Faith And Reason - 2024

ദേവാലയം തകർത്താലും ദൈവവിളി തകർക്കാൻ കഴിയില്ല: ഫ്രാൻസ് നൽകുന്ന പാഠം

സ്വന്തം ലേഖകൻ 04-07-2019 - Thursday

പാരീസ്: ദേവാലയ ആക്രമണങ്ങളെ തുടർന്ന് കുപ്രസിദ്ധിയാർജിച്ച ഫ്രാന്‍സില്‍ പൗരോഹിത്യം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഫ്രഞ്ച് കത്തോലിക്ക വാര്‍ത്താപത്രമായ ലാ ക്രോയിക്സിന്റെ റിപ്പോർട്ട് പ്രകാരം ഈ വര്‍ഷം ഫ്രാന്‍സില്‍ 125 പേരാണ് തിരുപട്ട സ്വീകരണം നടത്തുവാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും പത്തു ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2018-ൽ പൗരോഹിത്യം സ്വീകരിച്ചവരുടെ എണ്ണം നൂറ്റിപതിനാലായിരുന്നു.

ഇത്തവണ തിരുപ്പട്ടം സ്വീകരിക്കുന്നവരിൽ 82 പേര്‍ രൂപത വൈദികരും, 45 പേര്‍ വിവിധ സന്യാസ സഭാംഗങ്ങളിൽ നിന്നുള്ളവരുമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പട്ടസ്വീകരണങ്ങളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ബെല്‍ഫോര്‍ട്ട്‌-മോണ്ട്ബെലിയാര്‍ഡ്, നാന്‍സി എന്നീ രൂപതകളില്‍ നിന്നും ഈ വര്‍ഷം 2 പേര്‍ വീതം പൗരോഹിത്യം സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം മൊത്തം 56 രൂപതകളിലാണ് പുതിയ പട്ടസ്വീകരണം രേഖപ്പെടുത്തുന്നത്.

സന്യാസസഭകളില്‍ സെന്റ്‌ മാര്‍ട്ടിന്‍ സഭയിലാണ് ഏറ്റവും കൂടുതല്‍ തിരുപ്പട്ടസ്വീകരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തവര്‍ഷവും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കോണ്‍ഗ്രിഗേഷനിൽ നിന്നും 11 ഡീക്കന്‍മാരാണ് അടുത്ത ജൂണ്‍ 28ന് തിരുപ്പട്ട സ്വീകരിക്കാൻ കാത്തിരിക്കുന്നത്. പ്രീസ്റ്റ്ലി ഫ്രറ്റേര്‍ണിറ്റി ഓഫ് സെന്റ്‌ പീറ്റര്‍ സഭയില്‍ നിന്നും 4 പേരാണ് പട്ടസ്വീകരണം നടത്തി. ഈശോ സഭയില്‍ നിന്നും 4 തിരുപ്പട്ടസ്വീകരണങ്ങളാണ് ഉണ്ടാവുക. ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദി കിംഗ് സഭകളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് ഉള്ളത്. ഡൊമിനിക്കന്‍ സഭയില്‍ നിന്നും നാലും, കാര്‍മ്മലൈറ്റ്‌ സഭയില്‍ നിന്നു മൂന്നും, കമ്മ്യൂണിറ്റി ഓഫ് സെന്റ്‌ ജോണില്‍ നിന്നും രണ്ടും തിരുപ്പട്ട സ്വീകരണങ്ങള്‍ ഉണ്ടാവും. ഫ്രാൻസിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണം നടക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പള്ളികൾ തകർത്താലും ദൈവവിളി തകർക്കാൻ കഴിയില്ല എന്ന ശക്തമായ സന്ദേശമാണ് ഈ പുതിയ റിപ്പോർട്ട് നൽകുന്നത്.


Related Articles »