News - 2024

"ലൗദാത്തെ ദേയും"; ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു

പ്രവാചകശബ്ദം 05-10-2023 - Thursday

വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ പ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. ഇന്നലെ ഒക്ടോബർ നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് 'ലൗദാത്തെ ദേയും' അഥവാ 'ദൈവത്തെ സ്തുതിക്കുവിന്‍' എന്ന പേരില്‍ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചത്. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പുമായുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉള്‍പ്പെടുന്നു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റി നിർത്തി ഇനിയും അന്വേഷിച്ചു പോകുന്നത് ആരോഗ്യകരമല്ലായെന്നും പ്രതിസന്ധി മറികടക്കുവാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പ അഭിപ്രായപ്പെട്ടു. വഞ്ചനകളും വാഗ്ദാനങ്ങളും നൽകി മനുഷ്യരെ ചൂഷണം ചെയുന്ന അധികാരവും ആധിപത്യവും, പാവപെട്ട ജനങ്ങളുടെ ജീവിതം തകർക്കുന്ന പ്രവണതയെയും പാപ്പ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോള പൊതുനന്മ ഉറപ്പാക്കാൻ അധികാരമുള്ള കൂടുതൽ ഫലപ്രദമായ ആഗോള സംഘടനകൾ രംഗത്തേക്ക് കടന്നുവരണമെന്ന് പാപ്പ കുറിച്ചു.

രണ്ടുമാസങ്ങൾക്കകം ദുബായിൽവെച്ചുനടക്കുന്ന COP 28 സമ്മേളനത്തിൽ കാലാവസ്ഥ പ്രതിസന്ധിയില്‍ ഇടപെടലുകള്‍ ഉണ്ടാകാനും ലേഖനം ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരായ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പ ലേഖനം എഴുതിയിരിക്കുന്നതെന്ന് 'വത്തിക്കാന്‍ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക താൽപ്പര്യങ്ങൾക്കായി പരിസ്ഥിതി പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട് നടത്തുന്ന 'നിരുത്തരവാദപരമായ പരിഹാസം' അവസാനിപ്പിക്കാനും ലേഖനത്തില്‍ ആഹ്വാനമുണ്ട്.


Related Articles »