News
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും ഫാത്തിമയിലെ മാതാവും: മെയ് 13 നമ്മെ ഓർമ്മപ്പെടുത്തുന്നത്
സ്വന്തം ലേഖകന്‍ 13-05-2017 - Saturday
1917-ല്‍ ലോകം യുദ്ധത്തില്‍ കൊടുംപിരികൊണ്ടിരിക്കുമ്പോളാണു പോര്‍ച്ചുഗലിലെ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. സമാധാനത്തിനായി ലോകമെമ്പാടുമുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം ഈ മൂന്നു കുട്ടികൾക്കു മാതാവില്‍ നിന്നും ലഭിക്കുകയുണ്ടായി. ജപമാല ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തുന്ന കോടിക്കണക്കിനാളുകളുടെ തീര്‍ത്ഥാടന സ്ഥലമായി പിന്നീട് ഇവിടം രൂപാന്തരപ്പെട്ടു. ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയാലാണു താന്‍ മരണത്തിന്റെ പടിവാതിലില്‍ നിന്നും രക്ഷപെട്ടതെന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിരുന്നു.
1981-ല്‍ ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ നടന്നുകൊണ്ടിരുന്ന അതെ ദിവസമാണു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കു വെടിയേറ്റത്. ഗുരുതര അവസ്ഥയിലായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. അപകടത്തില്‍ നിന്നും രക്ഷപെട്ട വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ തന്നെ വെടിവച്ചു വീഴ്ത്തിയ മുഹമ്മദ് അലിയോടു ക്ഷമിക്കുകയും ചെയ്തിരുന്നു.
(35 വർഷങ്ങൾക്ക് മുൻപ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്ക് വെടിയേറ്റ സംഭവത്തിന്റെ വീഡിയോ വിശദീകരണം)
അതിനുശേഷം ഫാത്തിമയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, മാതാവിന്റെ സന്നിധിയില്‍ തന്റെ ശരീരത്തു തുളഞ്ഞുകയറിയ വെടിയുണ്ടയും സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇതു മാതാവിന്റെ തിരുസ്വരൂപത്തിലൂള്ള കിരീടത്തില്‍ വച്ചു. 2000 മേയ് 13-നാണു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അവസാനമായി ഫാത്തിമയിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ ഫാത്തിമയിലെ മാതാവിന്റെ തിരുനാളില്‍ സംബന്ധിച്ചിരുന്നു.
വീണ്ടും വീണ്ടും പ്രാര്‍ത്ഥനയും രൂപാന്തരവും അനുതാപവും നടത്തണമെന്നു ഫാത്തിമയിലെ മാതാവ് നമ്മോടു ആവശ്യപ്പെടുകയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. മേയ് 13-നാണു ഫാത്തിമയിലെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ മധ്യസ്ഥതയില്‍ നാം പ്രാര്‍ത്ഥന നടത്തി രൂപാന്തരവും അനുതാപവും പ്രാപിക്കേണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിനെകുറിച്ച് ഒരു തിരിഞ്ഞു നോട്ടം
1917-ല്‍ ഒന്നാം ലോകമഹായുദ്ധക്കാലത്താണ് ഫാത്തിമായിലെ കുട്ടികള്‍ക്ക് കന്യകാമറിയത്തിന്റെ പ്രസിദ്ധമായ പ്രത്യക്ഷീകരണമുണ്ടായത്. പോര്‍ച്ചുഗലിലെ ലെയിരിയാ രൂപതയില്‍ പെട്ട ഈ കൊച്ചു ഗ്രാമത്തിലെ നിവാസികള്‍ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു. പാവപ്പെട്ട കര്‍ഷകരായ അവര്‍ പകല്‍ മുഴുവന്‍ തങ്ങളുടെ കൃഷിപ്പണിയും, മൃഗപരിപാലനവുമായി കഴിഞ്ഞു വന്നു. ആടുമേക്കലായിരുന്നു അവിടുത്തെ കുട്ടികളുടെ പ്രധാന തൊഴില്‍.
മാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്നു കുട്ടികളും ആഴമായ ഭക്തിപരമായ സാഹചര്യത്തില്‍ ജീവിച്ചുകൊണ്ടിരിന്നവരായിരുന്നു. ലൂസിയ ഡോസ് സാന്റോസും (10 വയസ്സ്) അവളുടെ സ്വന്തക്കാരായിരുന്ന ഫ്രാന്‍സിസ്‌കോയും, ജെസീന്തയുമായിരുന്നു ആ ഭാഗ്യപ്പെട്ട കുട്ടികള്‍. ലൂസിയയുടെ മേല്‍നോട്ടത്തില്‍ ആടുമേച്ചുകൊണ്ടിരിക്കെ ആ തുറന്നസ്ഥലത്ത് വെച്ച് പലപ്പോഴും അവര്‍ മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. 1916-ലെ വേനല്‍കാലത്ത് ഒരു മാലാഖ അവര്‍ക്ക് നിരവധി തവണ പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ത്രിത്വത്തോടു പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയാണെന്ന് അവരെ പഠിപ്പിക്കുകയും ചെയ്തു.
1917 മെയ് 13 ഞായറാഴ്ച ഉച്ചയോടടുത്തപ്പോള്‍ ഒരു ഒരു മിന്നല്‍പ്പിണര്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു, തുടര്‍ന്ന് കോവാ ഡാ ഇരിയയിലെ വൃക്ഷങ്ങള്‍ക്ക് മുകളിലായി ഒരു മനോഹരിയായ യുവതിയുടെ രൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു. കന്യകാമാതാവ് അവരോട് പാപികളുടെ മാനസാന്തരത്തിനും, ലോകമഹായുദ്ധത്തിന്റെ അവസാനത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. മാത്രമല്ല എല്ലാമാസവും 13നു അവിടെ വരുവാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
പിന്നീടുള്ള പ്രത്യക്ഷപ്പെടലുകള്‍ ജൂണ്‍ 13നും, ജൂലൈ 13നുമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13ന് പ്രാദേശിക അധികാരികള്‍ കുട്ടികളെ കോവാ ഡാ ഇരിയയില്‍ പോകുന്നതില്‍ നിന്നും വിലക്കി. എങ്കിലും അതേ മാസം 19ന് മാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. സെപ്റ്റംബര്‍ 13ന് കന്യകാമാതാവ് അവര്‍ക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് യുദ്ധത്തിന്റെ അവസാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവരോട് ആവശ്യപ്പെട്ടു. അവസാനമായി ഒക്ടോബര്‍ 13നാണ് പരിശുദ്ധ അമ്മ അവിടെ പ്രത്യക്ഷപ്പെട്ടത്. താന്‍ “ജപമാലയുടെ രാജ്ഞിയാണെന്ന്” അവര്‍ക്ക് വെളിപ്പെടുത്തികൊടുക്കുത്തു. ലോകം മുഴുവനും പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുവാനും പരിശുദ്ധ അമ്മ അവരോട് ആവശ്യപ്പെട്ടു.
അതേദിവസം തന്നെ ആകാശത്തൊരു പ്രത്യേക പ്രതിഭാസം കാണപ്പെടുകയും ചെയ്തു. ആകാശത്ത് നിന്നും എന്തോ പൊട്ടിച്ചിതറി ഭൂമിയിലേക്ക് പതിക്കുന്നതായി കാണപ്പെട്ടു. മെയ് 13ലെ ആദ്യത്തെ പ്രത്യക്ഷീകരണത്തില്‍ തന്നെ കുട്ടികള്‍ക്ക് ഇതിനേകുറിച്ചുള്ള മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്നതാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് 30,000ത്തോളം വരുന്ന വലിയൊരു ജനകൂട്ടം കുട്ടികള്‍ക്ക് ചുറ്റും നിന്ന് ഈ പ്രതിഭാസം കാണുകയും അത്ഭുതപ്പെടുകയും ചെയ്തു.
കോവാ ഡാ ഇരിയയില്‍ കുട്ടികള്‍ക്കുണ്ടായ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 1930 ഒക്ടോബര്‍ 30നാണ്. 1930-ല്‍ ലെയിരിയായിലെ മെത്രാന്‍, സഭവം നടന്ന സ്ഥലത്ത് നീണ്ട അന്വോഷണങ്ങള്‍ നടത്തുന്നതിനായി ‘ജപമാല രാജ്ഞിയുടെ’ വിശ്വാസകരെ നിയോഗിച്ചു. ഇക്കാലയളവില്‍ കുട്ടികളില്‍ ഇളയവര്‍ രണ്ടുപേരും മരണപ്പെട്ടിരുന്നു, ഫ്രാന്‍സിസ്കോ (പ്രത്യക്ഷപ്പെടല്‍ കണ്ടുവെങ്കിലും മാതാവിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ കഴിഞ്ഞില്ല).
1919 ഏപ്രില്‍ 4നും, അവന്റെ സഹോദരിയായിരുന്ന ജെസീന്ത 1920 ഫെബ്രുവരി 20നുമാണ് മരിച്ചത്. സിസ്റ്റര്‍ ലൂസിയ വളരെക്കാലം നീണ്ടു നിന്ന അസുഖത്തിന് ശേഷം 2005 ഫെബ്രുവരി 13ന് പോര്‍ച്ചുഗലിലെ കൊയിംബ്രായിലുള്ള അവളുടെ കര്‍മ്മലീത്ത മഠത്തില്‍ വെച്ചാണ് ഇഹലോകവാസം വെടിയുന്നത്.
ഫാത്തിമയില്‍ പരിശുദ്ധ അമ്മ നല്കിയ സന്ദേശം
ഫാത്തിമായിലെ പ്രത്യക്ഷപ്പെടലിന്റെ പൊതുവായ സന്ദേശം മാതാവിന്റെ ലൂര്‍ദ്ദിലെ പ്രത്യക്ഷപ്പെടലിന്റെ ഓര്‍മ്മിപ്പിക്കലാണ്. ദര്‍ശനം ലഭിച്ച കുട്ടികള്‍ വഴി പരിശുദ്ധ മറിയം പാപികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ജപമാല എത്തിക്കുവാനും, അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുവാനും അഭ്യര്‍ത്ഥിക്കുകയാണ്. ഒക്ടോബര്‍ 13ന് മാതാവ് പറഞ്ഞു: “ഞാന്‍ വന്നിരിക്കുന്നത് വിശ്വാസികളോട് അവരുടെ ജീവിത രീതി മാറ്റുവാന്‍ അഭ്യര്‍ത്ഥിക്കുവാനും, പാപങ്ങള്‍ വഴി നമ്മുടെ കര്‍ത്താവിനെ ദുഖിപ്പിക്കുന്നത് ഒഴിവാക്കുവാനും, ജപമാല ചൊല്ലുവാനും അഭ്യര്‍ത്ഥിക്കുവാനാണ്. എന്റെ ഓര്‍മ്മക്കായി ഇവിടെ ഒരു ദേവാലയം പണിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കി തെറ്റ് തിരുത്തുകയാണെങ്കില്‍ യുദ്ധം പെട്ടെന്ന്‍ തന്നെ അവസാനിക്കും”.
ഇടയബാലന്മാര്‍ക്ക്, പരിശുദ്ധ അമ്മ പല രഹസ്യങ്ങളും വെളിപ്പെടുത്തി, സമീപ ഭാവിയില്‍ തന്നെ മറ്റൊരു യുദ്ധത്തെക്കുറിച്ചുള്ള സൂചനയും, മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തോടുള്ള പ്രത്യേക ഭക്തിക്ക് വേണ്ടിയുള്ള അപേക്ഷയും ഈ രഹസ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കരുതപ്പെടുന്നു. അവസാനത്തെ രഹസ്യം ലൂസി, ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാക്ക് വെളിപ്പെടുത്തിയതായി കരുതപ്പെടുന്നു.
ലൂര്‍ദ്ദിലെ പോലെ തന്നെ ഫാത്തിമായിലെ പ്രത്യക്ഷപ്പെടലുകളും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുകയുണ്ടായി. 1917-മുതല്‍ ഇവിടേക്ക് ആരംഭിച്ച തീര്‍ത്ഥാടകരുടെ ഒഴുക്ക് വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു. പോര്‍ച്ചുഗീസ് കാര്‍ മാത്രമല്ല അമേരിക്കയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക് ഒഴുകുന്നു. 1931 മെയ് 13ന് മാതാവിന്റെ പ്രത്യക്ഷപ്പെടലുകള്‍ സഭാപരമായി അംഗീകരിച്ഛതിനെ തുടര്‍ന്നുണ്ടായ ദേശീയ തീര്‍ത്ഥാടനത്തില്‍ പത്തു ലക്ഷത്തോളം ആളുകള്‍ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.
പിയൂസ് പന്ത്രണ്ടാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയ പാപ്പാമാര്‍ അവിടുത്തെ ദേവാലയത്തിലേക്ക് പ്രത്യേക സന്ദര്‍ശനം തന്നെ നടത്തുകയുണ്ടായി. പാപ്പാമാരുടെ താല്‍പ്പര്യവും, പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് ബസലിക്ക പണിതതും ഫാത്തിമയിലേക്കുള്ള വേനല്‍ക്കാല തീര്‍ത്ഥാടനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലൂര്‍ദ്ദിലേതിന് സമാനമായ തിക്കും തിരക്കും ഇവിടെ ഒരു അസാധാരണമായ കാഴ്ചയല്ല. “പ്രാര്‍ത്ഥിക്കുക, അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുക, പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ ഹൃദയത്തെ ബഹുമാനിക്കുക” എന്ന പരിശുദ്ധ അമ്മ നല്കിയ സന്ദേശം, ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ വീണ്ടും വീണ്ടും മുഴങ്ങി കേള്‍ക്കുന്നു.