News - 2024

ഈ മാസം അവസാനത്തോടെ ഇറ്റലിയില്‍ പൊതു വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചേക്കും

സി. സോണിയ തെരേസ് 03-05-2020 - Sunday

റോം: ഏകദേശം രണ്ടു മാസത്തെ ലോക് ഡൗണിന് ശേഷം ഇറ്റലിയുടെ വാതിലുകൾ പാതി തുറക്കുന്നു. കൊറോണ ബാധിച്ച് ഇപ്പോഴും 300നും 400 നും ഇടയിൽ മരണവും ഏകദേശം രണ്ടായിരത്തോളം (1900) വ്യക്തികൾക്ക് പുതിയതായ് രോഗം രേഖപ്പെടുത്തുമ്പോഴും തിങ്കളാഴിച്ച (4 മെയ്) ഇൻഡസ്ട്രിയൽ മേഖലയിൽ ജോലി ചെയ്യുന്ന 40 ലക്ഷത്തോളം വ്യക്തികൾ വീണ്ടും ജോലികൾക്ക് തിരിച്ച് കയറുമ്പോൾ ഭയത്തിൻ്റെ നിഴലുകൾ ഓരോ കണ്ണുകളിലും നിഴലിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ നിരവധി നിബന്ധനകളോട് കൂടി പെന്തക്കോസ്ത് തിരുനാളിന് മുമ്പ് ഓരോ ഇടവകകളും വിശ്വാസികളെ ഉൾപ്പെടുത്തി വി. കുർബാന അർപ്പിക്കുവാനുള്ള അനുവാദം ഇന്ന് ഗവൺമെൻ്റിൽ നിന്ന് ലഭിച്ചതായി ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസിൻ്റെ പ്രതിനിധി അറിയിച്ചു (തീയതി നിശ്ചയിച്ചിട്ടില്ല).

ഗവൺമെൻ്റ് പുറപ്പെടുവിച്ച മറ്റ് ഇളവുകൾ ‍

* അത്യാവശ്യം ഇല്ലാതെ ആരും യാത്ര ചെയ്യാൻ പാടില്ല. ഒരു റീജണിൽ (സംസ്ഥാനം) നിന്നും മറ്റൊരു റീജണിലേക്ക് യാത്ര ചെയ്യാൻ അനുവാദം ഇല്ല. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസക്കുകളും കയ്യുറയും ധരിക്കണം. രണ്ട് മീറ്റർ അകലം പാലിക്കണം.

* ഉറ്റബന്ധുക്കളുടെ ഭവനങ്ങൾ സന്ദർശിക്കാം: അതായത് മാതാപിതാക്കളെ, മക്കളെ, സഹോദരങ്ങളെ, കസിൻസ്... തുടങ്ങിയ ഏറ്റവും അടുത്ത ബന്ധുക്കളെ സന്ദർശിക്കാം എന്നാൽ യാതൊരുവിധ ആഘോഷങ്ങൾ പാടില്ല. കൂട്ടുകാരുടെ ഭവനങ്ങളിലോ അവരുമായ് പുറത്ത് കറങ്ങി നടക്കാനോ അനുവാദം ഇല്ല. കുട്ടികളെ സ്വന്തം ഭവനത്തിൻ്റെ 200 മീറ്റർ ചുറ്റളവുകളിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പുറത്തിറക്കാം.

* സ്കൂളുകൾ സെപ്തംബർ മാസത്തിൽ മാത്രമെ ആരംഭിക്കുകയുള്ളു. യൂണിവേഴ്സിറ്റികൾ (കോളേജുകൾ) ഓൺലൈനിൽ കൂടി ക്ലാസുകളും എക്സാമുകളും തുടരും.

* പ്രൊഫഷണൽ കളിക്കാർക്കും അത്‌ലറ്റിക്സ് പോലുള്ള വ്യക്തിപരമായ കായിക ഇനം ചെയ്യുന്നവർക്കും പരിശീലനങ്ങൾ പുനരാരംഭിക്കാൻ ഗവൺമെൻ്റ് അനുവാദം നൽകി.

* റെസ്റ്റോറൻ്റുകളും ബാറുകളും ബ്യൂട്ടിപാർലറുകളും ജൂൺ ആദ്യവാരം മാത്രമെ തുറക്കാൻ അനുവാദം ഉള്ളു.

രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം അല്പം ഇളവുകൾ നൽകുമ്പോൾ ഗവൺമെൻ്റ് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നത് "എല്ലാവരും അതീവശ്രദ്ധ ഉള്ളവരായിരിക്കണം അതുപോലെതന്നെ ഒരു വാക്സിൻ കണ്ടുപിടിക്കുന്നതുവരെ തങ്ങളുടെ അനുദിനജീവിത ശൈലികളിൽ മാറ്റങ്ങൾ വരുത്തുവാൻ പരിശ്രമിക്കണം. കൊറോണയോട് ഒപ്പം ജീവിക്കാൻ ഓരോരുത്തരും പരിശീലിക്കണം" എന്നാണ്.

ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ "നാം വിവേകം ഉള്ളവരും അനുസരണമുള്ളവരുമാകാൻ ശ്രദ്ധിക്കാം". നാം ഓരോരുത്തരുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും ഒപ്പം അപരൻ്റെയും ഈ രാജ്യത്തിൻ്റെയും ഭാവി ഇനി മുതൽ നാം ഓരോരുത്തരെയും ആശ്രിയിച്ചാണ്. ചെറിയ ഒരു പിഴവ് വന്നാൽ എല്ലാം തകർന്നടിയും.

റിപ്പോര്‍ട്ട്: ‍ ഇറ്റലിയില്‍ നിന്ന്‍ സി. സോണിയ തെരേസ് ഡി. എസ്. ജെ


Related Articles »