ചാൽ അപ്രകാരമൊരു വാഗ്ദാനം നൽകാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ല. എങ്കിലും എർത്തയിലച്ചൻ ചെയ്ത നടപടി തീർത്തും യുക്തിക്കുനിരക്കാത്തതും അനാവശ്യവുമായി എന്നതിൽ തർക്കമില്ല.

-------------

***ചോദ്യം: ഈ പ്രശ്നങ്ങൾ കർദ്ദിനാളിനു അറിയാമായിരുന്നില്ലേ? എന്നിട്ട് എന്തുകൊണ്ട് അവരെ സഹായിച്ചില്ല?

ഉത്തരം: സൂസൈപാക്യം പിതാവ് നൽകിയ വിശദീകരണത്തിൽ നിന്നും എനിക്ക് മനസിലായതു സന്യാസിനി നൽകിയ പരാതി ‘പേർസണൽ ആൻഡ് കോൺഫിഡൻഷ്യൽ‘ ആയിരുന്നു എന്നാണ്. ആ പരാതിയിൽ ‘ലൈംഗിക പീഡനം’ ആരോപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അതുകൊണ്ടു തന്നെ വ്യക്തത ഇല്ല. മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന ഫോൺ സംഭാഷണത്തിലും ലൈംഗിക പീഡനത്തെ പരാമർശിക്കുന്നില്ല. മാത്രമല്ല, ഒരു പിതാവ് എന്ന നിലയിൽ തനിക്ക് ചെയ്യാൻ പറ്റാവുന്ന സഹായങ്ങൽ അദ്ദേഹം വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇപ്പോൾ ആയിരിക്കുന്ന സന്യാസസമൂഹം വിട്ടു വന്നാൽ പുതിയ സമൂഹം തുടങ്ങുന്നതിനു സഹായം ചെയ്യാം എന്ന വാഗ്ദാനം അതിന്റെ തെളിവാണല്ലോ. മാത്രമല്ല, പോലിസിൽ പരാതി പെടും എന്ന് പറഞ്ഞപ്പോൾ ചെയ്തുകൊള്ളാൻ അവരോട് ആവശ്യപ്പെടുന്നുമുണ്ട് പിതാവ്. അപ്പോൾ പിന്നെ കർദ്ദിനാൾ സഹായിച്ചില്ല എന്നു പറയുന്നതെങ്ങനെ? ഇതോടൊപ്പം ഒരു കാര്യം കൂടി പറയാം - സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന കർദ്ദിനാളിന്റെ ഫോൺ റെക്കോർഡ് ചെയ്ത് മീഡിയയിലൂടെ അദ്ദേഹത്തെ അപമാനിച്ചതു ശരിയായില്ല. അദ്ദേഹത്തെ ഈ കേസിലേക്ക് വലിച്ചിഴച്ചതും അദ്ദേഹത്തെ പോലെ ഒരു വ്യക്തിയുടെ പോലും ഫോൺ സംഭാഷണം പുറത്തുവിട്ടതും ഈ പ്രശ്നത്തിൽ വാദിയുടെ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെടാൻ കാരണമായിട്ടുണ്ട്.

-------------

***ചോദ്യം: സഭയിൽ നിന്ന് സന്യാസിനിക്ക് നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത് എന്നതു സത്യമല്ലേ?

ഉത്തരം: സൂസൈപാക്യം പിതാവ് പറയുന്നതുപ്രകാരം പോലിസിൽ പരാതിപ്പെടുന്നതിനു മുമ്പ് പ്രസ്തുത സന്യാസിനി ‘ലൈംഗിക പീഡനം’ ആരോപിച്ച് സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നും പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സഭയിൽ നിന്ന്നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയെ സമീപിച്ചത് എന്ന വാദം ശരിയല്ല. ‘കിട്ടാത്ത പരാതിയിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് എന്തു നടപടി എടുക്കാനാണ്?’ എന്നത് വലിയൊരു ചോദ്യമാണ്.

-------------

***ചോദ്യം: ഇത്രയും ശക്തമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ട് എന്തുകൊണ്ട് ബിഷപ്പിനെ സഭ ഉടൻ മാറ്റി നിർത്തിയില്ല?

ഉത്തരം: ആരോപണം വന്നയുടനെ മാറ്റി നിർത്തുന്ന ഒരു കീഴ്വഴക്കം സഭയിലില്ല. സഭയിൽ കാര്യങ്ങൾ നടക്കുന്നത് കാനൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. സഭയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഒരു പരാതിയുടെ പുറത്ത് സഭ എന്തു നടപടി എടുക്കാനാണ്? ആകെ നടക്കുമായിരുന്ന ഒരു കാര്യം – സ്വയം മാറി നിൽക്കുക എന്നുള്ളതായിരുന്നു. ബിഷപ്പ് ഫ്രാങ്കോ അവസാനം വിടുതലിനു അപേക്ഷിച്ചെങ്കിലും അതു കുറച്ചു നേരത്തെ ആകാമായിരുന്നു എന്നാണു എന്റെ അഭിപ്രായം. പക്ഷെ അതു തികച്ചും വ്യക്തിപരമായ തീരുമാനം ആണ്. സഭ നടപടി എടുക്കുന്നത് സഭയുടെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും.

-------------

***ചോദ്യം: കന്യാസ്ത്രീ കള്ളം പറയുമോ?

ഉത്തരം: ഒരു ബിഷപ്പ് കള്ളം പറയുമോ? കള്ളം പറയുന്നതിനു കന്യാസ്ത്രീയെന്നോ ബിഷപ്പെന്നോ വ്യത്യാസമുണ്ട് എന്നു ഞാൻ കരുതുന്നില്ല. രണ്ടിലൊരാൾ കള്ളം പറയുന്നു എന്നതാണു ഇപ്പോൾ അനുമാനിക്കാവുന്ന സത്യം.

-------------

***ചോദ്യം: അപ്പോൾ കേസിനെക്കുറിച്ച് പൊതുവിൽ എന്താണു അഭിപ്രായം? കേസ് കെട്ടിച്ചമച്ചതാണെന്ന് കരുതുന്നുണ്ടോ?

ഉത്തരം: മുകളിൽ സൂചിപ്പിച്ച കാര്യങ്ങളെല്ലാം കേസിനാധാരമായതെന്ന് ആരോപിക്കപ്പെടുന്ന കാലഘട്ടത്തിനു ശേഷം നടന്ന കാര്യങ്ങളാണ്. കണ്ടും കേട്ടും മനസിലാക്കിയ കാര്യങ്ങൾ അനുസരിച്ചാണു അഭിപ്രായം രൂപപ്പെടുത്തിയത്. എന്നാൽ കേസിന്റെ ആധികാരികതയെക്കുറിച്ച് എനിക്ക് ഇപ്പോൾ അഭിപ്രായം ഇല്ല. പോലിസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കുകയും അതിൻപ്രകാരം കോടതി വിധിപ്രസ്താവിക്കുകയും ചെയ്യട്ടെ. അപ്പോൾ മാത്രമേ കേസ് കെട്ടിച്ചമച്ചതാണോ അതോ ഉള്ളതാണോ എന്ന കാര്യത്തിൽ എനിക്കു അഭിപ്രായം രൂപപ്പെടുത്താൻ സാധിക്കൂ..

പ്രസ്തുത കേസിൽ പ്രത്യക്ഷത്തിൽ സന്യാസിനി അബല ആണെന്നു തോന്നുന്നതിനാൽ കുറെയധികം പേരെങ്കിലും സന്യാസിനിയുടെ ഭാഗത്തു നിന്നു ചിന്തിക്കുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. എങ്കിലും യുക്തിപരമായി ചിന്തിക്കുമ്പോൾ പ്രസ്തുത കേസിൽ ഇപ്പോൾ മനസിലാക്കിയതനുസരിച്ച് ധാരാളം ലൂപ്പ് ഹോളുകൾ ഉണ്ട്. അതിനാൽ തന്നെ വികാരത്തിനനുസരിച്ച് പക്ഷം ചേരാൻ ഞാൻ തയാറല്ല. അങ്ങനെ പക്ഷം ചേർന്ന് സന്യാസിനിയെയോ ബിഷപ്പിനെയൊ അപമാനിക്കാനും തേജോവധം ചെയ്യാനും എനിക്കാഗ്രഹമില്ല. സത്യം വിജയിക്കട്ടെ, സത്യം മാത്രം വിജയിക്കട്ടെ എന്നു ആഗ്രഹിക്കുന്നു.

-------------

ബിബിൻ മഠത്തിൽ.

Posted by Pravachaka Sabdam on 

Related Articles »