News - 2025
ചാൾസ് രാജാവും കാമില രാജ്ഞിയും മാർപാപ്പയെ സന്ദര്‍ശിക്കുന്നതിനായി വത്തിക്കാനിലേക്ക്
പ്രവാചകശബ്ദം 11-02-2025 - Tuesday
ലണ്ടന്‍: ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിക്കുന്നതിനായി ഏപ്രിലിൽ വത്തിക്കാനിലേക്ക് യാത്ര തിരിക്കുമെന്ന് ബക്കിംഗ്ഹാം പാലസ്. ഏപ്രിൽ ആദ്യ വാരത്തില്‍ ഇരുവരും പരിശുദ്ധ സിംഹാസനത്തിലേക്കും ഇറ്റലിയിലേക്കും സന്ദർശനങ്ങൾ നടത്തുമെന്നാണ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം വ്യക്തമാക്കി.
പരമ്പരാഗതമായി 25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വർഷമാണെന്നും 'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന നിലയിൽ ഒരുമിച്ച് നടക്കുന്ന ഒരു വർഷമാണിതെന്നും ബക്കിംഗ്ഹാം പാലസ് അനുസ്മരിച്ചു. 2000-ല്‍ നടന്ന മഹാജൂബിലി വർഷത്തിൽ എലിസബത്ത് രാജ്ഞി വത്തിക്കാനില്‍ സന്ദര്‍ശനം നടത്തി ജൂബിലി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരിന്നു. രാജാവെന്ന നിലയിൽ ചാൾസ് രാജാവ് ഇറ്റലിയിലെത്തുന്നത് ആദ്യമായിട്ടാണ്.
അതേസമയം ഫ്രാൻസിസ് മാർപാപ്പയുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. "സമാധാനത്തിൻ്റെ മനുഷ്യൻ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്. 2025 ജൂബിലി വര്‍ഷത്തില്‍ ആഗോള ശ്രദ്ധ നേടിയ നിരവധി ലോക നേതാക്കളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)