News
ക്രൈസ്തവരാണ് ഹാഗിയ സോഫിയയുടെ ഉടമസ്ഥര്‍, തീരുമാനം ഇസ്ലാമിന് വിരുദ്ധം: ഏര്‍ദോഗനെതിരെ ഇമാം തൌഹിദി
പ്രവാചക ശബ്ദം 17-07-2020 - Friday
മെല്‍ബണ്‍: ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ കത്തീഡ്രല്‍ ദേവാലയം മുസ്ലീം പള്ളിയാക്കി മാറ്റിയ നടപടി ഇസ്ളാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും തുര്‍ക്കി സഭയാണ് ഹാഗിയ സോഫിയയുടെ നിയമപരമായ ഉടമസ്ഥരെന്നും ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം ഗ്രന്ഥകാരനും സൌത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ പ്ലാറ്റ്ഫോമായ മീഡിയം.കോമില്‍ എഴുതിയ ലേഖനത്തിലാണ് തയിബ് ഏര്‍ദോഗനും ഭരണകൂടത്തിനുമെതിരെ വിമര്‍ശനവുമായി ഇമാം രംഗത്തെത്തിയിരിക്കുന്നത്. ഹാഗിയ സോഫിയ തുര്‍ക്കി സഭയുടെ ഭാഗമാണ്, ക്രൈസ്തവരുടേതാണ്, ഒപ്പം നൂറ്റാണ്ടുകളായി സൂക്ഷിച്ചവരുടേതാണ്. അതിനാല്‍ അവരുടെ അനുവാദമില്ലാതെ അവിടെ പ്രാര്‍ത്ഥിക്കുന്നത് ഇസ്ലാമിക നിയമമനുസരിച്ച് തെറ്റാണെന്നു ഇമാം തൌഹിദി ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ഇസ്ലാമില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിന് കര്‍ശനവും സങ്കീര്‍ണ്ണവുമായ നിയമങ്ങള്‍ ഉണ്ട്. ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റോ ഉന്നത കോടതിയോ വിചാരിച്ചാല്‍ ഒരു കെട്ടിടത്തെ മുസ്ലീം പള്ളിയാക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് ഇസ്ലാമിക നീതിയുടേയും, ശരിയത്ത് നിയമത്തിന്റേയും ലംഘനമായിരിക്കും. ‘ഒരുവന്‍ മറ്റൊരുത്തന്റെ ഭൂമി അന്യായമായി പിടിച്ചടക്കിയാല്‍ ഉയിര്‍പ്പുനാളില്‍ ആ ഭൂമി അവന്റെ കഴുത്തില്‍ ചുറ്റപ്പെടും’ എന്നാണ് മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്. സാഹില്‍, സുഹൈല്‍ എന്നിവരില്‍ നിന്നും വാങ്ങിയ ഭൂമിയിലാണ് പ്രവാചകന്‍ ഇസ്ലാമിന്റെ രണ്ടാമത്തെ പള്ളിയായ മദീനയിലെ പള്ളി നിര്‍മ്മിച്ചത്.
അന്യായമായി പിടിച്ചെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയിലോ, അന്യായമായി എടുത്ത മരംകൊണ്ടോ പണിത പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരം നടത്തുവാന്‍ പോലും അനുവാദമില്ല (ലോഫുള്‍ ആന്‍ഡ് അണ്‍ലോഫുള്‍, പേജ് 196) എന്നാണ് പ്രശസ്ത ഇസ്ലാമിക നീതിശാസ്ത്രജ്ഞനായ ഇമാം അബു ഹമെദ് അല്‍ ഗസാലി പറയുന്നത്. സംഭാവനകള്‍ വഴിയോ, നിയമപരമായ വാങ്ങലിലൂടെയോ ആയിരിക്കണം പള്ളി നിര്‍മ്മിക്കേണ്ടത്. നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കേണ്ടതല്ല മുസ്ലീം പള്ളി. ഹാഗിയ സോഫിയയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. പൊതുസ്ഥലമല്ലാത്ത ഒരിടത്ത് പ്രാര്‍ത്ഥിക്കണമെങ്കില്‍ മുസ്ലീങ്ങള്‍ക്ക് അനുവാദം ആവശ്യമാണ്.
പ്രാര്‍ത്ഥനക്ക് മുന്‍പായി ശരീരം ശുദ്ധിയാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം സ്വന്തം ഉറവിടത്തില്‍ നിന്നായിരിക്കണമെന്നോ, പൊതു ഉറവിടത്തില്‍ നിന്നായിരിക്കണമെന്നോ, അതിന്റെ നിയമപരമായ ഉടമസ്ഥന്റെ അനുവാദത്തോടെ ആയിരിക്കണമെന്നോ മുസ്ലീം നിയമത്തില്‍ പറയുന്നു. അല്ലാത്തപക്ഷം ആ പ്രാര്‍ത്ഥനകൊണ്ട് ഫലമുണ്ടാവില്ല. മറ്റൊരുവന്റെ സ്വത്തോ അവകാശമോ അന്യായമായി പിടിച്ചടക്കുന്നത് ഖുറാനും, പരമ്പരാഗത ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരാണെന്നാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഗ്രാന്‍ഡ് ആയത്തൊള്ള സിസ്റ്റാനിയും പറയുന്നതെന്നും ഇമാം തൌഹിദി ചൂണ്ടിക്കാട്ടി.
ആഗോളതലത്തില്‍ ശക്തിയാര്‍ജിച്ച ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിരവധി തവണ സ്വരമുയര്‍ത്തിയ മൊഹമ്മദ് തൌഹിദി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സമൂഹത്തിന് പലവട്ടം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാവാണ്. ക്രൈസ്തവ വിശ്വാസികളും ക്രൈസ്തവ നേതാക്കളും വരും നാളുകളില്‍ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍, തീവ്രവാദികളെ വെറുക്കുന്ന മുസ്ലീങ്ങളായ തങ്ങള്‍ക്ക് സഹായിക്കുവാന്‍ കഴിഞ്ഞെന്നു വരില്ലായെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു. ഇസ്ലാമിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ തുറന്ന അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന്‍ വലിയ തോതില്‍ വധഭീഷണി നേരിടുന്ന വ്യക്തി കൂടിയാണ് തൌഹിദി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക