News - 2025

ത്രീയേക ദൈവത്തിന് സ്തുതി: ഗോള്‍ഡന്‍ നേട്ടത്തില്‍ കുരിശ് വരച്ച് ജോക്കോവിച്ചിന്റെ സാക്ഷ്യം

പ്രവാചകശബ്ദം 05-08-2024 - Monday

പാരിസ്: ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നിസ് ഫൈനലിൽ സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ നൊവാക് ജോക്കോവിച്ച് കളിക്കളത്തില്‍ ആവര്‍ത്തിച്ച് പ്രഘോഷിച്ചത് തന്റെ ക്രൈസ്തവ വിശ്വാസം. ഇന്നലെ ആഗസ്റ്റ് 4 ഞായറാഴ്ച നടന്ന ഒളിംപിക്‌സ് പുരുഷ വിഭാഗം ടെന്നിസ് ഫൈനലിൽ സെര്‍ബിയന്‍ ഇതിഹാസ താരവും ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ അതികായനുമായി അറിയപ്പെടുന്ന നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിനെ തോല്‍പ്പിച്ചാണ് സുവര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.

ഇരു സെറ്റുകളിലും ടൈബ്രേക്കറില്‍ ജയിച്ചു കയറിയ ജോക്കോവിച്ച് അവസാനം വിജയം സ്വന്തമാക്കിയതിന് ശേഷം ത്രീയേക ദൈവത്തിന് നന്ദിയര്‍പ്പിക്കുകയായിരിന്നു. മത്സരത്തിൽ വിജയിച്ച നിമിഷം മുട്ടുകുത്തി കരഞ്ഞുക്കൊണ്ടാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും താരം നന്ദിയർപ്പിച്ചത്. മെഡൽ സ്വീകരിക്കാൻ ഒരുങ്ങിയപ്പോഴും ലോക സൂപ്പർ താരം ത്രീത്വ സ്തുതി അർപ്പിച്ചിരുന്നു.

ഒളിമ്പിക്സിലെ ക്രൈസ്തവ അവഹേളനത്തിന്റെ വിവാദങ്ങൾ തുടരുമ്പോൾ തന്നെ, ത്രീയേക ദൈവത്തെ മഹത്വപ്പെടുത്തിയ താരത്തിന്റെ ക്രൈസ്തവ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ഇത് കൂടാതെ താന്‍ ധരിച്ചിരിന്ന കുരിശ് രൂപം ടി ഷര്‍ട്ടിന് പുറത്തേക്ക് എടുത്ത് കാണിച്ചും താരം തന്റെ ക്രൈസ്തവ സാക്ഷ്യം പ്രകടിപ്പിച്ചു. തന്റെ ആഴമേറിയ ക്രൈസ്തവ വിശ്വാസം, താരം പ്രകടിപ്പിക്കുന്നത് ഇതാദ്യമായിട്ടല്ല.

ഒളിമ്പിക്സ് സെമിഫൈനലിൽ ഇറ്റാലിയന്‍ താരം ലോറെൻസോ മുസെറ്റിയെ പരാജയപ്പെടുത്തിയ ശേഷം, ജോക്കോവിച്ച് തൻ്റെ കുരിശ് രൂപമുള്ള മാലയില്‍ ചുംബിച്ചുകൊണ്ട് "എല്ലാം ശരിയാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു” എന്നു പറഞ്ഞിരിന്നു. രണ്ടാം റൗണ്ടിൽ നദാലിനെ തോൽപിച്ച ശേഷം തൻ്റെ കുരിശില്‍ ചുംബിക്കുകയും ആകാശത്തേക്ക് വിരല്‍ ഉയര്‍ത്തിചൂണ്ടിക്കാണിക്കുകയും ചെയ്തു.




Related Articles »