News
അന്താരാഷ്ട്ര മുന്നറിയിപ്പുകൾ തള്ളി ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി മുന്നോട്ട്
പ്രവാചക ശബ്ദം 01-07-2020 - Wednesday
യുനെസ്കോയിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ നിന്നും ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ചരിത്ര പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി സർക്കാർ മുന്നോട്ട്. നാളെ ജൂലൈ രണ്ടാം തീയതി തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ വിഷയം ചർച്ചയ്ക്കെടുക്കും. ഇതിനിടയിൽ വിവിധ സർക്കാർ ഇതര പ്രസ്ഥാനങ്ങളും ക്രൈസ്തവ ദേവാലയം, മുസ്ലിം പള്ളിയായി മാറ്റുന്നതിനെതിരെ തങ്ങളുടെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. തുർക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍, ഹാഗിയ സോഫിയ ദേവാലയം മോസ്ക്ക് ആക്കി മാറ്റുവാനുള്ള ശ്രമം ആരംഭിച്ചതു മുതൽ തങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്കോ അധികൃതർ വ്യക്തമാക്കി.
വിവിധ ചോദ്യങ്ങൾ ഉന്നയിച്ച് തുർക്കി സർക്കാരിന് ജൂൺ മാസം ആദ്യം കത്ത് അയച്ചിരുന്നുവെങ്കിലും, ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്ന് യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഫോർ കൾച്ചർ പദവി വഹിക്കുന്ന ഏണസ്റ്റോ ഒട്ടോണി റാമിറസ് പറഞ്ഞു. മറുപടി ലഭിക്കുന്നതുവരെ കത്തുകൾ അയക്കുന്നത് തങ്ങൾ തുടരും. സാംസ്കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടനെ തന്നെ വിഷയം ചർച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നൽകുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വിവരിച്ചു.
1930 മുതൽ മ്യൂസിയമായി പ്രവർത്തിക്കുന്ന ദേവാലയം മുസ്ലിം പള്ളി ആക്കാനുള്ള തുർക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് യുനെസ്കോയുടെ അംഗ രാജ്യങ്ങൾക്ക് ഗ്രീക്ക് സാംസ്കാരികമന്ത്രി ലിനാ മെൺഡോണി കഴിഞ്ഞ വ്യാഴാഴ്ച കത്തയച്ചിരുന്നു. ദേശീയതയും, മത വികാരവും ഉണർത്താനുള്ള ശ്രമമാണ് തുർക്കി പ്രസിഡന്റ് എര്‍ദോഗന്‍ നടത്തുന്നതെന്നും മെൺഡോണി ആരോപിച്ചു. യുനെസ്കോയുടെ അംഗീകാരം ഇല്ലാതെ ദേവാലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ അംബാസിഡർ സാം ബ്രൗൺബാക്ക്, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയ തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയ മറ്റ് പ്രമുഖർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകൾ സാംസ്കാരികവും, ആത്മീയവുമായ പ്രാധാന്യം നൽകുന്ന സ്മാരകമാണ് ഹാഗിയ സോഫിയയെന്നും ഒരു മ്യൂസിയമായി തന്നെ അതിനെ നിലനിർത്തണമെന്നും ബ്രൗൺബാക്ക് ആവശ്യപ്പെട്ടു. 1500 വർഷം പഴക്കമുള്ള ചരിത്ര സ്മാരകം ജനങ്ങളെ ഒരുമിപ്പിക്കേണ്ടതിനു പകരം ഇപ്പോൾ ഭിന്നിപ്പിക്കുകയാണെന്ന് പാത്രിയാർക്കീസ് ബർത്തലോമിയ പറഞ്ഞു. എന്നാൽ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധങ്ങൾ തങ്ങളുടെമേൽ വേണ്ട എന്ന നിലപാടാണ് തുർക്കി സ്വീകരിച്ചിരിക്കുന്നത്. കടുത്ത തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ള നേതാവാണ് ഇപ്പോഴത്തെ തുർക്കി പ്രസിഡന്റ് എർദോഗൻ.
ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ദേവാലയം നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രലായിരുന്നു ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. 1453-ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്താണ് ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. ഇതിനെ വീണ്ടും മോസ്ക്ക് ആക്കി മാറ്റാനുള്ള അവസാന ശ്രമത്തിലാണ് ടര്‍ക്കിഷ് ഭരണകൂടം.