News - 2025
ബ്ലാക്ക് ലൈവ്സ് മാറ്റർ അപകടകാരിയായ സംഘടന: മുന്നറിയിപ്പുമായി ടെക്സാസ് ബിഷപ്പ്
പ്രവാചക ശബ്ദം 07-07-2020 - Tuesday
ടെക്സാസ്: ബ്ലാക്ക് ലൈവ്സ് മാറ്റർ സംഘടനയെ നിശിതമായി വിമർശിച്ച് ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാൻ ജോസഫ് സ്ട്രിക്ക്ലാൻഡ് രംഗത്ത്. മാതാവും, പിതാവും കുട്ടികളുമടങ്ങുന്ന കുടുംബ ഘടനയെ തകർക്കാൻ സംഘടന ശ്രമിക്കുന്നതാണ് ഇവരെ എതിർക്കാനുള്ള ഒരു പ്രധാന കാരണമായി ജോസഫ് സ്ട്രിക്ക്ലാൻഡ് ചൂണ്ടിക്കാണിക്കുന്നത്. സംഘടനയുടെ കത്തോലിക്ക വിരുദ്ധതയെ പറ്റി കൂടുതൽ ആഴത്തിൽ പഠിക്കണമെന്ന് അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. തിരുകുടുംബത്തിന്റെ മാതൃകയിലായിരിക്കണം ഓരോ ക്രൈസ്തവ കുടുംബങ്ങളും രൂപപ്പെടേണ്ടതെന്നാണ് കത്തോലിക്കാ തിരുസഭ പഠിപ്പിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച ബിഷപ്പ്, 'പിതാവ്' എന്ന വാക്ക് അവരുടെ ലക്ഷ്യപ്രഖ്യാപന പത്രികയിൽ ഇല്ലെന്ന് തുറന്നടിച്ചു.
പാശ്ചാത്യ രാജ്യങ്ങളിൽ കുടുംബത്തിന്റെ ഘടന തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ പലപ്പോഴായി മാർപാപ്പമാർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. എൽജിബിടി ചിന്താഗതിക്ക് ബ്ലാക്ക് ലൈവ്സ് മാറ്റർ നൽകുന്ന പിന്തുണ, സംഘടനയെ കത്തോലിക്കാ വിശ്വാസികൾ അകറ്റി നിർത്തേണ്ടതിന്റെ മറ്റൊരു പ്രധാന കാരണമായി ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു. 2013-ല്‍ അലീസിയ ഗാർസ, പട്രീസ് ഖാൻ കുള്ളേസ്, ഒപ്പാൽ ടോമേറ്റി എന്നീ മൂന്ന് കറുത്ത വർഗ്ഗക്കാരാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ സംഘടനയ്ക്കു തുടക്കം കുറിക്കുന്നത്. ഇതിൽ രണ്ടുപേർ സ്വവർഗ്ഗാനുരാഗികളാണ്. ഒരു ട്വിറ്റർ ഹാഷ്ടാഗിലൂടെ ആരംഭിച്ച സംഘടനയ്ക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യമുണ്ട്.
സംഘടനയുടെ പല പ്രവര്‍ത്തനങ്ങളും ദൈവ വിശ്വാസത്തെ എതിർക്കുക, പരമ്പരാഗത കുടുംബ ഘടനയെ എതിർക്കുക, കത്തോലിക്കാ വിശ്വാസത്തെ എതിർക്കുക തുടങ്ങിയവയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളും സംഘടനയിലെ അംഗങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിമർശകർ പറയുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തിനു പിന്നാലെയാണ് വ്യാപക ആക്രമണങ്ങളുമായി സംഘടന സജീവമായത്. കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെയും നിരവധി വിശുദ്ധ രൂപങ്ങള്‍ക്ക് നേരെയും സംഘടനയിലെ അംഗങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക