India - 2025

മാര്‍ ഏബ്രഹാം മറ്റം കാലം ചെയ്തു

സ്വന്തം ലേഖകന്‍ 16-04-2019 - Tuesday

സത്ന: മധ്യപ്രദേശിലെ സത്ന സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ ഏബ്രഹാം മറ്റം നിര്യാതനായി. ദീർഘകാലമായി വിൻസൻഷ്യൻ ജനറലേറ്റിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഇന്ന് രാവിലെ പത്തു മണിയോടെ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആശുപത്രിയിലെത്തി പ്രാർത്ഥന നടത്തി. സംസ്കാരം സത്നയിൽ പിന്നീട് നടക്കും.

1921 നവംബര്‍ 21നു പാലാ രൂപതയിലെ നരിയങ്ങാനം ഇടവകയിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. 1941-ല്‍ വിൻസൻഷ്യൻ സഭാ സമൂഹത്തില്‍ അംഗമായി എറണാകുളം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1950 മാര്‍ച്ച്‌ 15നു അദ്ദേഹം പുരോഹിതനായി അഭിഷേകം ചെയ്തു. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 1951ല്‍ തോട്ടകം വിൻസൻഷ്യൻ ആശ്രമത്തിന്റെ പ്രോക്യുറെറ്റര്‍ ആയും പിറ്റേവര്‍ഷം നഡേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വികാരിയായി സേവനം ചെയ്തു.

1958-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കിയ ശേഷം തിരികെ കേരളത്തിൽ എത്തിയ അദ്ദേഹം അങ്കമാലി വിൻസൻഷ്യൻ മൈനർ സെമിനാരിയുടെ റെക്ടറായി സ്ഥാനം ഏറ്റു. തുടർന്ന് വിൻസൻഷ്യൻ വിദ്യാഭവൻ റെക്ടർ, സുപ്പീരിയർ, വിൻസേഷ്യൻ കോൺഗ്രിഗേഷന്റെ കൗൺസിലർ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനം ചെയ്തു. 1968 ജൂലൈ 29 നു സത്നയുടെ അപ്പസ്തോലിക് എക്സർക് ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും 1969 ജനുവരി 9നു അപ്പസ്തോലിക് എക്സർക് ആയി സ്ഥാനം ഏൽക്കുകയും ചെയ്തു. 1977 ഏപ്രിൽ 30നാണ് സത്നയുടെ രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം അഭിഷേകം ചെയ്യുന്നത്. 23 വര്‍ഷത്തെ സേവനത്തിന് ശേഷം 1999 ഡിസംബര്‍ 18നു അദ്ദേഹം ഔദ്യോഗികമായി വിരമിച്ചു. തുടർന്ന് വിശ്രമ ജീവിതം നയിച്ചു വരികയായിരിന്നു.

വന്ദ്യ പിതാവിന് പ്രവാചക ശബ്ദം കുടുംബത്തിന്റെ ആദരാഞ്ജലി ‍


Related Articles »