Sunday Mirror

മരണത്തെ തോല്‍പ്പിച്ച യോഹന്നാന്‍ അപ്പസ്തോലന്റെ അത്ഭുത ചരിത്രം

സ്വന്തം ലേഖകന്‍ 14-06-2019 - Friday

യേശുവിന്റെ ശിഷ്യന്മാരില്‍ എത്രപേര്‍ പേര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാകും? പലര്‍ക്കും ഉത്തരം മുട്ടിപ്പോകുന്ന ഒരു ചോദ്യമാണ്. ഉത്തരം പത്താണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു ആത്മഹത്യ ചെയ്തപ്പോള്‍ യോഹന്നാൻ അപ്പസ്തോലന്‍റേത് സ്വാഭാവിക മരണമായിരുന്നു. അദ്ദേഹം ഒന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് മരിക്കുന്നത്. ഒരു സുവിശേഷവും പുതിയ നിയമത്തിലെ മൂന്നു ലേഖനങ്ങളും വെളിപാട് പുസ്തകവും എഴുതിയത് യോഹന്നാൻ അപ്പസ്തോലനാണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. അതേസമയം തന്നെ സുവിശേഷത്തിൽ യേശു ഏറ്റവും അധികമായി സ്നേഹിച്ചിരുന്ന ശിഷ്യൻ ആരാണ് എന്ന ചോദ്യത്തിന് 'യോഹന്നാൻ' എന്ന പേരാണ് മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. അതിനെ സാധൂകരിക്കുന്നതാണ് അന്ത്യനിമിഷത്തിലെ അവിടുത്തെ ഏല്‍പ്പിച്ചുകൊടുക്കല്‍.

കുരിശിൽ കിടന്ന് യേശു തന്റെ അമ്മയായ മറിയത്തെ ഭരമേൽപ്പിക്കുന്നത് യോഹന്നാനെയാണ്. ഏറ്റവും പ്രായം കുറഞ്ഞ ശിഷ്യനും യോഹന്നാനായിരുന്നുവെന്ന്‍ കരുതപ്പെടുന്നു. ഇതിനാലാണ് ചരിത്രകാരന്മാർ യോഹന്നാൻ എഡി 98വരെ ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തുന്നത്. പത്രോസ് തലകീഴായി കുരിശിൽ മരിക്കുകയും, തോമാശ്ലീഹാ കുന്തത്താൽ കൊല്ലപ്പെടുകയും യൂദാതദേവൂസ് അമ്പുകളാൽ കൊല്ലപ്പെടുകയും മറ്റു ശിഷ്യന്മാരും ഇപ്രകാരം അതിക്രൂരമായി കൊല ചെയ്യപ്പെടുകയും ചെയ്തപ്പോൾ യോഹന്നാൻ മാത്രം ഇപ്രകാരമുള്ള വധശിക്ഷകളിൽ നിന്നും എങ്ങനെ രക്ഷപ്പെട്ടുയെന്ന് നമ്മൾ സ്വഭാവികമായും ചിന്തിച്ചേക്കാം.

എന്നാൽ സുവിശേഷവത്ക്കരണത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ വിറളിപൂണ്ട അധികാരികള്‍ യോഹന്നാനെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരിന്നു. അദ്ദേഹം അതിൽ നിന്നൊക്കെ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. ഇത്തരത്തില്‍ നടന്ന ഒരു അത്ഭുത സംഭവത്തിന്റെ ഓര്‍മ്മ ഇന്നും സഭയുടെ എടുകളിലുണ്ട്. ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം യോഹന്നാനെ ബന്ധനസ്ഥനാക്കി റോമിലേയ്ക്ക് കൊണ്ടുവരികയും മരണ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കൊളോസിയത്തിൽവെച്ച് കാണികളുടെ മുമ്പാകെ തിളക്കുന്ന എണ്ണയിൽ അപ്പസ്തോലനെ കൊല്ലാനായിരുന്നു അധികാരികള്‍ നിശ്ചയിച്ചിരിന്നത്.

എണ്ണ തിളപ്പിച്ച് സേനാംഗങ്ങൾ യോഹന്നാനെ അതിലേയ്ക്ക് തള്ളിയിട്ടു. എന്നാൽ എണ്ണയിൽ വീണ് ഒരു പോറൽ പോലും ഏൽക്കാതെ പുറത്തുവന്ന യോഹന്നാനെയാണ് അവർ കണ്ടത്. പടയാളികളേയും അധികാരികളെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ കണ്ണുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനും ഒരുപാട് അപ്പുറത്തായിരിന്നു അത്. മനുഷ്യന്റെ യുക്തിക്ക് അപ്പുറത്ത് നടന്ന സംഭവം നേരിട്ടു കണ്ടുനിന്ന പലരും ക്രൈസ്തവ വിശ്വാസികളായെന്നു ചരിത്രത്തിൽ പറയുന്നു. അപ്പസ്തോലനെ കൊല്ലാൻ സാധിക്കാത്തതിൽ കലിപൂണ്ടും, നാണക്കേട് മൂലവും അദ്ദേഹത്തെ റോമിലെ ഭരണാധികാരി ഗ്രീസിലെ പാത്മോസ് ദ്വീപിലേക്ക് നാടുകടത്തുകയാണ് ഉണ്ടായത്.

ഈ ദ്വീപില്‍വെച്ചാണ് പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടലില്‍ അദ്ദേഹം വെളിപാട് പുസ്തകം എഴുതുന്നത്. മരണത്തിന്റെ താഴ്വരയിലേക്ക് മനുഷ്യന്‍ വഴിവെട്ടിയിട്ടും അതിനെ അതിജീവിച്ച ക്രിസ്തുവിന്റെ ഈ പ്രിയപ്പെട്ട ശിഷ്യന്‍ എ.ഡി 98ല്‍ എഫേസൂസില്‍ വച്ച് സ്വഭാവിക മരണം പ്രാപിക്കുകയാണുണ്ടായത്. മുന്നോട്ടുള്ള ജീവിതം അസാധ്യമെന്ന് തോന്നുന്ന നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ യോഹന്നാന്‍ അപ്പസ്തോലന്നുണ്ടായ അനുഭവം നമ്മുക്കും സ്മരിക്കാം. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ അവര്‍ണ്ണനീയമാണ്..!


Related Articles »