India - 2024

മന്ത്രി വി. അബ്ദുറഹ്മാൻ ക്രൈസ്‌തവ സമൂഹത്തോടു മാപ്പു പറയണം: രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം

പ്രവാചകശബ്ദം 23-11-2024 - Saturday

കൊടകര: മുനമ്പം സമരത്തോടനുബന്ധിച്ചു കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ച മന്ത്രി വി. അബ്ദുറഹ്മാൻ ക്രൈസ്‌തവ സമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നു തൃശൂർ, ഇരിങ്ങാലക്കുട, പാലക്കാട്, രാമനാഥപുരം രൂപതകളുടെ സംയുക്ത കൂരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊടകര സഹൃദയ കോളജിൽ ചേർന്ന നാലു രൂപതകളുടെ മെത്രാന്മാരും കുരിയാംഗങ്ങളുമടങ്ങുന്ന പ്രവിശ്യ സമ്മേളനത്തിലാണു മുനമ്പം തീരദേശവാസികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കിയത്.

മുനമ്പം വിഷയത്തില്‍ മന്ത്രി വി. അബ്ദുറഹ്മാൻ കേരളത്തിലെ മെത്രാന്മാരെയും വൈദികരെയും വർഗീയപ്രചാരകരായി ചിത്രീകരിച്ചതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിലെ ക്രൈസ്‌തവസഭയും സഭാനേതാക്കളും ഒരുകാലത്തും വർഗീയതയെ പ്രോൽസാഹിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മെത്രാന്മാരെയും വൈദികരെയും അ വഹേളിച്ച മന്ത്രി അബ്ദുറഹ് മാൻ ക്രൈസ്‌തവസമൂഹത്തോടു നിരുപാധികം മാപ്പുപറയണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മുനമ്പം പ്രദേശത്തെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള നിലവിളിക്കു ശാശ്വത പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൂരിയ സമ്മേളനം ആവശ്യപ്പെട്ടു. മുനമ്പത്തും മറ്റു പലസ്ഥലങ്ങളിലും നീതിരഹിതമായി സ്ഥലത്തിൻ്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വഖഫ് ബോർഡ് തുടങ്ങിവച്ചിട്ടുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നും, നീതിപൂർവകമായ പരിഹാരനടപടികൾ സർക്കാരുകളും ബന്ധപ്പെട്ടവരും സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും കോടതികൾക്കും അതീതമായ അധികാരം വഖഫ് ബോർഡിനു നല്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിലുണ്ടെങ്കിൽ അവ മുൻകാല പ്രാബല്യത്തോടെ നീതിപൂർവകമായി ഭേദഗതിചെയ്യണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.


Related Articles »