News - 2025
വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുശേഷിപ്പ് പ്രയാണം ന്യൂയോര്‍ക്കില്‍
സ്വന്തം ലേഖകന്‍ 09-04-2019 - Tuesday
ന്യൂയോര്‍ക്ക്: ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുശേഷിപ്പ് പ്രയാണം അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തി. സെന്റ് പാട്രിക് കത്തീഡ്രലില്‍ എത്തിച്ച വിശുദ്ധന്റെ ഹൃദയം അടങ്ങുന്ന തിരുശേഷിപ്പ് ഏറെ ആദരവോടെയാണ് ആര്‍ച്ച്ബിഷപ്പ് തിമോത്തി ഡോളന്റെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം സ്വീകരിച്ചത്. അടുത്തയാഴ്ച സംസ്ഥാനത്തെ സ്‌കൂളുകളിലും ദേവാലയങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ട കുമ്പസാരത്തിലൂടെ അനേകരെ ദൈവകരുണയുടെ വാതിലിലേയ്ക്ക് എത്തിച്ച വിശുദ്ധനായ ജോണ്‍ മരിയ വിയാനിയോടുള്ള മാദ്ധ്യസ്ഥം അനേകരെ പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് കരകയറ്റുമെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസ് പ്രവര്‍ത്തകന്‍ ജോസഫ് കുള്ളന്‍ പറഞ്ഞു. ജൂണ്‍ ആദ്യവാരത്തോടെ വിശുദ്ധന്റെ തിരുശേഷിപ്പ് സ്വദേശമായ ഫ്രാന്‍സിലേക്ക് കൊണ്ടുപോകുമെങ്കിലും വരുന്ന നവംബര്‍ മാസത്തില്‍ അമേരിക്കന്‍ പര്യടനം വീണ്ടും പുനഃരാരാംഭിക്കും.