Life In Christ - 2024

ലോകം മുഴുവനും വേണ്ടി 24 മണിക്കൂറും പ്രാര്‍ത്ഥനാനിരതരായി ധാക്കയിലെ മിണ്ടാമഠം സന്യാസിനികള്‍

സ്വന്തം ലേഖകന്‍ 14-04-2020 - Tuesday

ധാക്ക: കോവിഡ് 19 രോഗബാധയില്‍ നിന്നു കരകയറാന്‍ പാടുപ്പെടുന്ന ലോകത്തിന് വേണ്ടി 24 മണിക്കൂറും പ്രാര്‍ത്ഥനാനിരതരായി ബംഗ്ലാദേശിലെ മിണ്ടാമഠം സന്യാസിനികള്‍. ഗുരുതരമായ സാഹചര്യത്തില്‍ കണ്ണീരോടെ സ്വർഗത്തിലേക്ക് കരങ്ങൾ ഉയർത്തി ഓരോരുത്തരും പ്രാർത്ഥിക്കുകയാണെന്നു മൈമെൻസിങിലെ പുവർ ക്ലാരേസ് ഓഫ് പെർപെച്വൽ അഡോറേഷൻ ഓഫ് ദ് യുക്കരിസ്ററ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ മദർ മേരി റോസ് പറഞ്ഞു. ഇറ്റലി, അമേരിക്ക, സ്പെയിൻ, ഫ്രാൻസ് എന്നിങ്ങനെ വിവിധ രാഷ്ട്രങ്ങൾ കോവിഡ് രോഗവുമായി പ്രതിസന്ധിയിൽ കഴിയുമ്പോൾ മാരകമായ രോഗത്തിൽ നിന്നും ലോകത്തെ മുഴുവൻ രക്ഷിക്കണമേ എന്ന പ്രാർത്ഥനയാണ് യേശുവിനോടു നിരന്തരം അപേക്ഷിക്കുന്നത്.

പ്രാര്‍ത്ഥനക്കു പുറമെ ഉപവാസ ത്യാഗ പ്രവർത്തികളും സന്യസ്ഥര്‍ അനുഷ്ഠിക്കുന്നുണ്ട്. മൈമെൻസിങിലും ദിനാജ്പൂരിലെയും രണ്ടു ആശ്രമങ്ങളിലുമായി മുപ്പത്തിനാലോളം സന്യസ്തരാണ് സന്യാസിനി സമൂഹത്തിനുള്ളത്. ഇവരെല്ലാം പ്രാര്‍ത്ഥനനിരതരാണ്. രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് പുറമേ ഉടനെ തന്നെ മരുന്ന് കണ്ടെത്താനായി ശാസ്ത്രജ്ഞർക്കു വേണ്ടിയും തങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുന്നതായി മദർ മേരി റോസ് പറഞ്ഞു. സന്യാസവിളി സ്വീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്ന സങ്കടവും മദർ മേരി റോസ് പങ്കുവെച്ചു. എണ്‍പതിനായിരത്തോളം വിശ്വാസികള്‍ ഉള്‍പ്പെടുന്ന മൈമെൻസിങ് രൂപതയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു സന്യാസാർത്ഥി മാത്രമാണ് ആശ്രമത്തിൽ ചേർന്നത്.

ദൈവം നമ്മെ പരീക്ഷിക്കുന്ന കാലഘട്ടമാണിത്. തിന്മ ചെയ്‍തു ദൈവത്തിൽ നിന്നും അകന്നു പോയ മനുഷ്യർക്കു അനുതപിക്കുവായി ഒരു അവസരം ലഭിച്ചിരിക്കുകയാണ്. ഭവനങ്ങളിൽ ആയിരിക്കുമ്പോഴും സൃഷ്ടാവിനോട് പ്രാർത്ഥിക്കുന്ന മനുഷ്യ സമൂഹത്തെയാണ് നാം കാണുന്നത്. നമ്മുടെ പ്രാർത്ഥന കേട്ടു അവിടുന്ന് ഉടനെ തന്നെ പ്രവർത്തിക്കുമെന്നും സിസ്റ്റര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2017ൽ ഫ്രാൻസിസ് മാർപാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിക്കായി അമ്പതിനായിരം തിരുവോസ്തി ഈ സന്യസ്ത സമൂഹം സംഭാവന നൽകിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »