India - 2024

'വിവാഹിതർക്കും ഗർഭിണികൾക്കും തൊഴിൽ സ്ഥലങ്ങളിൽ പ്രത്യേക പരിഗണന നൽകണം'

സ്വന്തം ലേഖകന്‍ 04-12-2019 - Wednesday

തൃശൂർ: ആധുനിക കാലഘട്ടത്തിൽ തൊഴിൽസ്ഥലങ്ങളിൽ വിവിഹിതർക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകുവാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ തൃശൂർ മേഖല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗർഭിണികൾക്ക്‌ അനുകൂലമായ നിയമങ്ങളും നയങ്ങളും സ്വീകരിക്കുന്നതിനെ സമിതി സ്വാഗതം ചെയ്തു. ഗർഭിണികൾക്ക്‌ ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ ഉറപ്പുവരുത്തുവാൻ ശ്രമിക്കുമ്പോൾ തൊഴിൽ നൽകുന്നവർ, വിവാഹിതർ ഗർഭിണികൾ എന്നിവരെ ഒഴിവാക്കാതെയും നീക്കംചെയ്യാതെയും ശ്രദ്ധിക്കണമെന്നും സമ്മേളനം.നിർദേശിച്ചു.

പ്രേഷിത പ്രോലൈഫ് കുടുംബങ്ങൾ സഭയോടൊപ്പം സമൂഹത്തിൽ ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പരിശ്രമിക്കുമെന്നു സമ്മേളനം ഉത്‌ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ്‌ സാബു ജോസ് പറഞ്ഞു. തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് അടുത്തുള്ള കുടുംബപ്രേഷിത കേന്ദ്രത്തിൽ നടന്ന സമ്മേളനത്തില്‍ തൃശൂർ മേഖലാ ഡയറക്ടർ ഫാ .ഡെന്നി താന്നിക്കൽ അധ്യക്ഷത വഹിച്ചു. 'പ്രേഷിത പ്രോലൈഫ് കുടുംബങ്ങൾ സഭയിലും സമൂഹത്തിലും' എന്നതായിരുന്നു മുഖ്യവിചിന്തന വിഷയം. യോഗത്തില്‍ 2019 ലെ തൃശൂർ മേഖലയിലെയും രൂപതകളിലെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത വര്‍ഷത്തെ കർമ്മപദ്ധതികൾക്കു രൂപം നൽകുകയും ചെയ്തു.

സംസ്ഥാന സമിതിയുടെ വൈസ് പ്രസിഡണ്ട് ജെയിംസ് ആഴ്ച്ചങ്ങാടൻ സെക്രട്ടറി വർഗീസ് എം എ, മേഖലാ പ്രസിഡണ്ട് ജോളി ജോസഫ്, സെക്രട്ടറി നവോമി ടീച്ചർ, ബ്രിസ്റ്റോ കോട്ടപ്പുറം, ഇസി ജോർജുമാസ്റ്റർ, റോസിലി മാത്യു, ഷീബാ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിൽ ഇരിഞ്ഞാലക്കുട രൂപതയിൽ മേഖല പ്രോലൈഫ് ശില്പശാല, സെപ്റ്റംബർ മാസം പ്രോലൈഫ് അധ്യാപക സമ്മേളനം, മറ്റു രൂപതകളിൽ സമർപ്പിത പ്രോലൈഫ് സംഗമം, കാരുണ്യ പ്രവർത്തക സമ്മേളങ്ങൾ എന്നിവ നടത്തുവാനും തീരുമാനിച്ചു.


Related Articles »