Life In Christ - 2025

ക്രൈസ്തവ നേതൃത്വം നല്‍കുന്ന ആത്മീയ ധാര്‍മ്മിക അടിത്തറക്കു നന്ദി അറിയിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 20-04-2020 - Monday

മോസ്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും മറ്റ് സഭാവിഭാഗങ്ങളും തങ്ങളുടെ നിസ്സ്വാര്‍ത്ഥമായ സേവനങ്ങള്‍ വഴി സമൂഹത്തിന്റെ ആത്മീയവും, ധാര്‍മ്മികവുമായ അടിത്തറയെ ശക്തിപ്പെടുത്തുന്നതില്‍ നന്ദി അറിയിച്ച് പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. ഇന്നലെ ഏപ്രില്‍ 19ന് ഈസ്റ്റര്‍ ആഘോഷിച്ച റഷ്യക്കാര്‍ക്കും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സമൂഹത്തിനും ആശംസകള്‍ അറിയിച്ചുള്ള സന്ദേശത്തിലാണ് പ്രസിഡന്റ് നന്ദി അറിയിച്ചത്. ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തികളെ പ്രത്യേകം അഭിനന്ദിച്ച പുടിന്‍ ഈസ്റ്റര്‍ അവധിക്കാലം ജനങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും, പ്രത്യാശയും നിറക്കുന്നുവെന്നു പറഞ്ഞു.

നന്മ, സ്നേഹം, നീതി തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും ജനങ്ങളെ ഒന്നിപ്പിക്കുകയും, കഷ്ടതകളെ മറികടക്കുവാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. എക്കാലത്തേയും പോലെ ഇപ്പോഴും, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും മറ്റ് സഭാവിഭാഗങ്ങളും തങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ വഴി സമൂഹത്തിന്റെ ആത്മീയവും, ധാര്‍മ്മികവുമായ അടിത്തറയെ ശക്തിപ്പെടുത്തുകയും, റഷ്യയുടെ ചരിത്രപരവും, സാംസ്കാരികവുമായ പൈതൃകത്തെ വളര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന് പുടിന്‍ സ്മരിച്ചു.

കുടുംബ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും, യുവാക്കളെ മുന്നോട്ട് കൊണ്ടുവരികയും ചെയ്യുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പുടിന്‍ സന്ദേശത്തില്‍ പരാമര്‍ശം നടത്തി. മറ്റ് സഭകള്‍ ജൂലിയന്‍ കലണ്ടര്‍ പിന്തുടരുമ്പോള്‍ ഗ്രിഗോറിയൻ കലണ്ടർ അടിസ്‌ഥാനമാക്കിയാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാക്രമം. ഈസ്റ്ററിന് സമാനമായി ക്രിസ്‌തുമസ് ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ക്കും റഷ്യന്‍ സഭയില്‍ വ്യത്യാസമുണ്ട്. ഇന്നലെ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകളില്‍ ടെലിവിഷന്‍ വഴി ഭവനങ്ങളില്‍ ഇരിന്നുകൊണ്ടാണ് വിശ്വാസികള്‍ പങ്കുചേര്‍ന്നത്.

റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »