News
എന്നെങ്കിലും അവര്‍ ക്രിസ്തുവെന്ന സത്യത്തെ തിരിച്ചറിയും, ബൊക്കോഹറാമിന്റെ മാനസാന്തരത്തിന് പ്രാര്‍ത്ഥിക്കണം; ഭര്‍ത്താവിനെ നഷ്ട്ടപ്പെട്ട നൈജീരിയന്‍ സ്ത്രീയുടെ അഭ്യര്‍ത്ഥന
പ്രവാചകശബ്ദം 23-01-2025 - Thursday
മുബി: നൈജീരിയയില്‍ ശക്തമായി വേരൂന്നിയിരിക്കുന്ന ബൊക്കോഹറാമിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഭര്‍ത്താവിനെ നഷ്ട്ടപ്പെട്ട നൈജീരിയന്‍ ക്രൈസ്തവ വനിത. വടക്കുകിഴക്കൻ നൈജീരിയയിലെ മുബിയിൽ നിന്നുള്ള അഫോർഡിയയാണ് താന്‍ നേരിടുന്ന വിവിധ സഹനങ്ങള്‍ക്കിടയിലും തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചുക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചതിന്റെ പേരില്‍ ഭർത്താവിനെ കൊന്നവർക്കുവേണ്ടി താന്‍ ക്ഷമിച്ച് പ്രാർത്ഥിച്ചുവെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ലായെന്നും അഫോർഡിയ പറയുന്നു.
“ദൈവം ചെയ്യുന്നത് സത്യമാണ്. ക്രൈസ്തവ വിശ്വാസമാണ് സത്യം. രക്ഷിക്കുന്നത് ക്രിസ്തു മാത്രമാണ്. എന്നെങ്കിലും അവർ എന്നെ കൊല്ലും, എന്നാല്‍ ഞാൻ ക്രിസ്തുവിനെ പിന്തുടരുന്നത് നിർത്തില്ല, കാരണം അവൻ ഈ ശരീരത്തിൻ്റെ രക്ഷകനും ഈ ജീവിതത്തിന്റെ രക്ഷകനുമാണ്." ഒരു ക്രിസ്ത്യാനിയാണെന്ന് തുറന്നു സാക്ഷ്യപ്പെടുത്തിയ ശേഷം തന്റെ മുന്നിൽ വെടിയേറ്റ ഭർത്താവിന്റെ ജീവിതമാണ് മുന്നിലുള്ളതെന്നും അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും യേശു ക്രിസ്തുവിലുള്ള വിശ്വാസം ഒരിക്കലും കൈവിടില്ലെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച റോമിൽ കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അഫോർഡിയയുടെ സാക്ഷ്യം.
അഫോർഡിയയുടെ ജീവിതക്കഥ
കമ്മ്യൂണിറ്റി ഹെൽത്ത് വർക്കറും കോഴി കർഷകയുമായിരിന്നു അഫോർഡിയ. ട്രയംഫ് ഓഫ് ഫെയ്ത്ത് പെന്തക്കോസ്ത് ചർച്ചിലെ പാസ്റ്ററായിരിന്നു ഭർത്താവ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് തീവ്രവാദ ഗ്രൂപ്പായി കണക്കാക്കിയിരിന്ന ഇസ്ളാമിക തീവ്രവാദ വിഭാഗമായ ബോക്കോ ഹറാം 2014 ഒക്‌ടോബർ 29-ന് നൈജീരിയയിലെ മുബിയിൽ ആക്രമണം നടത്തി. തോക്കുകളുടെയും ബോംബുകളുടെയും ശബ്‌ദത്താൽ പാതിരാത്രി സ്ഫോടനമുഖരിതമായി. അന്ന് ആക്രമണം ഉണ്ടായപ്പോള്‍ കാണാതായ തങ്ങളുടെ അഞ്ച് കുട്ടികളെ തിരയാൻ അവര്‍ പരക്കം പായുകയായിരിന്നു. ഇതിനിടെ തങ്ങളുടെ കാറില്‍ കയറി കുട്ടികളെ അന്വേഷിക്കുവാന്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും ഇതിന് വിലക്കിട്ട് തീവ്രവാദികള്‍ അവരുടെ മുന്നില്‍ എത്തിയിരിന്നു.
"അവർ ഞങ്ങളെ തടഞ്ഞു, ഞങ്ങളോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടര്‍ന്നു ഭര്‍ത്താവിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി: 'നിങ്ങൾ ഒരു മുസ്ലീമാണോ അതോ അവിശ്വാസിയാണോ?'. ഞാൻ അവിശ്വാസിയല്ല. ഞാൻ ഒരു ക്രിസ്ത്യാനിയാണ്.’ റോഡിൻ്റെ വലതുവശത്തേക്ക് തിരിയാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അത് അദ്ദേഹം ചെയ്തു. ഉടനെ അദ്ദേഹം പോയി മുട്ടുകുത്തി പ്രാർത്ഥിച്ചു. താന്‍ നോക്കി നിൽക്കെയാണ് തീവ്രവാദികൾ ഭർത്താവിന്റെ തലയിൽ അഞ്ച് തവണ വെടിയുതിർത്തത്".
ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം, തീവ്രവാദികള്‍ അഫോർഡിയയിലേക്ക് തിരിയുകയായിരിന്നു. അതേ ചോദ്യങ്ങൾ അവളോട് ചോദിക്കുകയും ചെയ്തു. “അവർ എന്നെ എങ്ങനെ കൊല്ലുമെന്ന് കാണാൻ ഞാൻ ഭയപ്പെട്ടു, ഞാൻ കണ്ണുകൾ അടച്ചു. ഞാൻ എന്റെ രണ്ട് കൈകളും ആകാശത്തേക്ക് ഉയർത്തി. ഞാൻ ഹൃദയത്തിൽ പ്രാർത്ഥിക്കുകയായിരുന്നു, ‘കർത്താവേ, ഇന്ന് എന്റെ ആത്മാവിനെ സ്വീകരിക്കേണമേ'. ആ സമയത്ത് മറുവശത്ത് നിന്ന്, ആരോ പറയുന്നതു കേട്ടു, "ഇത് നിർത്തൂ! ഈ സ്ത്രീയെ കൊല്ലാൻ നിന്നോട് ആരാണ് ആവശ്യപ്പെട്ടത്? അവളെ വെറുതെ വിടൂ.'' അതിശയകരമെന്നു പറയട്ടെ, ആക്രമണകാരികൾ അഫോർഡിയയെ അവളുടെ കാറുമായി വിട്ട് ഓടിക്കാൻ അനുവദിച്ചു. താമസിയാതെ അവൾ തൻ്റെ ഇളയ കുട്ടിയെ കണ്ടെത്തി. രണ്ടുപേരും കാർ ഉപേക്ഷിച്ച് മലകളിലേക്ക് രക്ഷപ്പെടുകയായിരിന്നു.
ഒടുവിൽ അവരെ തലസ്ഥാനത്തേക്ക് മാറ്റി. അവിടെ അഫോർഡിയ അവളുടെ മറ്റ് നാല് മുതിർന്ന കുട്ടികളുമായി വീണ്ടും ഒന്നിച്ചു. നഗരം സർക്കാർ മോചിപ്പിച്ചതിന് ശേഷം ഏകദേശം ഒരു മാസത്തിനുശേഷം അവൾ മുബിയിലേക്ക് മടങ്ങി. എന്നാൽ, മുബിയിലെ താമസക്കാരിൽ പലരും ആക്രമണത്തിന് ശേഷം തിരികെ വന്നിട്ടില്ലായിരിന്നു. “ഉറക്കമില്ലാത്ത രാത്രികൾ. ഞാൻ ഞാനായിരുന്നില്ല. ഞാൻ ഒരു ഭ്രാന്തിയെ പോലെ നടക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന് അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞില്ല. ” ഓപ്പൺ ഡോർസ് ഗ്രൂപ്പ് അഫോർഡിയയെ മാനസികാരോഗ്യ ചികിത്സയ്ക്ക് സഹായിച്ചു. ആക്രമണത്തെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ടതിനാൽ അവർ സാമ്പത്തിക സഹായവും നൽകി.
ഇന്ന് താന്‍ കടന്നുപോയ വലിയ സഹനങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുകയാണ് അഫോർഡിയ. ആഫ്രിക്കയില്‍ നിരവധി ക്രൂരമായ കാര്യങ്ങൾ സംഭവിക്കുന്നു. പീഡനങ്ങൾ കുറവുള്ള ക്രിസ്ത്യാനികൾ ആഫ്രിക്കയിലെ ക്രിസ്ത്യാനികൾക്കായി പ്രാർത്ഥിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ദൈവം അവരെ വിടുവിക്കട്ടെ, ദൈവം അവരെ കാണുകയും അവരെ രക്ഷിക്കുകയും ചെയ്യും. ജീവൻ നൽകുന്നത് ക്രിസ്തുവാണ്. ക്രിസ്തുവിൽ അല്ലാതെ മറ്റാരിലും രക്ഷയില്ലായെന്ന സത്യമാണ് തനിക്ക് ധൈര്യം പകരുന്നത്. മറ്റേതൊരു മതവും വിശ്വാസവും വരുന്നത് ദൈവം മനുഷ്യനുവേണ്ടി ആസൂത്രണം ചെയ്ത വലിയ പദ്ധതിയെ എതിർക്കാനാണെന്നും അഫോര്‍ഡിയ പറയുന്നു. ഇന്ന് അനേകര്‍ക്ക് മുന്നില്‍ ഈശോയേ പ്രഘോഷിക്കുകയാണ് ഈ നൈജീരിയന്‍ യുവതി.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
