News - 2024

കോവിഡ് 19: ആഗോള തലത്തില്‍ മരണമടഞ്ഞവരില്‍ ഒന്‍പത് കത്തോലിക്ക മെത്രാന്മാരും

പ്രവാചക ശബ്ദം 21-07-2020 - Tuesday

ആഗോളതലത്തിൽ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കുറഞ്ഞത് ഒന്‍പതു കത്തോലിക്ക മെത്രാന്മാരും ഉൾപ്പെടുന്നുവെന്ന് പ്രമുഖ കത്തോലിക്ക വാര്‍ത്ത പോര്‍ട്ടലായ കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. ബ്രസീലിയൻ ബിഷപ്പ് ഹെൻറിക്ക് സോവാരസ് ഡാ കോസ്റ്റയാണ് ഏറ്റവും ഒടുവിലായി മരണമടഞ്ഞത്. പാൽമേരസ് രൂപതയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം ജൂലൈ 19നാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. രണ്ടാഴ്ചയായി ബിഷപ്പ് ഹെൻറിക്ക് സോവാരസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് പിടിപെട്ട് മരണമടയുന്ന ബ്രസീലിലെ മൂന്നാമത്തെ മെത്രാനാണ് അദ്ദേഹം. ഏകദേശം അഞ്ച് ബ്രസീലിയൻ മെത്രാന്മാർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.

പാസോ ഫണ്ടോ അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് പെദ്രോ എർസീലിയോ സൈമൺ, പരാബേ അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് ആൾഡോ പഗോട്ടോ എന്നിവരാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മറ്റു രണ്ടു മെത്രാന്മാർ. ബൊളീവിയയിലെ എൽ ആൾട്ടോ രൂപതയുടെ മെത്രാനായിരുന്ന യൂജിനീയോ സ്കാർപെല്ലിനി ജൂലൈ 15നാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ഇറ്റാലിയൻ വംശജനാണ് അദ്ദേഹം. അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഒരു മെത്രാന്‍ വീതവും ആഫ്രിക്കയില്‍ രണ്ട് പേരും എന്നതാണ് മറ്റുള്ള രാജ്യങ്ങളിൽ മരണമടഞ്ഞ മെത്രാൻമാരുടെ എണ്ണം.

ഇതിനിടയിൽ കൊറോണ വൈറസിൽ നിന്നും വിമുക്തി നേടിയ രണ്ട് മെത്രാന്മാരും മരണപ്പെട്ടിട്ടുണ്ട്. ചൈനയിലെ നൻയാങ് രൂപതയുടെ മെത്രാനായിരുന്ന ജോസഫ് സൂ ബായുവാണ് ഇതിൽ ഒരാൾ. അദ്ദേഹത്തിന് 98 വയസ്സുണ്ടായിരുന്നു. രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ, വൈറസ് ബാധയെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ജോസഫ് സൂ ബായു അറിയപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന മോസസ് കോസ്റ്റ വൈറസ് ബാധയിൽ നിന്നും വിമുക്തി നേടി രണ്ടാഴ്ച പിന്നിട്ടപ്പോൾ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് മരിക്കുമ്പോൾ 69 വയസ്സായിരുന്നു പ്രായം. ജോൺ ഹോപ്കിൻസ് റിസോഴ്സ് സെന്ററിന്റെ കണക്കുകൾ പ്രകാരം ജൂലൈ ഇരുപതാം തീയതി വരെ ഒരുകോടി 45 ലക്ഷം പേർക്കാണ് കൊറോണവൈറസ് ബാധിച്ചിട്ടുള്ളത്. 606,922 പേർ കോവിഡ് 19 മൂലം മരണമടഞ്ഞിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »