India - 2024
ചായ് കേരള ഘടകത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം
സ്വന്തം ലേഖകന്‍ 26-08-2019 - Monday
കൊച്ചി: കത്തോലിക്ക ആശുപത്രികളുടെ കൂട്ടായ്മയായ കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ 57ാമതു വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു. ഇന്നലെ നടന്ന സമാപന സമ്മേളനം കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ആതുര ശുശ്രൂഷാരംഗത്തു പുതിയ കാലത്തിന്റെ സങ്കീര്‍ണതകളെയും വെല്ലുവിളികളെയും അതിജീവിക്കാനും സാക്ഷ്യം പകര്‍ന്നു മുന്നേറാനും കത്തോലിക്കാ ആശുപത്രികള്‍ക്കു സാധിക്കണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചായ് കേരളയുടെ പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറന്പില്‍ അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറിയും ലൂര്‍ദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിസിനസ് സെഷനോടെയാണു സമ്മേളനം സമാപിച്ചത്. ചായ് കേരളയുടെ പുതിയ വൈസ് പ്രസിഡന്റായി കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും ചായ് കേരളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ചായ് കേരള ട്രഷററും രാജഗിരി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
നേരത്തെ ഹെല്‍ത്ത് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. രാജഗിരി ആശുപത്രിയിലെ ഡോ. വി.എ. ജോസഫ് സെഷന്‍ നയിച്ചു. ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്റര്‍മാരും ചായ് ദേശീയ പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.