News - 2025
വാഷിംഗ്ടൺ അതിരൂപതക്കു പ്രഥമ ആഫ്രിക്കൻ അമേരിക്കൻ ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 05-04-2019 - Friday
വാഷിംഗ്ടൺ അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആർച്ച് ബിഷപ്പ് വിൾട്ടൺ ഗ്രിഗറിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വാഷിംഗ്ടൺ അതിരൂപതയിൽ നിയമിതനാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ആർച്ച് ബിഷപ്പാണ് വിൾട്ടൺ ഗ്രിഗറി. സ്ഥാനമൊഴിഞ്ഞ കർദ്ദിനാൾ ഡൊണാൾഡ് വ്യൂളിന്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്.
2004 മുതൽ അറ്റ്‌ലാന്റ അതിരൂപതയുടെ ചുമതല വഹിച്ചിരുന്നത് ആർച്ച് ബിഷപ്പ് വിൾട്ടൺ ഗ്രിഗറിയായിരുന്നു. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള കത്തോലിക്കൻ എന്നാണ് നിയുക്ത വാഷിംഗ്ടൺ ആർച്ചുബിഷപ്പ് അറിയപ്പെടുന്നത്. ഉടനെതന്നെ വിൾട്ടൺ ഗ്രിഗറി കർദ്ദിനാളായി നിയമിതനാകുമെന്ന്‍ സൂചനയുണ്ട്.
2001 മുതൽ 2004 വരെ അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷ പദവി ആർച്ചുബിഷപ്പ് വിൾട്ടൺ ഗ്രിഗറി വഹിച്ചിരുന്നു. ചിക്കാഗോ സ്വദേശിയായ വിൾട്ടൺ ഗ്രിഗറി സ്കൂൾ കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയായിരുന്നു. അറ്റ്‌ലാന്റ ആർച്ചുബിഷപ്പ് പദവിയിൽ അദ്ദേഹം 64 പേർക്ക് പൗരോഹിത്യ പട്ടം നൽകി. 16,000 പേരെ രൂപതയിൽ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചു. പുതിയ ആർച്ച് ബിഷപ്പിന്റെ നിയമനത്തെ മുൻ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ ഡൊണാൾഡ് വ്യൂൾ സ്വാഗതം ചെയ്തു.
