News
സെപ്റ്റംബർ 4-ന് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 15-03-2016 - Tuesday
മദർ തെരേസയെ സെപ്റ്റംബർ 4-ന് വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്ന് രാവിലെ ഫ്രാൻസിസ് മാർപാപ്പായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വത്തിക്കാനിലെ കൺസിസ്റ്ററി ഹാളിൽ ഫ്രാൻസിസ് മാർപാപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന 'Public Ordinary Consistory' യോഗത്തിലാണ്, മദർ തെരേസ ഉൾപ്പടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കാൻ തീരുമാനമെടുത്തത് . ഇതുപോലുള്ള അവസരങ്ങളിലെ നടപടിക്രമം അനുസരിച്ച്, ടെർസ് (Terce) എന്നറിയപ്പെടുന്ന പ്രഭാത പ്രാർത്ഥനയ്ക്കും, മറ്റ് പതിവ് പ്രാർത്ഥനകൾക്കും ശേഷമാണ് പിതാവ് ഇവരുടെ പേരുകൾ വായിച്ച് പ്രഖ്യാപനം നടത്തിയത്.
കൽക്കട്ടയിലെ ചേരിപ്രദേശങ്ങളിൽ ദരിദ്രരെയും രോഗികളെയും പരിചരിച്ചു കൊണ്ട് ജീവിതകാലം മുഴുവനും സേവനം ചെയ്ത മദർ തെരേസ ലോകമെങ്ങും പ്രശസ്തയാണ്. മദർ തെരേസ സ്ഥാപിച്ച മിഷിനറീസ് ഓഫ് ചാരിറ്റി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നടത്തികൊണ്ടിരിക്കുന്നു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സെപ്റ്റംബർ 4-ാം തിയതി വിവിധ രാജ്യങ്ങളിലെ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ നൂറു കണക്കിന് കന്യാസ്ത്രീകൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു.
ഇന്ത്യയുടെ മണ്ണിൽ സേവനം ചെയ്തുകൊണ്ട്, പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ വേണ്ടി Missionaries of Charity എന്ന ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സന്യാസ സമൂഹത്തിന് രൂപം കൊടുത്ത മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് ഓരോ ഭാരതീയനും അഭിമാനത്തിന്റെ നിമിഷമായിരിക്കും.
ദൈവസ്നേഹത്തിന്റെ ദൗത്യവാഹകയായ ഈ പ്രകാശിത ദൂത അൽബേനിയയിൽ, 1910 ആഗ്സ്റ്റ് 26-നാണ് ജനിച്ചത്. നിക്കോളാ-ദ്രെയിൻ ബൊജാക്സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായിട്ട്, ഗോൺക്സാ ആഗ്നസ് എന്ന മാമോദീസാ നാമധേയം നല്കപ്പെട്ട മദർ തെരേസ ജനിച്ചത്. അഞ്ചര വയസുള്ളപ്പോൾ അവൾ ആദ്യ കുർബ്ബാന സ്വീകരിച്ചു. ആദ്യകുർബ്ബാനാ ദിവസം മുതൽ ആത്മാക്കളോടുള്ള സ്നേഹം അവളിൽ നാമ്പെടുത്തിരുന്നു.
തനിക്ക് എട്ടുവയസ്സുള്ളപ്പോൾ സംഭവിച്ച പിതാവിന്റെ ആകസ്മികമായ മരണം കുടുംബത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടു. നിശ്ചയദാർഡ്യത്തോടും സ്നേഹത്തോടും, തന്റെ മകളുടെ സ്വഭാവരൂപീകരണത്തേയും ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിനേയും സഹായിക്കും വിധം, മാതാവ് കുട്ടികളെ വളർത്തി. താൻ മുടങ്ങാതെ സംബദ്ധിച്ചു കൊണ്ടിരുന്ന സജീവമായ Sacred Heart Jesuit- ഇടവകയുടെ പ്രോൽസാഹനവും, ഗൊണാക്സയുടെ ആത്മീയ നിറവിനെ സഹായിച്ചിട്ടുണ്ട്
ഒരു മിഷനറി ആകാനുള്ള തന്റെ അഭിലാഷത്തിന്റെ പ്രേരണയാൽ, പതിനെട്ടാമത്തെ വയസ്സിൽ ഗൊണാക്സാ വീട് വിട്ടു. 1928 സെപ്റ്റംബറിൽ, അയർലന്റിലെ ‘Sisters Loreto'എന്നറിയപ്പെടുന്ന Institute of the Blessed Virin Mary എന്ന മഠത്തിൽ ചേർന്നു. "St.Therese of Lisieux'-എന്ന വിശുദ്ധയുടെ അനുസ്മരണാർത്ഥം ’Sister Mary Teresa എന്ന പേര് സ്വീകരിച്ച് വൃതവാഗ്ദാനം ചെയ്തു.
1931 മേയിൽ വൃതവാഗ്ദാനം. കഴിഞ്ഞശേഷം, Lorneto Entally സംഘത്തിലേക്ക് അയക്കപ്പെട്ട സിസ്റ്റർ തെരേസാ, പെൺകുട്ടികൾക്കായുള്ള St.Mary's സ്കൂളിൽ അദ്ധ്യാപികയായി. 1937 മെയ് 24ന് നിത്യ വൃതവാഗ്ദാനം -കഴിഞ്ഞ്, അവർ എപ്പോഴും പറയുന്നത് പോലെ, ‘നിത്യതയോളം’, ‘യേശുവിന്റെ മണവാട്ടിയായിത്തീർന്നു. അപ്പോൾമുതൽ, അവർ മദർതെരേസാ എന്ന് വിളിക്കപ്പെടുവാൻ തുട ങ്ങി.
സ്കൂളിലെ അദ്ധ്യാപക ജോലി തുടർന്ന മദർ, 1944-ൽ പ്രിൻസിപ്പലായി നിയമിതയായി.ഗാഢമായ പ്രാർത്ഥനയും, തന്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും അഗാധമായ സ്നേഹവുമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മദർ തെരേസാ. അവരുടെ ലൊരേറ്റോ സഭയിലെ 20 വർഷങ്ങൾ അങ്ങേയറ്റം സന്തോഷകരമായിരുന്നു.
മദർതെരേസയുടെ ഈ കാലഘട്ടത്തിൽ ജീവകാരുണ്യപ്രവർത്തനത്തോടുള്ള ആഭിമുഖ്യം, സ്വാർത്ഥതയില്ലായ്മ, മനോധൈര്യം, കഠിനാധ്വാനത്തിനായുള്ള കഴിവ്, സ്വാഭാവികമായുള്ള സംഘടനാശേഷി- ഇവയെല്ലാം ക്രിസ്തുവിനായുള്ള വിശുദ്ധസമർപ്പണത്തിനായി അവർ സഹപ്രവർത്തകരോടൊത്ത് വിശ്വസ്തതയോടും സന്തോഷത്തോടും കൂടി ചെയ്തു.
വാർഷികധ്യാന യോഗത്തിൽ സംബന്ധിക്കുവാൻ, 1946 സെപ്റ്റംബർ പത്തിലെ, കല്ക്കട്ട മുതൽ ഡാർജിലിങ്ങ് വരെയുള്ള അവരുടെ യാത്രയിലാണ് "ദൈവവിളിക്കുള്ളിലെ ഉൾവിളി" അവർക്ക് ലഭിച്ചത്. ആ ദിവസം, സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള യേശുവിന്റെ ദാഹം അവരുടെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും, ആ ദാഹം ശമിപ്പിക്കുവാനുള്ള അവരുടെ വാഞ്ഛ, സ്വന്തം ജീവിതത്തിന്റെ ഒരു വലിയ പ്രേരകശക്തിയായി മാറുകയും ചെയ്തു. അടുത്ത കുറേ ആഴ്ചകളും മാസങ്ങളും കൊണ്ട്, തന്റെ ഉള്ളിലെ സംഭാഷണങ്ങളിലും ദർശനങ്ങളിലും കൂടി, “സ്നേഹത്തിന്റെ ഉപകരണങ്ങൾ, ആ സ്നേഹം ആത്മാക്കളിൽ പ്രസരിപ്പിക്കുമെന്നുള്ള” ദൈവത്തിന്റെ ആഗ്രഹം, അവർക്ക് ബോദ്ധ്യപ്പെട്ടു.
"വരിക എന്റെ വെളിച്ചമായിത്തീരുക!" ദൈവം ആവശ്യപ്പെടുന്നതുപോലെ തോന്നി. ദൈവത്തെ അറിയാത്തതിലുള്ള ദു:ഖവും, സാധുക്കളെ അവഗണിക്കുന്നതിലുള്ള വേദനയും, അവരെ സ്നേഹിക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ കാത്തിരിപ്പും ഈ വാക്കുകളിലൂടെ ദൈവം വെളിപ്പെടുത്തുന്നതായി അവർക്ക് തോന്നി. അത്കൊണ്ടാണ് ഒരു പ്രത്യേക ക്രിസ്തീയ മഠം സ്ഥാപിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടത്.
ഏകദേശം രണ്ടു വർഷത്തെ പരീക്ഷണങ്ങളും വിവേചനപരമായ ആലോചനകളും കഴിഞ്ഞപ്പോഴാണ് മഠം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചത്. അങ്ങനെ 1948 ആഗസ്റ്റ് 17-തീയ്യതി, നീല അരികുള്ള വെളുത്ത സാരി സഭാവസ്ത്രമായി മദർതെരേസാ അണിഞ്ഞു-അങ്ങനെ തന്റെ പ്രിയപ്പെട്ട ലെറെറ്റോ മഠത്തിന്റെ പടികൾ കടന്ന് അവർ അശരണരുടെ ലോകത്തിലേക്ക് കാലെടുത്ത് വച്ചു.
പാറ്റ്നായിലുള്ള Medical Mission Sisters-ൽ ഒരു ഹൃസ്വകാല പഠനം കഴിഞ്ഞശേഷം, മദർ കല്ക്കട്ടയിൽ തിരികെ എത്തി. Little Sisters of the Poor എന്ന സന്യാസ സമൂഹത്തിന്റെ കൂടെ താല്ക്കാലിക താമസം തുടങ്ങി.
ഡിസംബർ 21-ന് അവർ ജീവിതത്തിൽ ആദ്യമായി ഒരു ചേരിപ്രദേശം സന്ദർശിച്ചു-വീടുകൾ കയറിയിറങ്ങി, കുട്ടികളുടെ വൃണങ്ങൾ കഴുകി വൃത്തിയാക്കി, വഴിയിൽ കിടന്ന ഒരു രോഗിയായ വൃദ്ധനെ ശുശ്രൂഷിച്ചു, പട്ടിണിയും ക്ഷയരോഗവും മൂലം മരിക്കാറായ ഒരു സ്ത്രീയെ പരിചരിച്ചു. വിശുദ്ധ കുർബ്ബാന സ്വീകരിച്ച ശേഷമായിരുന്നു അവരുടെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. "ഉപേക്ഷിക്കപ്പെട്ടവരിലും, സ്നേഹിക്കപ്പെടാത്തവരിലും, പരിചരിക്കപ്പെടാത്തവരിലും" ദൈവത്തെ ദർശിച്ച്, അവനെ സ്നേഹിക്കുന്നതിനായി ജപമാലയും കയ്യിലേന്തി അവർ പുറപ്പെട്ടു. കുറേ മാസങ്ങൾക്ക് ശേഷം അവരുടെ പഴയ വിദ്യാർത്ഥികൾ ഒരോരുത്തരായി അവരുടെ കൂടെ കൂടി
1950 ഒക്ടോബർ 7ന് ‘Missionaries of Charity'എന്ന നാമധേയത്തിൽ ഒരു പുതിയ സന്യാസസമൂഹം, കൽക്കട്ടാ അതിരൂപതയിൽ ഔദ്യോഗികമായി പിറവിയെടുത്തു.
1960-കഴിഞ്ഞപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, മദർ അവരുടെ സിസ്റ്റേഴ്സിനെ അയക്കാൻ തുടങ്ങി. 1965 ഫെബ്രുവരിയിൽ പരിശുദ്ധ പോപ്പ് പോൾ ആറാമൻ മഠത്തിന് “അഭിനന്ദന കൽപ്പന” നല്കുകയും, വെനിസ്വലയിൽ ഒരു മഠം തുറക്കുന്നതിന് പ്രോൽസാഹിപ്പിക്കുയും ചെയ്തു. ഇതേ തുടർന്ന്, റോമിലും ടാൻസാനിയായിലും, അങ്ങനെ ഓരോ ഭൂഖണ്ഡത്തിലും മഠങ്ങൾ ആരംഭിച്ചു. 1980-നും 1990-നും ഇടയിലായി, പഴയ സോവിയറ്റ് യൂണിയൻ, അൽബേനിയ, ക്യൂബ ഉൾപ്പടെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മഠങ്ങൾ തുടങ്ങാൻ മദർ തെരേസക്ക് കഴിഞ്ഞു.
പല തരത്തിൽപ്പെട്ട സാധുക്കളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ കുറേക്കൂടി ഭേതമായ രീതിയിൽ പരിഹരിക്കാൻ 1963-ൽ "Missionaries of Charity Brothers" 1976-ൽ “contemplative branch of the Sisters" 1979-ൽ "The Contemplative Brothers" 1984-ൽ ”the Missionaries of Charity Fathers"- എന്നീ സമൂഹങ്ങളും സ്ഥാപിതമായി. അവരുടെ സ്വപ്നം സഭാ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നില്ല. “The Co-workers of Mother Teresa", "The sick and suffering Co-workers,-എന്നീ ഉപസംഘടനകളിലൂടെ വിവിധ രാജ്യക്കാരായവരുമായി, മദർ തെരേസ തന്റെ പ്രാർത്ഥനശീലവും , ലാളിത്യവും, സമർപ്പണവും, എല്ലാത്തിനുമുപരിയായി, തന്റെ സ്നേഹമസൃണമായ ദൈവിക ദൗത്യവും പങ്കുവച്ചു. ഒരാത്മീയ ഉണർവിൽ, “The Lay Missionaries of Charity-അൾമായർക്ക് വേണ്ടി തുടങ്ങി. പല വൈദികരുടെയും ആവശ്യപ്രകാരം, 1981-ൽ, "The Corpus Christi Movement for Priests," എന്ന വിശുദ്ധിയുടെ ഒരെളിയ പ്രതിഭലനം”-എന്ന നിലയിൽ ആരംഭിച്ച്, തന്റെ കൃപാ പ്രസരണവും ആത്മീയ ചൈതന്യവും, സന്നദ്ധ സേവകർക്കായി വിട്ടുകൊടുത്തു.
പ്രവർത്തനങ്ങളെല്ലാം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ, ലോകശ്രദ്ധ മദർതെരേസയിലേക്ക് തിരിഞ്ഞു; അവാർഡുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. 1962-ലെ പത്മശ്രീ അവാർഡ്, 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നീ അത്ത്യുന്നത ബഹുമതികൾ! ഇതോട് കൂടി, മാദ്ധ്യമ ശ്രദ്ധ പൂർണ്ണമായും അവരിലേക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങി.
സ്നേഹിക്കുന്നതിന്റെ സന്തോഷം, ഓരോ മനുഷ്യജീവിയുടേയും മഹത്വവും അന്തസ്സും, ഒരോ ചെറിയ കാര്യങ്ങൾ പോലും വിശ്വസ്ത്തയോടെ ചെയ്യുന്നതിന്റെ വില, ഇതിലൂടെ, ദൈവവുമായുള്ള അതിരു കവിഞ്ഞ സൗഹൃദത്തിന്റെ മേന്മ- ഇവകളുടെ എല്ലാം സാക്ഷി പത്രമായിരുന്നു മദറിന്റെ ജീവിത ചക്രം!
എന്നാൽ, മരണ ശേഷം മാത്രം വെളിപ്പെട്ട ഒരു ധീര മുഖം കൂടി ഈ മഹതിയായ സ്ത്രീക്ക് ഉണ്ടായിരുന്നു. എല്ലാവരിലും നിന്നും, അവരുമായി ഏറ്റവും അടുത്തുള്ളവരിൽ നിന്ന് പോലും മറഞ്ഞിരുന്ന ഒരു സത്യം-ദൈവത്തിൽ നിന്നും വേർപ്പെട്ടു പോയി എന്ന അഗാധവും വേദനാജനകവും സ്ഥായി ആയതുമായ അന്തരാത്മാവിലെ ഒരു തോന്നൽ-ദൈവസ്നേഹത്തിനായുള്ള എന്നന്നേക്കും വർദ്ധിച്ചുകൊണ്ടിരുന്ന ആകാംക്ഷയിൽ കഴിഞ്ഞിരുന്നെങ്കിലും അവനാൽ തിരസ്ക്കരിക്കപ്പെട്ടെന്ന തോന്നൽ. ഈ ആന്തരിക അനുഭവത്തെ, അവർ ‘അന്ധകാരം’ എന്ന് വിളിച്ചു. സാധുക്കൾക്ക് വേണ്ടി ജീവിതം തുടങ്ങിയതു മുതൽ അവസാനം വരെ അനുഭവിച്ച അവരുടെ ആത്മാവിലെ ‘കാളരാത്രി’, ദൈവവുമായി ഒന്നാകാനുള്ള അതിയായ ശ്രമത്തിലേക്ക് നയിച്ചു. സ്നേഹിക്കുവാനുള്ള യേശുവിന്റെ കത്തുന്ന കാത്തിരിപ്പിൽ നിഗൂഢമായി പങ്ക് ചേരാനും, ദുരിതപൂർണ്ണരുടെ നിരാശ്രയ ബോധത്തിൽ ഭാഗഭാക്കാകാനും ‘ഈ അന്ധകാരം’, അവരെ സഹായിച്ചിരുന്നു.
ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പോലും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നിട്ടും, മഠത്തിന്റെ ഭരണകാര്യങ്ങളും, സാധുക്കളുടെ സഹായവും, സഭയുടെ പ്രവർത്തനങ്ങളും, അവർ തുടർന്നു കൊണ്ടേയിരുന്നു.
1997-ആയപ്പോഴേക്കും, സിസ്റ്റേഴ്സിന്റെ എണ്ണം 4000-ത്തോളം എത്തി; 610 മഠങ്ങൾ 123 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു.
1997-മാർച്ചിൽ, തന്റെ പുതിയ പിൻഗാമിയെ ‘superior General of the Missionaries of Charity-ആയി വാഴിച്ച ശേഷം ഒരു വിദേശ യാത്രകൂടി ചെയ്തു. പോപ്പ് ജോൺ പോൾ രണ്ടാമനുമായുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം , കല്ക്കട്ടയിലേക്ക് മടങ്ങി, സന്ദർശകരെ സ്വീകരിച്ചും , സിസ്റ്റേഴ്സിനെ ഉപദേശിച്ചും അവസാന ആഴ്ചകൾ ചിലവഴിച്ചു.
1997 സെപ്റ്റംബർ 5ന് മദർ തെരേസായുടെ ഇഹലോക വാസം അവസാനിച്ചു.
ഇന്ത്യ ഗവണ്മെന്റ് ദേശീയബഹുമതി നൽകി സംസ്കാര ചടങ്ങ് നടത്തി. ശരീരം The mother House of the Missionaries of Charity-യിൽ അടക്കി.
വളരെ പെട്ടന്ന് അവരുടെ കബറിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറി, സമ്പന്നരും പാവപ്പെട്ടവരും, എല്ലാ മത വിഭാഗത്തില്പെട്ടവരും അവിടെ പ്രാർത്ഥന അർപ്പിച്ചുകൊണ്ടിരിക്കുന്നു.
കുലുങ്ങാത്ത വിശ്വാസത്തിന്റേയും തോല്പ്പിക്കാനാവാത്ത പ്രത്യാശയുടേയും, അനതിസാധാരനമായ ജീവ കാരുണ്യത്തിന്റേയും സാക്ഷി പത്രം ബാക്കി വച്ചിട്ട് മദർ തെരേസാ കടന്ന് പോയി.
“വരിക എന്റെ വെളിച്ചമാകുക” എന്ന യേശുവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുക വഴി അവർ ഒരു ജീവകാരുണ്യ മിഷനറി ആയിത്തീർന്നു- “പാവങ്ങളുടെ അമ്മ”യായിത്തീർന്നു. ലോകത്തിന് അനുകമ്പയുടെ പ്രതിബിംബം ആയിത്തീർന്നു. ദൈവത്തിന്റെ സ്നേഹത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെ സാക്ഷിയായിത്തീർന്നു.
മരിച്ച് രണ്ടു വർഷത്തിനുള്ളിൽ മദർ തെരേസയുടെ വിശുദ്ധിയുടെ വ്യാപകമായ പ്രസിദ്ധിയും, പ്രാർത്ഥിച്ചവർക്ക് ലഭിച്ച ഉപകാരഫലങ്ങളെപറ്റിയുള്ള അറിയിപ്പുകളും പരിഗണിച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖാപിക്കൽ നടപടികൾ ആരംഭിക്കുവാൻ പോപ്പ് ജോൺ പോൾ രണ്ടാമൻ അനുവാദം നൽകി. അദ്ദേഹം 2003 ഒക്ടോബർ 19-ന് മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിശ്വാസ മുഹൂർത്തങ്ങളിൽ ഒന്നായി മാറും
