News

പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് ഹംഗറിയും ഇറ്റലിയും

പ്രവാചകശബ്ദം 13-11-2023 - Monday

റോം: പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന വിഭാഗത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. വത്തിക്കാനിൽ നടന്ന ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മതസ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇറ്റലിയുടെ പ്രത്യേക പ്രതിനിധി ഡേവിഡ് ഡയോനിസി അടക്കമുള്ള ഇറ്റാലിയൻ സർക്കാർ പ്രതിനിധികളുമായും ചർച്ച നടത്തി.

മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഇറ്റലിയും, ഹംഗറിയും കാണിക്കുന്ന പ്രതിബന്ധത ചർച്ചാവിഷയമായി. വിശ്വാസത്തിനു വേണ്ടി പീഡനം സഹിക്കുന്ന വിഭാഗങ്ങളിൽ ഏറ്റവും വലിയ വിഭാഗം ക്രൈസ്തവരാണെന്നത് ലോകം പലപ്പോഴും വിസ്മരിക്കുന്ന കാര്യമാണെന്ന് ആസ്ബേജ് പറഞ്ഞു. കോൺഫറൻസിൽ വച്ച് പീഡിത ക്രൈസ്തവർക്ക് സഹായം നൽകാൻ ഹംഗറി ആരംഭിച്ച ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. 2016ൽ ഇതിന് രൂപം നൽകിയതിനു ശേഷം മുന്നൂറോളം പദ്ധതികളിലൂടെ 50 രാജ്യങ്ങളിലായി 15 ലക്ഷത്തോളം ആളുകൾക്കാണ് സഹായങ്ങൾ നൽകിയത്.

ഏകദേശം 30 കോടിയോളം ക്രൈസ്തവർ വിശ്വാസത്തെ പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഹംഗറി ഹെൽപ്പ്സിന്റെ പ്രധാന ചുമതല വഹിക്കുന്ന ട്രിസ്റ്റൺ ആസ്ബേജ് പറഞ്ഞു. സുവിശേഷവത്കരണത്തിന് വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ സെക്ഷൻ ഓഫ് ഫസ്റ്റ് ഇവാഞ്ചലൈസേഷന്റെ സെക്രട്ടറിയായ ഫോർത്തുനാത്തൂസ് നാച്ചുക്ക്വൂ ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് സഹായം നൽകുന്നതിന് ഹംഗറിക്ക് നന്ദി പറഞ്ഞു. ആഫ്രിക്കയും, പാശ്ചാത്യ ദേശവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഹംഗറി തങ്ങളുടെ സംഭാവന നൽകുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെയും മുറുകെ പിടിക്കുന്ന ഭരണകൂടങ്ങളാണ് ഇറ്റലിയിലും ഹംഗറിയിലും നിലവിലുള്ളത്. കത്തോലിക്ക വിശ്വാസിയായ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തന്റെ പ്രസംഗങ്ങളിൽ ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട്. എൽജിബിടി ചിന്താഗതിയെ ശക്തമായി എതിര്‍ത്തും പ്രോലൈഫ് കുടുംബങ്ങള്‍ക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്തും ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായി സംസാരിച്ചും ശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് മെലോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ നേതാവാണ് ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടർ ഒർബനും. ക്രൈസ്തവ മൂല്യങ്ങളെ കേന്ദ്രീകരിച്ചു ഭരണം നടത്തുന്ന അദ്ദേഹം യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം പുനര്‍ജീവിപ്പിക്കാന്‍ ശക്തമായി ഇടപെടുന്ന ചുരുക്കം യൂറോപ്യന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »