News - 2024

പത്തിന കര്‍മപരിപാടികള്‍: അസാധാരണ മിഷന്‍ മാസത്തിന് സീറോ മലബാര്‍ സഭയും ഒരുങ്ങി

21-09-2019 - Saturday

കൊച്ചി: മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തില്‍ പ്രത്യേക ഒരുക്കങ്ങളുമായി സീറോ മലബാര്‍ സഭയും. സഭയ്ക്കു കീഴിലുള്ള രൂപതകളുടെയും സന്യാസ സഭകളുടെയും അല്‍മായ പ്രേഷിത മുന്നേറ്റങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പത്തിന കര്‍മപരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച 'സുവിശേഷവല്‍ക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കമ്മീഷ'നും സീറോ മലബാര്‍ മിഷനും സംയുക്തമായി നടത്തിയ ആലോചനകളുടെ ഫലമായി രൂപംകൊണ്ട കര്‍മപരിപാടികളാണ് ഒക്ടോബര്‍ മാസത്തില്‍ പ്രാവര്‍ത്തികമാക്കുക.

1. ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും പാപ്പ നിര്‍ദേശിച്ചിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുക. ഈ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ കമ്മീഷന്റെ വെബ്‌സൈറ്റിലും രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും വെബ്‌സൈറ്റുകളിലും ഉടന്‍ ലഭ്യമാക്കും.

2. ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും 'ഫിയാത്ത് മിഷന്റ' സഹകരണത്തോടെ ലഭ്യമാക്കും.

3. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം നിര്‍ദേശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥ വായനകള്‍ അടിസ്ഥാനമാക്കി ഒക്ടോബര്‍ മാസത്തിലെ അനുദിന വചനവ്യാഖ്യാനവും അനുബന്ധ വിചിന്തനങ്ങളും ദിവ്യകാരുണ്യ മിഷനറി സഭയുടെ (എം.സി.ബി.എസ്) ഓണ്‍ലൈന്‍ lifeday.online മാധ്യമത്തിന്റെ സഹായത്തോടെ ലഭ്യമാക്കും.

4. ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍, ദൈവാലയങ്ങളിലെ ഒരു ദിവസത്തെ പരിശുദ്ധ കുര്‍ബാനയും ആരാധനയും ജപമാലയും മിഷനുവേണ്ടി സമര്‍പ്പിക്കുക.

5. രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്‍മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്‍കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും സംഘടിപ്പിക്കുക. ഫിയാത്ത് മിഷന്റെയും ക്രിസ്റ്റീന്‍ ടീമിന്റെയും സഹകരണവും സഹായവും ഇക്കാര്യത്തിന് ലഭ്യമാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍, സാധാരണ നടത്തപ്പെടുന്ന ധ്യാനങ്ങളില്‍ ഒരു പ്രഭാഷണമെങ്കിലും മിഷനെക്കുറിച്ചുള്ളതാക്കുക.

6. മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷ്ണതയോടെ ആഘോഷിക്കുക. ആ ദിവസമോ അല്ലെങ്കില്‍ ഒക്ടോ ബര്‍ മാസത്തിലെ മറ്റേതെങ്കിലും ഞായറാഴ്ചയോ ഒരു മിഷനറി വൈദികന്റെ അനുഭവം ജനങ്ങളുമായി പങ്കുവെക്കാനുള്ള അവസരമൊരുക്കുക.

7. ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറാഴ്ചയോ ജപമാല സമാപനത്തോട് അനുബന്ധിച്ചോ ഒരു മിഷന്‍ റാലി സംഘടിപ്പിക്കുക.

8. എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു ദിവസം മിഷന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുക. അതിനുവേണ്ടിയുള്ള സഹായവും പോസ്റ്ററുകളും രൂപതാ കേന്ദ്രങ്ങളിലും സമര്‍പ്പിത സമൂഹങ്ങളുടെ കേന്ദ്രഭവനങ്ങളിലും വെബ്‌സൈറ്റുകളിലും 'ഫിയാത്ത് മിഷന്റെ' സഹകരണത്തോടെ ലഭ്യമാക്കും.

9. ഒക്ടോബര്‍ മാസത്തെയോ നവംബര്‍ മാസത്തെയോ കുടുംബകൂട്ടായ്മകളിലെ വിചിന്തന വിഷയം മിഷനെക്കുറിച്ചുള്ളതാക്കുക. ഇതിന് സഹായകരമായ ലഘുലേഖ സീറോ മലബാര്‍ സഭയുടെ പ്രേഷിത മുന്നണിയായ എം.എസ്.ടി സമൂഹത്തിന്റെ സഹായത്തോടെ ലഭ്യമാക്കും.

10. ഇടവകതലത്തിലും രൂപതാതലത്തിലും സമര്‍പ്പിത സമൂഹതലത്തിലും മിഷന്‍ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുക. സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍വെച്ച് എല്ലാ രൂപതകളില്‍നിന്നും സമര്‍പ്പിത സമൂഹങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ക്കായി നവംബറില്‍ ഒരു മിഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.

പ്രേഷിതപ്രവര്‍ത്തനം സഭയുടെ മൗലികസ്വഭാവവും അവകാശവുമാകയാല്‍ ക്രൈസ്തവ വിശ്വാസികളായ നമുക്കെല്ലാവര്‍ക്കും സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ അവകാശവും കടമയുമുണ്ട് എന്ന ഓര്‍മപ്പെടുത്തലോടെയാണ് സഭാ സിനഡ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് അസാധാരണ മിഷന്‍ മാസാചരണം നടക്കുക.


Related Articles »