Life In Christ - 2024

കൊറോണ: ഭവനരഹിതർക്ക് സെമിനാരി തുറന്ന് നല്‍കിക്കൊണ്ട് ജർമ്മന്‍ കര്‍ദ്ദിനാള്‍

സ്വന്തം ലേഖകന്‍ 30-03-2020 - Monday

കൊളോൺ (ജര്‍മ്മനി): ഇറ്റലിക്കും സ്പെയിനും പിന്നാലെ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണ ഭീതി ഉയര്‍ത്തിയിരിക്കുന്ന ജര്‍മ്മനിയില്‍ ഭവനരഹിതര്‍ക്കായി സെമിനാരികള്‍ തുറന്നു നല്‍കുന്നു. അന്തിയുറങ്ങാൻ ഇടമില്ലാതെ ക്ലേശിക്കുന്ന ഭവനരഹിതർക്ക് വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്നു നല്‍കിക്കൊണ്ട് ജർമനിയിലെ കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്‌നർ മരിയ വോൾകിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ പൊതു സമൂഹത്തെ അറിയിക്കുകയായിരിന്നു.

കൊറോണ മുൻകരുതലിന്റെ ഭാഗമായി വൈദിക വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയതിനാൽ, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതർക്ക് തുറക്കുകയാണെന്നും അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. നിലവില്‍ അറുപത്തിനായിരത്തിനടുത്ത് ആളുകള്‍ക്ക് ജര്‍മ്മനിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു രാജ്യത്തു നിയന്ത്രണം കര്‍ശനമാക്കിയ സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ ശക്തമായ തീരുമാനം. 2018 ജൂലൈ മാസത്തില്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരിന്നു. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ 1,50,000 യൂറോയുടെ സഹായവും അന്ന് കൊളോൺ അതിരൂപത കൈമാറിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »