News - 2025
റഷ്യൻ ആക്രമണത്തിൽ യുക്രൈൻ വൈദികന് പരിക്കേറ്റു
പ്രവാചകശബ്ദം 10-01-2025 - Friday
കീവ്: തെക്കൻ യുക്രൈനിലെ ഖെർസൺ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യുക്രൈന്‍ സ്വദേശിയായ ഗ്രീക്ക് കത്തോലിക്ക വൈദികന് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന സെമിനാരിക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. തിയോഫനി ആഘോഷത്തിനായി വൈദിക വിദ്യാര്‍ത്ഥികളോടൊപ്പം യാത്ര ചെയ്യകയായിരുന്ന ഫാ. ഇഹോർ മക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സെമിനാരി അംഗങ്ങള്‍ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. യുക്രൈനിൽ ജീവിക്കുന്നത് അപകടകരമാണെങ്കിലും, ഇവിടെ തുടരാൻ ആഗ്രഹിക്കുന്ന ജനത്തിനൊപ്പം തുടരുകയെന്നത് പുരോഹിതനെന്ന നിലയിൽ തന്റെ വിളിയുടെ ഭാഗമാണെന്ന് ഫാ. മക്കാർ പറഞ്ഞു. തെക്കൻ യുക്രൈനിലുള്ള ഖെർസണിലെ സെലെനിവ്കയ്ക്കടുത്തുവച്ചാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ ഫാ. മക്കാർ ഖെർസണില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഡയറക്ടർ കൂടിയാണ്. ആക്രമണത്തിൽ നേരിട്ട മുറിവുകൾ മൂലം ഉടൻ കാലിൽ ഓപ്പറേഷൻ വേണ്ടിവരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2005 മുതൽ ഖെർസൺ പ്രദേശത്ത് സേവനം ചെയ്തുവരികയാണ് അദ്ദേഹം. റഷ്യ ഖെർസൺ പിടിച്ചെടുത്തപ്പോഴും, പ്രദേശത്തുണ്ടായിരുന്ന ആളുകൾക്ക് മരുന്നുകളും, ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ വൈദികൻ വ്യാപൃതനായിരിന്നു. യുക്രൈൻ പ്രദേശത്തിന്റെ നിയന്ത്രണം തിരികെപ്പിടിച്ചതുമുതൽ ഇവിടെയുള്ള രണ്ട് ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരിരുന്നു.
ജനുവരി ആറാം തീയതി ചില ഓർത്തഡോക്സ് വിഭാഗങ്ങൾ ക്രിസ്തുമസ് ആഘോഷവും, ഗ്രീക്ക് കത്തോലിക്കർ തിയോഫനി തിരുനാളും (പ്രത്യക്ഷീകരണ തിരുനാള്‍) ലത്തീൻ വിശ്വാസികൾ എപ്പിഫനിയും ആഘോഷിക്കുന്നതിനിടെയും, റഷ്യൻ സൈന്യം യുക്രൈനിൽ തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. ഇതേ ദിവസം ഷുമേൻസ്കി പ്രദേശത്ത് റഷ്യൻ സൈന്യം ഒരു ബസിനുനേരെ ഡ്രോൺ ആക്രമണം നടത്തി. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം യുക്രൈനിൽ 574 സാധാരണക്കാർ കൊല്ലപ്പെടുകയും 3082 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.