News - 2025
ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി നിശബ്ദ ദിവ്യകാരുണ്യ ആരാധനയുമായി റോം രൂപത
പ്രവാചകശബ്ദം 20-02-2025 - Thursday
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ആറ് ദിവസമായി ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി നിശബ്ദ ദിവ്യകാരുണ്യ ആരാധനയുമായി റോം രൂപത. ഇന്നലെ ഫെബ്രുവരി 19 ബുധനാഴ്ച ഇറ്റാലിയൻ തലസ്ഥാനത്തെ എല്ലാ ഇടവകകളിലും വൈകുന്നേരം 6 മണി മുതലാണ് പ്രത്യേക ദിവ്യകാരുണ്യ ആരാധന നടത്തിയത്. റോം രൂപതയിലെ ഫ്രാൻസിസ് മാർപാപ്പയുടെ വികാരി കർദ്ദിനാൾ ബാൽദസാരെ റീനയാണ് "നിശബ്ദ ആരാധനയുടെ ഒരു മണിക്കൂർ" നടത്താന്‍ വിശ്വാസി സമൂഹത്തോട് നേരത്തെ ആഹ്വാനം ചെയ്തത്. ഇത് വിശ്വാസി സമൂഹം ഏറ്റെടുക്കുകയായിരിന്നു.
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന പദവിയോടൊപ്പം മാര്‍പാപ്പയാണ് റോം രൂപതയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് റോം രൂപതയിലെ ഫ്രാൻസിസ് മാർപാപ്പയുടെ വികാരി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തത്. നമ്മുടെ ബിഷപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയെ ശ്രദ്ധയോടെ പിന്തുടരുകയാണെന്നും സമൂഹ പ്രാർത്ഥന എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി, സായാഹ്ന ബലിക്ക് മുമ്പ് ഒരു മണിക്കൂർ നിശബ്ദ ആരാധനയിൽ പങ്കെടുക്കുവാന്‍ എല്ലാ ഇടവക സമൂഹങ്ങളോടും സന്യസ്തരോടും അഭ്യർത്ഥിക്കുകയാണെന്നായിരിന്നു കർദ്ദിനാൾ ബാൽദസാരെയുടെ വാക്കുകള്‍. ഇതിന്‍ പ്രകാരം വിവിധ ഇടവകകളില്‍ ആരാധന നടന്നു.
അതേസമയം ഇന്ന്‍ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യം സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ രാത്രി ശാന്തമായി ചെലവഴിച്ചുവെന്നും ഇന്ന് രാവിലെ ചാരുകസേരയിൽ ഇരുന്നു പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം വാരാന്ത്യ ജൂബിലി ആഘോഷങ്ങൾ വത്തിക്കാനില്‍ നടക്കാനിരിക്കെ ഞായറാഴ്ച വരെയുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിവിധ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 14നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ചികിത്സ ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
