News - 2024

വത്തിക്കാനിലെ വിശ്വവിഖ്യാതമായ പിയാത്ത ശിൽപത്തിന് കൂടുതല്‍ സുരക്ഷ

പ്രവാചകശബ്ദം 26-07-2024 - Friday

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആഗോള പ്രശസ്തമായ കലാസൃഷ്ടികളിലൊന്നായ മൈക്കലാഞ്ചലോയുടെ പിയാത്ത ശിൽപത്തിന് മുന്നിൽ കൂടുതല്‍ സുരക്ഷയൊരുക്കുന്നു. ഒന്‍പത് ബുള്ളറ്റ് പ്രൂഫായ തകരാത്ത ഗ്ലാസ് പാനലുകളാണ് സ്ഥാപിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ബസിലിക്കയിലൂടെ ഓരോ ദിവസവും ഒഴുകുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനും ഉന്നത സുരക്ഷയ്ക്കും പരമാവധി സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ ഗ്ലാസ് പാളികൾ ഒരുക്കുന്നതെന്നു ബസിലിക്കയുടെ പരിപാലനത്തിൻ്റെ ഉത്തരവാദിത്തമുള്ള ഓഫീസായ ഫാബ്രിക്ക ഡി സാൻ പിയെട്രോ പറഞ്ഞു.

വിദഗ്‌ധരുടെ സംഘം പ്രത്യേകം രൂപകൽപന ചെയ്‌ത നൂതനമായ ഹൈടെക് ആങ്കറിംഗ് സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുകയെന്നും ശിൽപത്തിൻ്റെ മികച്ച സംരക്ഷണത്തിനും ആസ്വാദനത്തിനുമായി എല്ലാ ഘടകങ്ങളും ശ്രദ്ധാപൂർവ്വം പഠിച്ചിട്ടാണ് സുരക്ഷാവലയമെന്നും ഫാബ്രിക്ക ഡി കൂട്ടിച്ചേര്‍ത്തു. ജൂബിലി വർഷമായി തിരുസഭ കൊണ്ടാടുന്ന 2025ന് മുന്നോടിയായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ മെയ് മാസത്തിൽ ആരംഭിച്ചത്. സെപ്റ്റംബറിൽ ജോലി പൂർത്തിയാക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

1499-ല്‍ വെറും 23 വയസ്സുള്ളപ്പോള്‍ മൈക്കെലാഞ്ചലോ നിര്‍മ്മിച്ചതാണ് വിശ്വവിഖ്യാതമായ പിയാത്ത ശില്‍പ്പം. കുരിശിൽ ജീവത്യാഗം ചെയ്ത യേശുവിന്റെ ശരീരം മാതാവിന്റെ മടിയിൽ കിടത്തിയതാണ് ഇതിന്റെ പ്രതിപാദ്യം. 1498 നും 1499 നും ഇടയിൽ വെറും ഒമ്പത് മാസത്തിനുള്ളിൽ ഫാബ്രിക്ക വെബ്‌സൈറ്റ് പറയുന്നു.റോമിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ നൂറ്റാണ്ടുകളായി സൂക്ഷിയ്ക്കുന്ന ഈ ശിൽപ്പത്തിന് സമാനമായ നിരവധി ശില്‍പ്പങ്ങള്‍ ലോകമെമ്പാടും ഉണ്ടെങ്കിലും റോമിലെ പിയാത്തയാണ് എക്കാലവും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്.


Related Articles »