News - 2024

യു‌പിയില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാജ ആരോപണവുമായി തീവ്ര ഹിന്ദുത്വ സംഘടന

സ്വന്തം ലേഖകന്‍ 07-02-2020 - Friday

ന്യൂഡൽഹി: ഉത്തർപ്രദേശില്‍ ക്രൈസ്തവ മിഷ്ണറിമാർ നിർബന്ധിത പരിവർത്തനം നടത്തുന്നതായുള്ള ഹൈന്ദവ സംഘടനയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സഭാനേതാക്കന്മാർ. സോനെഭദ്ര, മിർസാപൂർ, ഛന്ദോളി, വാരാണസി, പ്രയാഗ്രജ്, കൗശാമ്പി, അമേത്തി, ജോൻപുർ എന്നിങ്ങനെ ഉത്തർപ്രദേശിലെ എട്ടുജില്ലകളിലായി മുപ്പതിടങ്ങളിൽ നിയമവിരുദ്ധ മതപരിവർത്തനം നടക്കുന്നതായാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ഇത്തരം ആരോപണങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ വിഭജനത്തിനു ചില വിഭാഗീയ ശക്തികൾ ശ്രമിക്കുന്നതായി അലഹബാദ് രൂപത ബിഷപ്പ് റാഫി മഞ്ഞളി യുസിഎ ന്യൂസിനോട് വ്യക്തമാക്കി.

ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന ഈ ആശയത്തിന് തെളിവുകൾ ഒന്നും ഇല്ല. ദളിതരെയും ആദിവാസി മേഖലകളിൽ പാർക്കുന്നവരെയും ഘർവാപസി എന്ന പേരിൽ ഇക്കൂട്ടര്‍ ആശയകുഴപ്പത്തിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം ക്രൈസ്തവരായവരെ തിരികെ ഹൈന്ദവരാക്കുവാൻ ശ്രമം തുടങ്ങുമെന്നാണ് വി‌എച്ച്‌പിയുടെ നിലപാട്. മതപരിവർത്തനം നടക്കുന്നുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു പാർട്ടിയെന്നു വി‌എച്ച്‌പി നേതാവ് അംബരീഷ് സിംഗ് പ്രസ്താവിച്ചിരിന്നു. അനേകര്‍ക്ക് സാന്ത്വനം പകരുന്ന ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ ആതുരാലയങ്ങളെ മതപരിവര്‍ത്തന കേന്ദ്രങ്ങളായാണ് ഹിന്ദുത്വവാദികള്‍ കണക്കാക്കുന്നത്.

മതപരിവർത്തനം ഒരു മാസം മുൻപ് തന്നെ ഭരണകൂടത്തെ അറിയിക്കണമെന്ന നിയമം പാസാക്കിയ രാജ്യത്തെ ഒൻപതാമത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശ്. വി‌എച്ച്‌പി ക്രൈസ്തവർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നു ഡൽഹി ന്യുനപക്ഷ കമ്മീഷൻ മുൻ അംഗം എ. സി മൈക്കിൾ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു‌പിയില്‍ ക്രൈസ്തവര്‍ക്ക് നേരെ അതിക്രൂരമായ അക്രമങ്ങളാണ് നടക്കുന്നത്. വചനപ്രഘോഷകര്‍ക്ക് പുറമേ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം മർദിച്ച സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ നൂറോളം ദേവാലയങ്ങളാണ് അടച്ചു പൂട്ടിയത്. ഇരുപതു കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ മൂന്നരലക്ഷത്തോളം മാത്രമാണ് ക്രൈസ്തവർ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »