Life In Christ - 2025

ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് ട്രംപ്: ക്ഷണം സ്വീകരിച്ചതിന് നന്ദിയുമായി കര്‍ദ്ദിനാള്‍ ഡോളന്‍

സ്വന്തം ലേഖകന്‍ 28-04-2020 - Tuesday

ന്യൂയോര്‍ക്ക്: തന്റെ ക്ഷണം സ്വീകരിച്ച് സെന്റ് പാട്രിക് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഓണ്‍ലൈന്‍ മുഖേന പങ്കുചേര്‍ന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിയറിയിച്ച് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കര്‍ദ്ദിനാള്‍ ഡോളന്റെ ക്ഷണം സ്വീകരിച്ച് ട്രംപ് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നത്. ഇതിന് പിന്നാലെ കര്‍ദ്ദിനാള്‍ നന്ദിയറിയിക്കുകയായിരിന്നു. കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും മതസമുദായത്തെ സഹായിക്കുന്ന ട്രംപിന് അഭിനന്ദനവും നന്ദിയും അറിയിച്ച് ശനിയാഴ്ച കര്‍ദ്ദിനാള്‍ രംഗത്ത് വന്നിരിന്നു. പ്രസിഡന്റിന് സഭയോട് പ്രത്യേക മമതയുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ‘ഫോക്സ് ആന്‍ഡ്‌ ഫ്രണ്ട്സ്’നു നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത വ്യക്തമാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച ട്രംപ് അറുനൂറിലധിലം കത്തോലിക്കാ നേതാക്കളുമായി ടെലിഫോണ്‍ കോണ്‍ഫറന്‍സ് നടത്തിയിരിന്നു. കോണ്‍ഫറന്‍സിന് ശേഷം ഞായറാഴ്ച തത്സമയ സംപ്രേഷണം ചെയ്യുന്ന വിശുദ്ധ കുര്‍ബാനയിലേക്ക് മെത്രാപ്പോലീത്ത ട്രംപിനെ ക്ഷണിക്കുകയായിരിന്നു. പ്രസിഡന്റ് ട്രംപും മാന്‍ഹട്ടനിലെ സെന്റ്‌ പാട്രിക്ക്സ് കത്തീഡ്രല്‍ ഇടവകക്കാരും ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ വ്യക്തിപരമായി പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, എന്നാല്‍ കൊറോണ ബാധ ശക്തമായ സംസ്ഥാനങ്ങളിലൊന്നായതിനാല്‍ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ടെന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്നുമാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

മെത്രാപ്പോലീത്തയുടെ ക്ഷണത്തിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ച ട്രംപ് ബലിയര്‍പ്പണത്തില്‍ പങ്കുചേരുകയായിരിന്നു. ആളുകള്‍ക്ക് ജോലിക്ക് പോകുവാന്‍ കഴിയാത്തതിനാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ സഭക്ക് സംഭാവനകള്‍ നല്‍കുന്നുവെന്ന കാര്യം മെത്രാപ്പോലീത്തയും മറ്റ് മതനേതാക്കളും ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‍ കത്തോലിക്ക സ്കൂളുകളെ താന്‍ സഹായിക്കുമെന്നും സഭയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.


Related Articles »