Life In Christ

നിരീശ്വര വിദ്യാഭ്യാസം, പിന്നീട് വൈദികന്‍, ഇപ്പോള്‍ മെത്രാന്‍: നിയുക്ത അൽബേനിയൻ മെത്രാന്‍ ശ്രദ്ധ നേടുന്നു

പ്രവാചക ശബ്ദം 16-04-2020 - Thursday

ടിരാനേ: നിരീശ്വരവാദം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും, പിന്നീട് വൈദികനായി മാറുകയും ചെയ്ത അൽബേനിയൻ വംശജനായ ഫാ. അർജൻ ഡോഡാജിനെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തി. അൽബേനിയയിലെ ടിരാനേ അതിരൂപതയുടെ സഹായമെത്രാനായാണ് 43 വയസുള്ള ഫാ. അർജൻ ഡോഡാജിനെ പാപ്പ നിയമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒന്‍പതാം തീയതി നിയമന ഉത്തരവ് വത്തിക്കാന്‍ പുറപ്പെടുവിക്കുകയായിരിന്നു. അപ്രതീക്ഷിതമായ വന്ന വലിയ ദൌത്യത്തിന്റെ ഞെട്ടലിലാണ് നിയുക്ത മെത്രാന്‍.

അൽബേനിയയിലെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലാണ് അർജൻ ഡോഡാജിന്റെ ജനനം. മതങ്ങളുടെ മേൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന അക്കാലഘട്ടത്തിൽ നിരീശ്വരവാദ വിദ്യാഭ്യാസമാണ് അർജൻ ഡോഡാജിന് ലഭിച്ചത്. അക്കാലഘട്ടത്തില്‍ കുടുംബം കടന്നുപോയി കൊണ്ടിരിന്നതും വലിയ ക്ലേശങ്ങളിലൂടെയായിരിന്നു. എന്നാല്‍ അർജന്റെ വല്യപ്പനും, വല്യമ്മയും അടിയുറച്ച ക്രൈസ്തവ വിശ്വാസികളായിരുന്നു. അന്നു ഗാനങ്ങളിലൂടെയാണ് അവരെല്ലാവരും പ്രാർത്ഥനകൾ പഠിച്ചുകൊണ്ടിരിന്നത്. ജോലി ചെയ്യുന്ന സമയങ്ങളിൽ പോലും വല്യമ്മ ക്രൈസ്തവ ഗാനങ്ങൾ പാടുമായിരുന്നുവെന്ന്‍ ഫാ. അർജൻ സ്മരിക്കുന്നു. വല്യമ്മച്ചിയുടെ ഈ ഗാനങ്ങളിലൂടെയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹം പഠിക്കുന്നത്.

അൽബേനിയയിൽ, കമ്മ്യൂണിസ്റ്റ് സർക്കാർ അടിതെറ്റി വീണതിനു ശേഷം, അർജൻ ഡോഡാജ് കുടുംബത്തോടൊപ്പം ഇറ്റലിയിലേക്ക് അഭയാര്‍ത്ഥിയായി കുടിയേറി. പിന്നീട് വെൽഡറായും, പൂന്തോട്ടക്കാരനായും ജോലിയെടുത്തു. ഇറ്റലിയിൽ നിന്നു തന്നെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ മഹത്വം അദ്ദേഹം മനസ്സിലാക്കുന്നത്. അങ്ങനെ 1997-ല്‍ മാമ്മോദീസ സ്വീകരിച്ചു. പിന്നീട് വൈദികനാകാനുള്ള തീരുമാനമെടുത്തു. 'പ്ലീസ്റ്റ്ലി ഫ്രാറ്റേണിറ്റി ഓഫ് ദി സൺസ് ഓഫ് ദി ക്രോസ്' എന്ന വൈദിക സമൂഹത്തിനു വേണ്ടി ജോൺ പോൾ മാർപാപ്പയാണ് അദ്ദേഹത്തിന് പൗരോഹിത്യം നൽകിയത്. നിരവധി ഇടവകകളിൽ പ്രവർത്തിച്ചതിന് ശേഷം ഏതാനും നാൾ റോമിലെ അൽബേനിയൻ സമൂഹത്തിൻറെ ചാപ്ലിനായും അദ്ദേഹം പ്രവർത്തിച്ചു.

2017ൽ ടിരാനേ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് അന്തോണി ഫ്രെണ്ടോ, അദ്ദേഹത്തെ സ്വദേശത്തേ സേവനത്തിനായി വിളിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രാൻസിസ് മാർപാപ്പ തന്നെ സഹായമെത്രാനായി നിയമിച്ചതിന്റെ ഞെട്ടലിലാണ് ഫാ. അർജൻ. ഇങ്ങനെ ഒരു സ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ മാർപാപ്പ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യം ക്രിസ്തുവിലും, കന്യകാമറിയത്തിലുമുളള പ്രത്യാശയിലും സഭയോടുള്ള അനുസരണം കൊണ്ടും സ്വീകരിക്കുന്നതായും അർജൻ ഡോഡാജ് പറഞ്ഞു. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അല്‍ബേനിയയുടെ 16% ജനങ്ങളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »