Daily Saints. - April 2024

April 20: മോണ്ടെ പുള്‍സിയാനോവിലെ വിശുദ്ധ ആഗ്നസ്

സ്വന്തം ലേഖകന്‍ 20-04-2024 - Saturday

ടസ്കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം മുട്ടിന്മേല്‍ നിന്ന് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും’ ചൊല്ലുക ആഗ്നസിന്‍റെ പതിവായിരുന്നു. ഒമ്പത് വയസ്സായപ്പോള്‍ ആഗ്നസിനെ അവളുടെ മാതാപിതാക്കള്‍ സാക്കിന്‍സിലുള്ള വിശുദ്ധ ഫ്രാന്‍സിസിന്റെ ആശ്രമത്തില്‍ ചേര്‍ത്തു. കര്‍ക്കശമായ സന്യാസ സമൂഹത്തില്‍, സകലര്‍ക്കും മാതൃകയായി അവള്‍ വളര്‍ന്നു വന്നു.

15 വയസ്സായപ്പോള്‍ ഓര്‍വീറ്റോ രാജ്യത്തെ പ്രോസേനോയിലുള്ള വിശുദ്ധ ഡോമിനിക്കിന്റെ സന്യാസിനീ സഭയിലേക്ക് അവള്‍ മാറി. അധികം താമസിയാതെ തന്നെ നിക്കോളാസ് നാലാമന്‍ പാപ്പ, വിശുദ്ധയെ അവിടത്തെ ആശ്രമാധിപയായി നിയമിച്ചു. അവള്‍ വെറും തറയില്‍ കിടന്നുറങ്ങുകയും, തലയിണക്ക് പകരം ഒരു പാറകഷണം തന്റെ തലക്ക് കീഴെ വെക്കുകയും ചെയ്യുമായിരുന്നു; ഏതാണ്ട് 15 വര്‍ഷത്തോളം അവള്‍ വെറും അപ്പവും, വെള്ളവും മാത്രം ഭക്ഷിച്ചുകൊണ്ട് സ്ഥിരമായി ഉപവസിക്കുമായിരുന്നുവെന്ന്‍ ചരിത്രകാരന്മാര്‍ പറയുന്നു.

വിശുദ്ധയെ തങ്ങള്‍ക്ക് നഷ്ടപ്പെടാതിരിക്കുവാനും വേണ്ടി അവിടത്തെ നഗരവാസികള്‍ അവിടത്തെ ഒരു ദുര്‍ന്നടപ്പ് കേന്ദ്രം തകര്‍ക്കുകയും, അതിനു പകരമായി ആ സ്ഥലത്ത് ഒരു കന്യകാമഠം പണികഴിപ്പിക്കുകയും, അത് വിശുദ്ധക്ക് നല്‍കുകയും ചെയ്തു. ഇതിനിടെ വിശുദ്ധയെ വിശുദ്ധ ഡൊമിനിക്കിന്റെ നാമത്തില്‍ ഒരു സന്യാസിനീ സഭ സ്ഥാപിക്കുവാന്‍ പ്രേരിപ്പിച്ചു. ആ സഭയുടെ നിയമാവലികള്‍ വിശുദ്ധ തന്നെയാണ് തയ്യാറാക്കിയത്.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വിശുദ്ധയുടെ കഴിവും, പ്രവചനവരവും വിശുദ്ധയെ വളരെയേറെ ജനസമ്മതിയുള്ളവളാക്കി. തന്റെ രോഗാവസ്ഥയിലും വിശുദ്ധയുടെ കാരുണ്യവും, ക്ഷമയും അവളെ ദൈവത്തിനു പ്രിയപ്പെട്ടവളാക്കി. 1317 ഏപ്രില്‍ 20ന് മോണ്ടെ പുള്‍സിയാനോയില്‍ വെച്ച് ആഗ്നസ് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധക്ക് 43 വയസ്സായിരുന്നു പ്രായം. 1435-ല്‍ വിശുദ്ധയുടെ ശരീരം ഓര്‍വീറ്റോയിലെ ഡൊമിനിക്കന്‍ ദേവാലയത്തിലേക്ക് മാറ്റി. ക്ലമന്റ് എട്ടാമന്‍ അവളുടെ നാമം റോമന്‍ രക്തസാക്ഷി സൂചികയില്‍ എഴുതി ചേര്‍ത്തു. 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ആഗ്നസിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍

1. നിക്കോമേഡിയായിലെ വിക്ടര്‍, സോട്ടിക്കൂസ്, സ്നോ, അസിന്‍റിനോസ്, സെസാരയൂസ്,

സെവേരിയാന്‍

2. നിക്കോമേഡിയായിലെ ക്രിസോഫോറസ്, തെയോണാസ്,അന്‍റോന്നിനൂസ്

3. വെക്സിലെ രാജാവായ സീഡ്വാല്ലാ

4. ആഫ്രിക്കയിലെ മാര്‍സെല്ലിനൂസ്, വിന്‍സെന്‍റ്. ദോംനിനൂസ്

5. ഔക്സേറിലെ മാര്‍സിയന്‍

6. സുര്‍പീസിയൂസും സെര്‍വീലിയനും

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »