Life In Christ - 2024

കയ്യേറ്റം ചെയ്തു അധിക്ഷേപിച്ചയാളുടെ കാല്‍ കഴുകി ചുംബിച്ച് ഒരു വൈദികന്‍

സ്വന്തം ലേഖകന്‍ 28-01-2020 - Tuesday

ഇരിങ്ങാലക്കുട: മാള തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം, വികാരിയ്ക്കെതിരെ നടത്തിയ കയ്യേറ്റവും അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളും ചര്‍ച്ചയാകുന്നു. ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീൻ ഊക്കനെ കയ്യേറ്റം ചെയ്തത്. ഇടവക ജനത്തിന് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാതിരിന്ന സംഭവം. വൈകിയില്ല. കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കാത്ത പക്ഷം പോലീസ് കേസ് ഫയല്‍ ചെയ്യുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ നടന്ന സംഭവം ഏവരുടെയും കണ്ണു നിറക്കുന്നതായിരിന്നു. മാപ്പ് പറയാന്‍ എത്തി വ്യക്തി വികാരി ഫാ. നവീൻ ഊക്കനില്‍ കണ്ടത് ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സ്നേഹത്തിന്റെയും ഉദാത്ത ഭാവമായിരിന്നു. വിശുദ്ധ കുർബാന മധ്യേ ഫാ. നവീൻ ഊക്കൻ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവക ജനത്തോടു പറഞ്ഞതു ഇപ്രകാരമായിരിന്നു. 'പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്'. ശേഷം അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു.

ഹൃദയം തുറന്നു ആ വന്ദ്യ വൈദികന്‍ ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...’ എന്നു പറഞ്ഞപ്പോള്‍ ഇടവക ജനം മുഴുവന്‍ കണ്ടത് ക്ഷമയുടെ പുതിയ ദൃശ്യരൂപമായിരിന്നു. "ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം" എന്ന അച്ചന്റെ വാക്കുകള്‍ക്ക് മുന്നില്‍ സ്തംഭിച്ചു നില്‍ക്കാനെ ജനത്തിന് കഴിഞ്ഞുള്ളൂ.

Must Read: ‍ ലോകമേ കാണുക, ഈ ക്രിസ്തീയ സ്നേഹം; മകന്റെ ഘാതകനോട് ക്ഷമിക്കുന്നുവെന്നു ഫാ. സേവ്യറിന്റെ അമ്മ

മലയാള മനോരമ ദിനപത്രം ഇന്നു പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സഭയ്ക്കു പ്രതീക്ഷ നല്‍കുന്നത് ഇത്തരം വൈദികരാണെന്നും ക്ഷമയുടെ ഈ ഭാവം കേരള സഭയില്‍ മുഴുവന്‍ വ്യാപിക്കുകയാണെങ്കില്‍ അത് നവ സുവിശേഷവത്ക്കരണത്തിന് വഴി തുറക്കുമെന്നും നിരവധി പേര്‍ കമന്‍റ് ചെയ്യുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »