Life In Christ - 2024

ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ നമുക്ക് മുന്നേറാം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

പ്രവാചക ശബ്ദം 05-04-2020 - Sunday

കൊച്ചി: മഹാമാരിയുടെ അവസ്ഥ ദൈവം അറിയാതെ സംഭവിച്ചതെല്ലെന്നും ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ പ്രത്യാശയോടെ മുന്നോട്ട് പോകാമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ അര്‍പ്പിച്ച ഓശാന ദിവ്യബലിയര്‍പ്പണത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. കൊറോണ പശ്ചാത്തലത്തില്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാത്ത ഓരോരുത്തരുടെയും വിഷമം അറിയാമെന്നും പ്രതികൂലമായ സാഹചര്യമാണെങ്കിലും ഓശാനയുടെ ആത്മീയ പ്രാധാന്യം മനസിലാക്കുവാന്‍ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടച്ചിട്ട നിങ്ങളുടെ ഓരോരുത്തരുടെയും വിഷമം അറിയാം. പ്രതികൂലമായ സാഹചര്യമാണെങ്കിലും ഓശാനയുടെ ആത്മീയ പ്രാധാന്യം നമ്മുക്ക് മനസിലാക്കാന്‍ ശ്രമിക്കാം. താന്‍ ഒരു സാധാരണ മനുഷ്യനായി ജീവിച്ചുവെങ്കിലും തന്റെ രാജകീയ ദിവ്യത്വം ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് അവിടുന്ന് ചെയ്തത്. പടിപടിയായി ജനങ്ങളില്‍ വളര്‍ന്ന് വന്ന യേശുവിനോടുള്ള ആഭിമുഖ്യമാണ് ഓശാന വിളിയായി മാറിയത്. ഇന്ന്‍ നാം നിയന്ത്രങ്ങളോടെ ഇതിന്റെ ഓര്‍മ്മയാചരിക്കുകയാണ്. ഇന്ന് ഓശാന കര്‍ത്താവിന് പാടുന്നതിനോടൊപ്പം സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം ചെയ്യുന്ന, നന്മ വിതക്കുന്ന സകലര്‍ക്കും വേണ്ടി നാം ഓശാന പാടണം.

നമ്മുടെ സമൂഹത്തിന്റെ സുസ്ഥിതിക്ക് വേണ്ടി പോരാടുന്ന ഡോക്ടര്‍മാര്‍ക്ക്, നേഴ്സുമാര്‍ക്ക്, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, ഭരണാധികാരികള്‍ക്ക്, നിയമപാലകര്‍ക്ക് വേണ്ടി നമ്മുക്ക് ഓശാന പാടാം. അവരിലൂടെ ഈശോ ഇന്ന് ജറുസലത്തേക്ക് പ്രവേശിക്കുകയാണ്. ദൈവം നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് സദാ നന്ദി പറഞ്ഞുകൊണ്ടു അവിടുത്തേക്ക് ആരാധനയും സ്തുതിയും പുകഴ്ചയും സമര്‍പ്പിയ്ക്കാമെന്ന വാക്കുകളോടെയാണ് കര്‍ദ്ദിനാള്‍ തന്റെ സന്ദേശം അവസാനിപ്പിച്ചത്.




Related Articles »