News - 2025

തനിക്കും ബൈലാറ്ററല്‍ ന്യൂമോണിയ ആയിരിന്നു; ഫ്രാന്‍സിസ് പാപ്പയ്ക്ക് കത്തയച്ച് 9 വയസ്സുകാരി

പ്രവാചകശബ്ദം 20-02-2025 - Thursday

മാഡ്രിഡ്: ഫ്രാന്‍സിസ് പാപ്പയ്ക്ക് രോഗമുക്തി ആശംസിച്ച് 9 വയസ്സുകാരി സ്പാനിഷ് പെണ്‍കുട്ടി എഴുതിയ കത്ത് ശ്രദ്ധ നേടുന്നു. സ്പെയിനിലെ സെഗോർബ്-കാസ്റ്റലോൺ (സ്പെയിൻ) രൂപതയിലെ ഒമ്പത് വയസ്സുകാരിയായ മരിയയും മുന്‍പ് ന്യൂമോണിയ ബാധിതയായിരിന്നു. ഫ്രാന്‍സിസ് പാപ്പയെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന ബൈലാറ്ററല്‍ ന്യൂമോണിയ തന്നെയാണ് മരിയയെയും ബാധിച്ചിരിന്നത്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനയും ആശംസയും അറിയിച്ചാണ് മരിയയുടെ കത്ത്.

1857-ൽ വിശുദ്ധ മരിയ റോസ മോളാസും വാൽവെയും ചേർന്ന് സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് കൺസലേഷൻ സന്യാസിനി സമൂഹം നടത്തുന്ന ബുറിയാന പട്ടണത്തിലെ കൺസോളേഷ്യൻ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഈ കൊച്ചു പെൺകുട്ടി. രണ്ട് വർഷം മുമ്പ് ബൈലാറ്ററല്‍ ന്യുമോണിയ പിടിപെട്ട് 12 ദിവസം ആശുപത്രിയിൽ കിടന്നിരിന്നുവെന്ന് പെണ്‍കുട്ടി പാപ്പയ്ക്കു അയച്ച കത്തില്‍ പറയുന്നു. "അതിൽ രണ്ടു ദിവസം ഐ‌സി‌യുവിലായിരിന്നു. എൻ്റെ ആശംസകൾ നേരുന്നതിനാണ് ഞാൻ എഴുതുന്നത്. എത്രയും വേഗം പാപ്പ സുഖം പ്രാപിക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന".

കഴിഞ്ഞ സെപ്തംബറിൽ താൻ മാതാപിതാക്കളോടൊപ്പം റോമിലേക്ക് ഒരു തീർത്ഥാടനത്തിന് എത്തിയിരിന്നുവെന്നും പാപ്പയുടെ പരിപാടിയില്‍ പങ്കെടുക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും മരിയ കത്തില്‍ കുറിച്ചിട്ടുണ്ട്. പക്ഷേ പാപ്പ അന്ന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിലായിരിന്നുവെന്ന ദുഃഖവും അവള്‍ പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യം വേഗം വീണ്ടെടുക്കട്ടെ എന്ന ആശംസയോടെയാണ് കുഞ്ഞ് മരിയയുടെ കത്ത് അവസാനിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഛായാചിത്രവും കത്തിലുണ്ടെന്നത് ശ്രദ്ധേയമാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »