News

ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്

പ്രവാചകശബ്ദം 01-03-2025 - Saturday

വത്തിക്കാന്‍ സിറ്റി: റോമിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. രാജ്യത്തിനും, ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഭരണ നേതൃത്വം ഒരുമിച്ചു ചേര്‍ന്ന നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക് ഫാസ്റ്റിലാണ് വൈസ് പ്രസിഡന്‍റിന്റെ പ്രാര്‍ത്ഥന. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള സ്വന്തം പരിവർത്തനത്തെക്കുറിച്ചും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചതിന് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥന വൈസ് പ്രസിഡന്‍റ് നയിക്കുകയായിരിന്നു.

വാഷിംഗ്ടൺ ഡിസിയിലെ വാൾട്ടർ ഇ വാഷിംഗ്ടൺ കൺവെൻഷൻ സെൻ്ററിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ വാൻസ്, പാപ്പയെ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. “ദയവായി ഫ്രാൻസിസ് മാർപാപ്പയുടെ മേൽ അങ്ങയുടെ കരുണ വര്‍ഷിക്കണമേ, അങ്ങനെ അദ്ദേഹം രോഗത്തിൽ നിന്ന് വീണ്ടെടുക്കുകയും ഞങ്ങളെ നയിക്കുകയും ചെയ്യും. ഞങ്ങളുടെ പരിശുദ്ധ പിതാവിന്റെ ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് എന്നിവര്‍ക്കു ജ്ഞാനവും കഴിവുകളും നൽകി അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, അങ്ങയുടെ ഇടയൻ്റെ ആരോഗ്യം പുതുക്കാൻ അങ്ങ് അവരിലൂടെ പ്രവർത്തിക്കും. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ, ആമേൻ”.- എന്നതായിരിന്നു വാന്‍സിന്റെ പ്രാര്‍ത്ഥന.

ആഗോള സഭയുടെ തലവന്‍ കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പശ്ചാത്തലത്തില്‍ വാന്‍സ് നടത്തിയ പ്രാര്‍ത്ഥന ക്രൈസ്തവ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ വൈസ് പ്രസിഡൻ്റായ വാൻസ്, ഫ്രാൻസിസ് മാർപാപ്പയോടുള്ള തൻ്റെ ആദരവിനെ കുറിച്ച് സംസാരിച്ചു. പാപ്പയെ "ഒരു വലിയ പാസ്റ്റർ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2020 മാർച്ചിൽ കോവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം വാന്‍സ് അനുസ്മരിച്ചു. സുവിശേഷത്തിലെ ശിഷ്യന്മാരെപ്പോലെ, നാം അപ്രതീക്ഷിതവും പ്രക്ഷുബ്ധവുമായ കൊടുങ്കാറ്റിൽ അകപ്പെട്ടിരിക്കുകയാണെന്ന വാന്‍സ് പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചു. പാപ്പയുടെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടുന്നതായിരിന്നു ഈ വാക്കുകള്‍.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »