India - 2024
കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മ 'ചായ്' വാര്‍ഷിക സമ്മേളനം നടന്നു
സ്വന്തം ലേഖകന്‍ 19-12-2018 - Wednesday
കൊച്ചി: പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചായ് കേരള വാര്‍ഷിക സമ്മേളനം നടന്നു. കേരളത്തിലെ നാനൂറിലധികം കത്തോലിക്ക ആശുപത്രികളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേര്‍ന്നു കൂട്ടായ്മയോടെ ആരോഗ്യസംരക്ഷണ രംഗത്തെ പടുത്തുയര്‍ത്തണമെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
പ്രളയ ദിനങ്ങളില്‍ ചായ് ആശുപത്രികള്‍ നടത്തിയ 45 കോടിയുടെ ആരോഗ്യ സേവനങ്ങളെയും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെയും ആര്‍ച്ച് ബിഷപ്പ് അഭിനന്ദിച്ചു. കേരളത്തില്‍ എന്‍എബിഎച്ച് അംഗീകാരം ലഭിച്ചിട്ടുള്ള 10 പ്രധാന കത്തോലിക്ക ആശുപത്രികളുടെയും എന്‍ട്രി ലെവല്‍ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മുപ്പതില്‍പ്പരം കത്തോലിക്ക ആശുപത്രികളുടെയും പ്രതിനിധികളെയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് ആദരിച്ചു. ചായ് കേരള പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ചായ് കേരള സെക്രട്ടറിയും ലൂര്‍ദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യസംരക്ഷണം ഏറ്റവും കുറഞ്ഞ ചെലവില്‍ നടത്താനും ആരോഗ്യസംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ചായ് കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട അവതരിപ്പിച്ചു. രാജഗിരി ആശുപത്രി ഡയറക്ടറും ട്രഷററുമായ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി ബജറ്റ് അവതരിപ്പിച്ചു. സിസ്റ്റര്‍ അഭയ, പി.ടി. ദേവസി എന്നിവര്‍ പ്രസംഗിച്ചു.