News - 2025

ബുര്‍ക്കിനാഫാസോയില്‍ വീണ്ടും ക്രൈസ്തവ നരഹത്യ: നാലു വിശ്വാസികള്‍ കൂടി കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 15-05-2019 - Wednesday

വാഹിഗോയ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ വീണ്ടും ക്രൈസ്തവ നരഹത്യ. ഇന്നലെ കന്യകാമാതാവിന്റെ തിരുസ്വരൂപവും വഹിച്ച് വാഹിഗോയ പട്ടണത്തില്‍ പ്രദക്ഷിണം നടത്തിയ നാലു കത്തോലിക്കാ വിശ്വാസികളെ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. വെടിയുതിര്‍ത്ത ശേഷം തിരുസ്വരൂപം അക്രമികള്‍ കത്തിച്ചു. കഴിഞ്ഞ ദിവസം ഡാബ്‌ളോയിലെ കത്തോലിക്കാ ദേവാലയത്തില്‍ വൈദികനെയും അഞ്ചുവിശ്വാസികളെയും കൊലപ്പെടുത്തിയതിന്റെ പിറ്റേന്നാണ് വാഹിഗോയയിലെ ആക്രമണം.

ഡാബ്‌ളോയിലെ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധകുര്‍ബാനയ്ക്ക് എത്തിയവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുണ്ടായ മൂന്നാമത്തെ ക്രൈസ്തവ നരഹത്യയാണ് ഇന്നലെ നടന്നത്. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബുര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്, അൽക്വയ്ദ തീവ്രവാദികളും, പ്രാദേശിക തീവ്രവാദി സംഘടനയായ അൻസറുൽ ഇസ്ലാം എന്ന സംഘടനയും സജീവമാണ്. ഇവര്‍ക്ക് കടിഞ്ഞാണിടുവാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.


Related Articles »