News - 2025
കത്തോലിക്ക സഭയുടെ അനാഥാലയത്തിന് ജോര്‍ദ്ദാന്‍ രാജാവിന്റെ കൈത്താങ്ങ്
സ്വന്തം ലേഖകന്‍ 21-09-2019 - Saturday
അഞ്ചാര: കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയത്തിന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദല്ല രണ്ടാമന്റെ കൈത്താങ്ങ്. അഞ്ചാരയിലെ ഔര്‍ ലേഡി ഓഫ് ഓഫ് ദി മൗണ്ട് ഇടവകയിലെ ആരോരുമില്ലാത്തവരുടെ അഭയ കേന്ദ്രമായ 'മേരി മദര്‍ ഓഫ് ഹോപ്’ അനാഥാലയത്തിനു അബ്ദല്ല രാജാവ് മിനി ബസ്സാണ് സംഭാവന ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത കുട്ടികളേയും, കൗമാരക്കാരേയും ചേര്‍ത്തുപിടിക്കുന്ന അഭയകേന്ദ്രമാണ് ‘മേരി മദര്‍ ഓഫ് ഹോപ്’ അനാഥാലയം. 'ഇന്‍കാര്‍നേറ്റ് വേര്‍ഡ്' എന്ന കോണ്‍ഗ്രിഗേഷന് കീഴിലുള്ള വൈദികരും സിസ്റ്റേഴ്സുമാണ് ഈ അഗതിമന്ദിരത്തിന് നേതൃത്വം വഹിക്കുന്നത്.
2017-ല്‍ ജോര്‍ദ്ദാനിലെ പാട്രിയാര്‍ക്കല്‍ വികാര്‍ ആയിരുന്ന ബിഷപ്പ് വില്ല്യം ഷോമാലിയാണ് ‘നൈറ്റ്സ് ഓഫ് ദി ഹോളി സെപ്പള്‍ച്ചര്‍’ന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ഈ അനാഥാലയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ജോര്‍ദ്ദാന്‍ രാജാവ് ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുന്നത്. ജറുസലേമിലെ പ്രശസ്തമായ തിരുക്കല്ലറ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് 2018 നവംബര്‍ മാസം ജോര്‍ദാന്‍ രാജാവിനു ലഭിച്ച ടെമ്പിള്‍ടണ്‍ അവാര്‍ഡ് തുകയുടെ നല്ലൊരു ഭാഗം നീക്കിവച്ചിരിന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്തയായി മാറിയിരിന്നു.