India - 2025

മാര്‍ ലൂയിസ് പഴേപറമ്പില്‍ ദിവംഗതനായിട്ടു നാളെ നൂറു വര്‍ഷം

സ്വന്തം ലേഖകന്‍ 08-12-2019 - Sunday

കൊച്ചി: എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്ക (ഇന്നത്തെ എറണാകുളംഅങ്കമാലി അതിരൂപതയുടെ പ്രഥമ മെത്രാന്‍) മാര്‍ ലൂയിസ് പഴേപറന്പില്‍ ദിവംഗതനായിട്ടു നാളെ നൂറു വര്‍ഷം. ചരമശതാബ്ദി ദിനമായ നാളെ വൈകുന്നേരം ആറിന് പ്രത്യേകം അനുസ്മരണ ശുശ്രൂഷകള്‍ നടക്കും. വൈദിക വിദ്യാര്‍ഥികളുടെ പ്രാഥമിക പരിശീലനത്തിനു മെത്രാസന മന്ദിരത്തില്‍ തിരുഹൃദയ സെമിനാരിക്കു തുടക്കമിട്ടതും ആലുവ സെന്റ് മേരീസ് ഉള്‍പ്പെടെ വിവിധ പള്ളികള്‍ക്കു കീഴില്‍ നിരവധി സ്‌കൂളുകള്‍, ഇടവകകള്‍, ദേവാലയങ്ങള്‍, അനാഥമന്ദിരങ്ങള്‍, സന്യാസാശ്രമങ്ങള്‍ എന്നിവ സ്ഥാപിക്കാനും മാര്‍ പഴേപറന്പിലിനു കഴിഞ്ഞു. 23 വര്‍ഷമാണ് അദ്ദേഹം അതിരൂപതയ്ക്ക് കരുത്താര്‍ന്ന നേതൃത്വം നല്കിയത്.

ചങ്ങനാശേരിക്കടുത്ത് പുളിങ്കുന്നിലാണു ജനനം. പതിമൂന്നാം വയസില്‍ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയില്‍ ചേര്‍ന്നു. പിന്നീട് മാതൃ ഇടവകയായ പുളിങ്കുന്ന് പള്ളി വികാരിയായി. ബിഷപ്പ് ലവീഞ്ഞിന്റെ സെക്രട്ടറിയായി ഒന്പതു വര്‍ഷം സേവനം ചെയ്ത അദ്ദേഹം 1896 ഒക്ടോബര്‍ 25നു കാന്‍ഡിയില്‍ ഡലഗേറ്റ് അപ്പസ്‌തോലിക്കയായിരുന്ന മോണ്‍. സലെസ്‌കിയില്‍നിന്നാണു മെത്രാന്‍ പട്ടം സ്വീകരിച്ചത്. 1896 നവംബര്‍ അഞ്ചിന് എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയായി ചുമതലയേറ്റു. 1919 ഡിസംബര്‍ ഒന്പതിനു ദിവംഗതനായ മാര്‍ ലൂയിസ് പഴേപറന്പിലിന്റെ കബറിടം എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.